Web Desk

ഹൈദരാബാദ്:

January 27, 2021, 8:36 pm

കൊറോണ വന്നത് എന്നില്‍നിന്ന്, ചൈനയില്‍ നിന്നല്ല; വിചിത്ര വാദങ്ങളുമായി മക്കളെ കൊലപ്പെടുത്തിയ കേസിലെ അമ്മ

Janayugom Online

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ വിചിത്ര വാദവുമായി അമ്മ. മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്ന് അമ്മ പദ്മ മൊഴി നല്‍കി.തുടര്‍ന്ന് സായിയുടെ ആത്മാവിനോട് ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പദ്മജ പറഞ്ഞു.

അറസ്റ്റിലായ പദ്മജ കോവിഡ് പരിശോധന നടത്താനും വിസമ്മതിച്ചു. ഞാന്‍ ശിവന്റെ ഭക്തയാണെന്ന് പറഞ്ഞ പദ്മജ, കൊറോണ വൈറസ് ജനിച്ചത് ശിവന്റെ ജടയില്‍ നിന്നാണെന്നും വിചിത്ര വാദം ഉയര്‍ത്തി. വാക്‌സിന്‍ ഇല്ലാതെ തന്നെ മാര്‍ച്ചില്‍ ഇത് അവസാനിക്കും.
അതുകൊണ്ട് വാക്‌സിന്റെ ആവശ്യം ഇല്ല.’ എന്നാണ് സാമ്പിള്‍ എടുക്കാന്‍ വന്ന ആരോഗ്യപ്രവര്‍ത്തകനോട് പദ്മജ പറഞ്ഞത്. ഒടുവിൽ ഭർത്താവ് പുരുഷോത്തം നായിഡുവും ഡോക്ടർമാരും ഏറെനേരം അഭ്യർത്ഥിച്ചതിന് ശേഷമാണ് അവർ പരിശോധനയ്ക്ക് തയ്യാറായത്.

കലിയുഗം അവസാനിച്ച്‌ സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു. മനോനില സാധാരണനിലയില്ലാത്തതിനാൽ ഇവരുടെ മൊഴികളൊന്നും പൊലീസ് കാര്യമായിട്ടെടുത്തിട്ടില്ല.കഴിഞ്ഞ ദിവസമാണ് പിജി വിദ്യാര്‍ത്ഥിയായ അലേഖ്യയെയും സംഗീത വിദ്യാര്‍ത്ഥിയായ സായി ദിവ്യയെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളായ പുരുഷോത്തം നായിഡുവും പദ്മജയുമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പറയുന്ന മൊഴി വിശ്വസിക്കാന്‍ കൂട്ടാക്കാതെ പൊലീസ് അന്വേഷണം തുടരുകയാണ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് വീട്ടിലെത്തുമ്പോള്‍ വാതിലില്‍ തടഞ്ഞ പദ്മജ, തിങ്കളാഴ്ച വരെ പുനര്‍ജനിക്കാന്‍ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. രക്തത്തില്‍ കുളിച്ച്‌ നഗ്‌നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം.‘ഇന്നൊരു ദിവസം അവര്‍ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളില്‍ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?’- എന്നാണു പദ്മജ ചോദിച്ചത്. പുജാമുറിയിലേക്കു നമസ്‌കരിക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്.

കണക്കില്‍ ബിരുദാനന്തര ബിരുദമുള്ള പദ്മജ, ഐഐടി കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്.
പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും തിരുപ്പതിയിലെ തിരുപ്പതി എസ് വിആർആർ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിലാണ് ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ദമ്പതിമാരിൽ പുരുഷോത്തം നായിഡു നിലവിൽ സാധാരണനിലയിൽ സംസാരിക്കുന്നുണ്ടെങ്കിലും പദ്മജ ഇപ്പോഴും പരസ്പരവിരുദ്ധമായാണ് പെരുമാറുന്നതെന്ന് പൊലീസ് പറഞ്ഞു.

രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ പുരുഷോത്തം നായിഡു സർക്കാർ കോളജിൽ വൈസ് പ്രിൻസിപ്പലാണ്. ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തിൽ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അതേസമയം, കൃത്യം നടത്താൻ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. മൂത്തമകളായ ആലേഖ്യയാണ് ഇളയമകളെ കൊലപ്പെടുത്തിയതെന്നും ആലേഖ്യ കൊല്ലാൻ യാചിച്ചിട്ടാണ് താൻ അവളെ കൊലപ്പെടുത്തിയതെന്നും പദ്മജ മൊഴിനൽകിയിരുന്നു.

ENGLISH SUMMARY: state­ment of anthra cou­ple killed daugh­ter about covid

YOU MAY ALSO LIKE THIS VIDEO