രാജ്യം ഉണർന്നെഴുന്നേറ്റിരിക്കുകയാണ്. ഒന്നാം മോഡി സർക്കാർ മുതലിങ്ങോട്ട് വായടപ്പിച്ചിരിക്കുകയായിരുന്നു. തുറന്നു പറയുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി തുറുങ്കിലടച്ചു. പലരെയും കൊന്നൊടുക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കവികളുടെയും സാഹിത്യകാരന്മാരുടെയും എഴുത്തു നിർത്തിച്ചു. വ്യാജ ഏറ്റുമുട്ടൽ, കൊലപാതകം, മര്‍ദ്ദനം, നാടുകടത്തൽ, ആൾക്കൂട്ട ആക്രമണം… സംഘപരിവാർ രീതികൾ രാജ്യത്തെമ്പാടും വ്യാപകമാക്കിയത് ഒന്നാം മോഡി സർക്കാരിന്റെയും ആർഎസ്എസിന്റെയും ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ പടിയായിരുന്നു. രണ്ടാം മോഡി സർക്കാരിലേക്ക് ആർഎസ്എസ് എത്തിയതോടെ ലക്ഷ്യം അടുപ്പിക്കാനുള്ള വ്യഗ്രത കാട്ടുകയാണ്. ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാറിന്റെ കൃത്യമായ അജണ്ടയാണത്. അതിലേക്കുള്ള പാലമാണ് ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഇപ്പോൾ ദേശീയ ജനസംഖ്യാ രജിസ്റ്ററും.
ഹിന്ദു രാഷ്ട്രത്തിലേക്കുള്ള തിടുക്കം പക്ഷെ രണ്ടാം മോഡി സർക്കാരിന്റെയും ആർഎസ്എസിന്റെയും നാശത്തിലേക്കുള്ളതാണെന്നതാണ് ഇന്നത്തെ പ്രതിഷേധങ്ങൾ നൽകുന്ന സൂചന. ജനകീയ പ്രതിഷേധങ്ങൾക്കൊപ്പം 12 സംസ്ഥാനങ്ങളുടെ എതിർപ്പുകൂടി പ്രകടമായതോടെ മോഡീഭരണകൂടം അക്ഷരാര്‍ത്ഥത്തിൽ ഭയന്നിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഗോവയും എൻഡിഎ ഭരിക്കുന്ന ബിഹാറും പ്രതിഷേധനിരയിലുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. ഗോവ എൻഡിഎയെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കുന്ന എതിർപ്പാണ് ഗോവയിൽ നിന്നുള്ളത്. ഗോവയില്‍ എൻആർസി നടപ്പിലാക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയിരിക്കുന്നത്. ഇത് ബിജെപിയെ ഏറെ വെട്ടിലാക്കിയിരിക്കുകയാണ്. ബിഹാർ ബിജെപിക്ക് കിട്ടിയ കനത്ത പ്രഹരമാണ് സഖ്യമായി ഭരിക്കുന്ന ബിഹാറിൽ നിന്നുണ്ടായത്. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാണ് കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന നിലപാട് പ്രഖ്യാപിച്ചത്.
എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ലോക്‌സഭയിൽ ഏറ്റവും അംഗസംഖ്യയുള്ള കക്ഷി എന്ന നിലയിൽ ജെഡിയുവിന്റെ നിലപാട് മുന്നണിയിൽ മറ്റു സഖ്യകക്ഷികൾക്കും വിചിന്തനത്തിനും പ്രേരണയായി. എൻഡിഎയിൽ നിന്ന് പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തു മുന്നോട്ടുവന്ന ആദ്യ സഖ്യകക്ഷി കൂടിയാണ് ജെഡിയു. ആന്ധ്രാപ്രദേശ് ബിജെപിയുമായി അടുത്തുനിൽക്കുന്ന ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് സർക്കാർ ശക്തമായ നിലപാടിലാണ്. സംസ്ഥാനത്ത് എൻആർസി നടപ്പിലാക്കില്ലെന്നും തങ്ങളുടെ സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി വ്യക്തമാക്കിക്കഴിഞ്ഞു. പ്രാദേശികമായിപ്പോലും ബിജെപിക്ക് കനത്ത തിരിച്ചടി കൊടുത്ത തീരുമാനമാണ് ആന്ധ്രാസർക്കാരിന്റേത്. മഹാരാഷ്ട്ര എൻഡിഎയിലെ പ്രധാന കക്ഷികളിലൊന്നായിരുന്നു ശിവസേന. മഹാരാഷ്ട്രയിലെ അധികാര രാഷ്ട്രീയ തർക്കങ്ങൾക്കൊടുവിൽ എൻഡിഎ വിട്ടു. എങ്കിലും ശിവസേന ദേശീയ രാഷ്ട്രീയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ബിജെപിക്കു നിർണായകമാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശിവസേന വീണ്ടും ബിജെപിയുമായി കൈകോർക്കുമോ എന്ന ചർച്ചകൾ പലയിടത്തും നടക്കുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ ശിവസേന നിലപാട് കടുപ്പിച്ചത്. എൻആർസിയും പൗരത്വ ഭേദഗതി നിയമവും മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട തടങ്കൽ കേന്ദ്രങ്ങൾ പോലും മഹാരാഷ്ട്രയിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിക്കഴിഞ്ഞു. ഒഡിഷ പൗരത്വ ഭേദഗതി നിയമത്തെ പാർലമെന്റിൽ പിന്തുണച്ച ബിജെഡി തങ്ങൾ ഭരിക്കുന്ന ഒഡിഷയിൽ എൻആർസിക്കെതിരെ നിർണായ തീരുമാനമെടുത്തു. മുഖ്യമന്ത്രി നവീൻ പട്നായിക് നിലപാട് പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ ആശങ്കയിലായി. 11 അംഗങ്ങളാണ് പാർലമെന്റിൽ ബിജെഡിക്കുള്ളത്.
