അമേരിക്കയുമായുള്ള സൈനികസഖ്യം രാജ്യതാല്പര്യങ്ങൾക്കെതിരാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഇരുരാജ്യങ്ങളിലെയും പ്രതിരോധ — വിദേശ മന്ത്രിമാരുടെ യോഗത്തിൽ തന്ത്രപ്രധാന വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച കരാറി (ബിഇസിഎ) ൽ ഒപ്പുവച്ചിരിക്കുകയാണ്. ഈ കരാറോടെ യുഎസുമായി സൈനിക സഖ്യത്തിനുള്ള അടിസ്ഥാനപരമായ എല്ലാ ധാരണകളും പൂർത്തിയായിരിക്കുന്നു. “മലബാർ സൈനികാഭ്യാസം” എന്ന പേരിൽ നാല് പങ്കാളികൾ ചേർന്നുള്ള സംയുക്ത നാവിക അഭ്യാസം നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതുണ്ടായിരിക്കുന്നത്.
ലഡാക്കിൽ യഥാർത്ഥ നിയന്ത്രണരേഖയിൽ അടുത്തിടെ ചൈനയുമായുണ്ടായ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടികൾ ന്യായീകരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഉടലെടുക്കുന്നതിന് മുമ്പുതന്നെ ഈ കരാറുകൾക്കായുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. തന്ത്രപരമായ കൈമാറ്റ കരാർ, ആശയവിനിമയ സുരക്ഷാ കരാർ, ചതുഷ്കോണസഖ്യത്തിന്റെ നവീകരണം എന്നിവയെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരുന്നുണ്ട്. കരാറുകളെല്ലാംതന്നെ ഇന്ത്യൻ സായുധസേനയെ യുഎസിന്റെ സൈന്യവും തന്ത്രപരമായ പദ്ധതികളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നത്.
ആശയവിനിമയങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നത് ഇന്ത്യൻ പ്രതിരോധ ഘടനയുടെ സമഗ്രതയെയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കും. ഈ കരാറുകൾ നമ്മെ യുഎസിന്റെ ആയുധങ്ങൾ, അവരുടെ സാങ്കേതികവിദ്യ എന്നിവയുടെ ആശ്രിതരാക്കുകയും സംവിധാനമാകെ യുഎസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യും. യുഎസുമായി ഉടലെടുക്കുന്ന സൈനികസഖ്യങ്ങൾ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തിനും തന്ത്രപരമായ സ്വയംഭരണത്തിനും ദൂരവ്യാപകപ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. ഇത് രാജ്യതാല്പര്യങ്ങൾക്ക് അനുസൃതവുമല്ല.
അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് ഏഷ്യയിലെ അമേരിക്കയുടെ പങ്കാളിയായിക്കൊണ്ട് ഭൗമ‑രാഷ്ട്രീയ തന്ത്രത്തിന് ഇന്ത്യ കീഴടങ്ങേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ ചൈനയുമായി ഉന്നതതല രാഷ്ട്രീയ, നയതന്ത്ര തല ചർച്ചകൾ തുടരണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
English summary; statement by sitaram yechury, d raja
You may also like this video;