ഗാസ മുനമ്പ് ബലമായി പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജന്മനാട്ടിൽ ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ മൗലികാവകാശം ലംഘിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വളരെക്കാലമായി കാത്തിരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അട്ടിമറിക്കുകയും സാമ്രാജ്യത്വ താല്പര്യങ്ങൾക്കായി ഗാസയിലെ പ്രകൃതിവാതക, എണ്ണ ശേഖരം ചൂഷണം ചെയ്യുന്നതിന് സൗകര്യമൊരുക്കുകയുമെന്ന ഉദ്ദേശ്യത്തെയാണ് ട്രംപിന്റെ ധിക്കാരപരമായ നിലപാട് തുറന്നുകാട്ടുന്നതെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പലസ്തീൻ ജനത ദശകങ്ങളായി ക്രൂരമായ അധിനിവേശം, കുടിയിറക്കം, യുദ്ധം എന്നിവ അനുഭവിക്കുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേലി ആക്രമണത്തിനെതിരെ അചഞ്ചലമായ ചെറുത്തുനില്പ് നടത്തുകയും ചെയ്യുന്നു. പലസ്തീൻ പരമാധികാരത്തെ ദുർബലപ്പെടുത്തുകയും ഇസ്രയേലി അധിനിവേശം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക, കോർപറേറ്റ് ലാഭക്കൊതിക്ക് നേട്ടമുണ്ടാക്കുന്നതിന് മേഖലയിലെ വിഭവങ്ങൾ കൊള്ളയടിക്കുക എന്നിവയാണ് തന്റെ അജണ്ടയെന്നാണ് ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത പരാമർശങ്ങൾ വ്യക്തമാക്കുന്നത്.
സ്വയം നിർണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തിന് സിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ട്രംപിന്റെ യുദ്ധക്കൊതി നിറഞ്ഞ വാചാടോപത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും പലസ്തീനുള്ള ദീർഘകാല പിന്തുണ ഉയർത്തിപ്പിടിക്കാനും ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.