ഡൽഹി പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ എതിർത്ത ആംആദ്മി പാർട്ടി, തങ്ങൾ ഭരിക്കുന്ന ഡൽഹിയിൽ എൻആർസി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധം കൊടുമ്പിരികൊള്ളുന്ന രാജ്യതലസ്ഥാനത്തെ സംസ്ഥാന ഭരണകൂടം എടുക്കുന്ന നിലപാട് കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ആദ്യം എൻആർസി നടപ്പിലാക്കില്ലെന്ന നിലപാടെടുത്തത് കേരളമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ശക്തമായ നിലപാടാണ് കേരളം സ്വീകരിച്ചത്. നിയമം വർഗീയാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയാണെന്ന കേരളീയരുടെ വികാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുപറഞ്ഞത്. ഒപ്പം പ്രതിപക്ഷത്തെയും അണിനിരത്തി പ്രതിഷേധ ഐക്യനിര കെട്ടിപ്പടുക്കാനും കേരളത്തിനായി. ബംഗാൾ എൻആർസിയുടെ ആദ്യ ഘട്ടം മുതൽ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാൾ. മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജിയുടെ നിലപാടും ശക്തമാണ്. താൻ ഇവിടെയുള്ളിടത്തോളം കാലം ബംഗാളിൽ എൻആർസിയും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് മമതയുടെ മുന്നറിയിപ്പ്. പഞ്ചാബ് എൻആർസി നടപ്പിലാക്കില്ലെന്ന് ഏറ്റവുമാദ്യം നിലപാടെടുത്ത കോൺഗ്രസ് മുഖ്യമന്ത്രിയാണ് പഞ്ചാബിലെ അമരീന്ദർ സിങ്. പൗരത്വ ഭേദഗതി ബിൽ പഞ്ചാബ് നിയമസഭയിൽ പാസാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ കാഴ്ചപ്പാടിനും മതേതരത്വത്തിനും എതിരാണ് നിയമങ്ങളെന്ന നിലപാടാണ് പഞ്ചാബ് സംസ്ഥാനത്തിനുള്ളത്. രാജസ്ഥാൻ ഏറ്റവുമൊടുവിൽ എൻആർസിക്കെതിരെ നിലപാടെടുത്ത സംസ്ഥാനമാണ് രാജസ്ഥാൻ. കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടാണ് ഇവിടെ മുഖ്യമന്ത്രി. രാജസ്ഥാനിൽ പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കും എതിരെ നടക്കുന്ന പ്രതിഷേധ മാർച്ചുകളുടെ ദൃശ്യങ്ങൾ ഗെഹ്‌ലോട്ട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നേരത്തേ പുറത്തുവിട്ടിരുന്നു. മധ്യപ്രദേശ് കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ എൻആർസി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണിതെന്ന നിലപാടാണ് മുഖ്യമന്ത്രി കമൽ നാഥ് സ്വീകരിച്ചിരിക്കുന്നത്. പ്രാദേശിക വികാരവും കേന്ദ്ര തീരുമാനങ്ങൾക്കെതിരാണ്. ഛത്തീസ്ഗഢ് ഛത്തീസ്ഗഢ് സംസ്ഥാനം തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചുകഴിഞ്ഞു. അമരീന്ദർ സിങ്ങിനു ശേഷം എൻആർസിയിൽ നിലപാടെടുത്ത കോൺഗ്രസ് മുഖ്യമന്ത്രികൂടിയാണ് ഛത്തീസ്ഗഢിലെ ഭൂപേഷ് ഭാഗേൽ. ഭൂപേഷും അതിനു പിന്നാലെ ഛത്തീസ്ഗഢിലെ ഓരോ മന്ത്രിമാരും എൻആർസി നടപ്പിലാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞ് രംഗത്തുവന്നത് സംസ്ഥാനത്തിന്റെ കെട്ടുറപ്പിന്റെ പ്രതീകമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.