സൈഫുദ്ദീന്‍ സോസിന്റെ സ്വതന്ത്ര കശ്മീര്‍ പ്രസ്താവന വിവാദത്തില്‍

Web Desk
Posted on June 22, 2018, 10:34 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ദീന്‍ സോസ് നടത്തിയ സ്വതന്ത്ര കശ്മീര്‍ പ്രസ്താവന വിവാദത്തില്‍. പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന ബിജെപി ഇതിലൂടെ കോണ്‍ഗ്രസിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് വെളിപ്പെട്ടതെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വം മാപ്പു പറയണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ സോസിന്റെ നിലപാട് തള്ളിയ കോണ്‍ഗ്രസ് നേതൃത്വം സ്വതന്ത്ര കശ്മീര്‍ എന്ന നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന വിശദീകരണവുമായി രംഗത്തെത്തി.
പാകിസ്ഥാനിലോ ഇന്ത്യയിലോ നില്‍ക്കാന്‍ അഗ്രഹിക്കുന്നില്ലെന്നും ഒരു ഹിതപരിശോധന വന്നാല്‍ കശ്മീര്‍ ജനത സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നുമാണ് സോസ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് പ്രസിഡന്റ് ആയിരുന്ന പര്‍വേസ് മുഷറഫ് പത്ത് വര്‍ഷം മുമ്പ് നടത്തിയ പ്രസ്താവന ഇന്നും സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് പാര്‍ട്ടികളുമായി കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നതിന് മുമ്പ് ഹുറിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തണമെന്നും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സോസിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു. തന്റെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കേന്ദ്രസഹായം തേടിയയാളാണ് സോസെന്നും അദ്ദേഹം ആരോപിച്ചു. സോസിന്റെ പ്രസ്താവന അപമാനമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കോണ്‍ഗ്രസിനുള്ളിലെ പാകിസ്ഥാന്‍ ഘടകമാണ് ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് ബിജെപി വക്താവ് സംപിത് പത്രയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്വതന്ത്ര കശ്മീര്‍ എന്നത് തങ്ങളുടെ നിലപാടല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. അനാവശ്യ വിവാദങ്ങളുണ്ടാക്കി ബിജെപി ജനങ്ങളെ വഴി തെറ്റിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു.