September 26, 2022 Monday

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാനങ്ങൾക്ക് വിഹിതമില്ല

Janayugom Webdesk
ന്യൂഡൽഹി:
May 11, 2020 10:11 pm

രാജ്യവും ലോകവും കോവിഡ് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ ബുദ്ധിജീവികളെയും വനിതകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകരെയും ജയിലിൽ അടയ്ക്കുന്ന സർക്കാർ സമീപനത്തിൽ ഉൽക്കണ്ഠയും പ്രതിഷേധവും അറിയിച്ചുകൊണ്ട് എട്ട് പ്രതിപക്ഷപാർട്ടി നേതാക്കൾ രാഷ്ട്രപതിക്ക് കത്തയച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദീപാങ്കർ ഭട്ടാചാര്യ (സിപിഐ(എംഎൽ), ദേബബ്രത ബിശ്വാസ് (എഐഎഫ്ബി), മനോജ് ഭട്ടാചാര്യ (ആർഎസ്‌പി), ശരത് യാദവ് (എൽജെഡി), മനോജ് ഝാ (ആർജെഡി), തിരുമാവളവൻ (വിസികെ) എന്നിവരാണ് കത്തിൽ ഒപ്പു വച്ചിരിക്കുന്നത്. ജനങ്ങൾ സ്വന്തം ക്ഷേമത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ചും ഭയവും അനിശ്ചിതത്വവും അനുഭവിക്കുന്ന ഘട്ടമാണിത്.

മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏകമനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം കേന്ദ്ര സർക്കാരിന്റെ മുൻഗണന. എന്നാൽ ഇക്കാര്യത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന് കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ പ്രതിഫലിക്കുന്നുണ്ട്. അവരിൽ പലർക്കും പട്ടിണി, വീടുകളിലെത്താൻ കിലോമീറ്ററുകൾ ദൂരം പലായനം എന്നിവ മൂലം ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ജയിലുകളിൽ കോവിഡ് 19 പടരുന്നത് തടയാൻ ലോകത്തെ പല രാജ്യങ്ങളും തടവുകാരെ മോചിപ്പിക്കുകയാണ്. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഇന്ത്യയിലും തടവുകാരെ ജാമ്യത്തിലോ പരോളിലോ മോചിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുംബൈയിലെ ആർതർ റോഡ് ജയിലിലെ സ്ഥിതി അതീവ ഗുരുതരമാണ്.

ഡോ. ജി എൻ സായിബാബയെയും മറ്റുള്ളവരെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ശാരീരിക വൈകല്യവുമുണ്ടായിട്ടും വിദഗ്ധ ചികിത്സ തേടാൻ പോലും അനുവദിക്കുന്നില്ല. തികച്ചും സമാധാനപരമായിരുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് സ്ത്രീകളുൾപ്പെടെയുള്ള പ്രമുഖ സാമൂഹ്യ പ്രവർത്തകരെ ഡൽഹിയിലുണ്ടായ വർഗീയ കലാപവുമായി ബന്ധിപ്പിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയാണ്.

നിരവധി വിദ്യാർത്ഥികളെ ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തുകയും ചെയ്യുന്നു. ജെഎൻയുവിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസിന്റെ ഒത്താശയോടെ നടന്നതെന്ന് വ്യക്തമായ വടക്കു കിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിന്റെ പേരിലും മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്യുന്നു. ഇത് ആ വിഭാഗത്തിനിടയിൽ അരക്ഷിത മനോഭാവം സൃഷ്ടിച്ചിരിക്കുകയാണ്. ഭീമ കൊറേഗാവിന്റെ പേരിൽ ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവലഖെ എന്നിവരുടെ അറസ്റ്റും കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ നീട്ടിക്കൊണ്ടുപോകുന്നതും ഞെട്ടിക്കുന്നതും പ്രതിഷേധാർഹവുമാണ്. അനാരോഗ്യം പരിഗണിക്കാതെ കർശന വ്യവസ്ഥകളോടെ ലാലു പ്രസാദ് യാദവിന്റെ തടങ്കൽ തുടരുന്ന സർക്കാരിന്റെ പ്രതികാരപരമായ സമീപനം അപലപനീയമാണ്.

കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി രാജ്യവും ജനങ്ങളും ഐക്യപ്പെടേണ്ട ഒരു സമയത്ത് പ്രതിഷേധക്കാർക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ പ്രതികാര രാഷ്ട്രീയം പിന്തുടരുന്ന നിലപാട് തിരുത്തിക്കാനും പ്രതിപക്ഷ നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയും വിട്ടയക്കാനും രാഷ്ട്രപതി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ENGLISH SUMMARY: States have no role to play in cen­tral projects

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.