സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി

April 25, 2021, 10:21 pm

മെയ് ഒന്നിന് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിനില്ല

Janayugom Online

മെയ് ഒന്നിന് ആരംഭിക്കേണ്ട മൂന്നാം ഘട്ട വാക്സിനേഷന്‍ യജ്ഞം അനിശ്ചിതത്വത്തില്‍. കേന്ദ്രം ആവശ്യപ്പെട്ടത് നല്കേണ്ടതിനാൽ മെയ് 15ന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. രാജസ്ഥാന്‍ ഉൾപ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളോടാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും മെയ് ഒന്ന് മുതല്‍ വാക്സിന്‍ നല്‍കാനാണ് നിര്‍ദ്ദേശം. ഇപ്പോള്‍ തന്നെ വാക്സിന്‍ ക്ഷാമം നേരിടുമ്പോള്‍ ഒന്നുമുതല്‍ എങ്ങനെ വാക്സിന്‍ യജ്ഞം ആരംഭിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍. അതിനിടെ വാക്സിന്റെ കാര്യത്തിൽ വിവേചനത്തിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനങ്ങൾ വാങ്ങണമെന്ന് നിർദ്ദേശിച്ചിരിക്കേ വാക്സിൻ കേന്ദ്രം വാങ്ങിക്കൂട്ടുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. കേന്ദ്രം ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഉണ്ടെന്നും അത് നല്‍കിയ ശേഷമേ വാക്സിന്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറുപടിയെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. വാക്സിന്‍ ഡ്രൈവ് അനിശ്ചിതത്വത്തിലെന്ന് ഛത്തീസ്ഗഡ്, പഞ്ചാബ്, ഝാർഖണ്ഡ് സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്. വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ എങ്ങനെയാണ് കുത്തിവയ്പ്പ് നല്‍കുക എന്ന് ഛത്തീസ്ഗഢ് മന്ത്രി ടി എസ് സിങ്ദേവ് ചോദിച്ചു. കേന്ദ്രത്തിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ വാക്സിന്‍ യജ്ഞം എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് പഞ്ചാബ് മന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു ചോദിച്ചു.

വാക്സിന്‍ വിപണിയില്‍ നിന്ന് വാങ്ങണം

വാക്സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് വാക്സിന്‍ വാങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്ന കോവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. കോവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപയ്ക്കും പൊതുവിപണിയില്‍ 1200 രൂപയ്ക്കുമാണ് ലഭിക്കുക.

ENGLISH SUMMARY:States have no vac­cine to give on May 1st
You may also like this video