സ്ഥിതിവിവര കണക്കുകളുടെ തമസ്കരണം: ഉയരുന്നത് വിവേകത്തിന്റെ ശബ്ദം

Web Desk
Posted on November 21, 2019, 10:24 pm

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധരടക്കം ഇരുനൂറില്‍പരം പണ്ഡിതര്‍ ഇന്ത്യയുടെ ദേശീയ സാമ്പിള്‍ സര്‍വെ സംഘടന (എന്‍എസ്എസ്ഒ) അംഗീകരിച്ച പഠന റിപ്പോര്‍ട്ടുകളും വസ്തുതകളും പുറത്തുവിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 2017–18 ലെ ഉപഭോക്തൃ ചെലവുകള്‍ സംബന്ധിച്ച സര്‍വെ റിപ്പോര്‍ട്ട് ‘വസ്തുതകളുടെ മേന്മ’യുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ മോഡി സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നാണ് ഇത്. എന്‍എസ്എസ്ഒയുടെ സര്‍വെ റിപ്പോര്‍ട്ടുകള്‍ യഥാസമയം പ്രസിദ്ധീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുന്നത് മോഡി ഭരണ കാലയളവില്‍ ഇത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷത്തെ ആനുകാലിക തൊഴില്‍ ശക്തി സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണവും മോഡി സര്‍ക്കാര്‍ സമാനരീതിയില്‍ തടഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് ആ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ രണ്ടംഗങ്ങള്‍ രാജിവയ്ക്കുകയുണ്ടായി. സമാന രീതിയില്‍ 75-ാമത് ഉപഭോക്തൃ ചെലവു സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ട്, 76-ാമത് കുടിവെള്ളം, ശുചിത്വനിലവാരം, ആരോഗ്യ പരിപാലനാവസ്ഥ, പാര്‍പ്പിട സൗകര്യം എന്നിവയെപ്പറ്റിയുള്ള സര്‍വെ റിപ്പോര്‍ട്ട്, ത്രൈമാസ സമകാലീന തൊഴില്‍ ശക്തി സര്‍വെ റിപ്പോര്‍ട്ട് എന്നിവ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സംബന്ധിക്കുന്ന അതിപ്രധാന വസ്തുത‍കളാണ് ഇത്തരത്തില്‍ തമസ്കരിക്കപ്പെടുന്നത്. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു സമാഹരിക്കുന്ന ഈ സ്ഥിതിവിവര കണക്കുകള്‍ തടയുന്നത് പൗരാവകാശ ലംഘനമാണ്. അത് ഭരണ നിര്‍വഹണത്തില്‍ അനിവാര്യമായ സുതാര്യത പൊതുജനങ്ങള്‍ക്ക് നിഷേധിക്കുന്ന നടപടിയാണ്. അത്തരം വസ്തുതകളില്‍ പാകപ്പിഴകളോ തെറ്റോ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിനും അവ ഖണ്ഡിക്കുന്നതിനുമുള്ള അവകാശം ഭരണകൂടത്തിനുണ്ട്.

എന്‍എസ്എസ്ഒ സര്‍വെയടക്കം വിവിധ ഏജന്‍സികളുടെ സര്‍വെയിലൂടെ വ്യക്തമാകുന്ന വസ്തുതകളും ഭരണകൂടത്തിന്റെ ദേശീയതലത്തിലുള്ള കണക്കുകളിലും പൊരുത്തമില്ലായ്മ സ്വാഭാവികമാണ്. എന്നാല്‍ ദാരിദ്ര്യം, സാമ്പത്തിക അസന്തുലിതാവസ്ഥ എന്നിവ നിരീക്ഷിക്കുന്നതിനും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ ആ­രായുന്നതിലും അത്തരം സര്‍വെകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളത്. സര്‍വെ റിപ്പോര്‍ട്ടുകള്‍ ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് ശ­ഠിക്കുന്നത് യാഥാര്‍ഥ്യങ്ങ­ള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്നതിന് തുല്യമാണ്. എന്‍‍എസ്എസ്ഒയുടേതടക്കം സര്‍വെ റിപ്പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കുന്നത് ഭരണകൂട പരാജയങ്ങള്‍ മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോ­ടെയാണ്. മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം, ചരക്ക് സേവന നികുതി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലുതകര്‍ത്ത നടപടികളാണെന്ന് എന്‍എസ്എസ്ഒയടക്കം സര്‍ക്കാരിന്റെ സ്വതന്ത്ര ഏജന്‍സികളുടെ മാത്രം കണ്ടെത്തലല്ല. രാജ്യത്തെയും ലോകത്തെതന്നെയും പ്രമുഖങ്ങളായ സാമ്പത്തിക ഏജന്‍സികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയും അത് തൊഴിലില്ലായ്മയും ദാരിദ്ര്യവുമടക്കം ജനജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ട്.

മോഡിസര്‍ക്കാരാവട്ടെ അവയെല്ലാം നിരന്തരം നിഷേധിക്കുകയാണ്. ആ നിഷേധത്തിന്റെ ഭാഗമായാണ് എന്‍എസ്എസ്ഒ അടക്കം ഏജന്‍സികളുടെ സര്‍വെ റിപ്പോര്‍ട്ടുകള്‍‍ തട‍‍ഞ്ഞുവയ്ക്കാനും തമസ്കരിക്കാനും നടക്കുന്ന ശ്രമങ്ങള്‍. സമ്പദ്ഘടനയുടെ പ്രശ്നങ്ങള്‍ കണ്ടെത്താനും അവ ജനജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉതകുന്ന ഭരണകൂട നടപടികള്‍ ആവിഷ്കരിക്കാനും സര്‍വെ റിപ്പോര്‍ട്ടുകള്‍‍ പരസ്യപ്പെടുത്തിയേ മതിയാവു. അതിന് സ്ഥിതിവിവരക്കണക്കുകള്‍ ശാസ്ത്രീയമായി ശേഖരിക്കുന്ന ഏജന്‍സികളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടുകയും അവയെ ഭരണകൂട‑രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തവും ആക്കേണ്ടതുണ്ട്.

ചരിത്രത്തേയും സാംസ്കാരിക ആഖ്യാനത്തെയും ഭരണഘടന സ്ഥാപനങ്ങളെയും അസ്ഥിരീകരിക്കുക എന്നത് ഏതൊരു ഫാസിസ്റ്റ് ഭരണ സംരംഭത്തിന്റെയും അനിവാര്യ ദൗത്യമാണ്. മോഡി ഭരണകൂടം ആ ദൗത്യം നിര്‍ലജ്ജം, നിര്‍വിഘ്നം തുടര്‍ന്നുവരികയുമാണ്. കോര്‍പ്പറേറ്റ്, ചങ്ങാത്ത മുതലാളിത്തവല്‍ക്കരണം നിര്‍ബാധം തുടര്‍ന്നുപോകണമെങ്കില്‍ സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക ദുരിതങ്ങളുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും യഥാര്‍ഥ ചിത്രം ജനങ്ങളില്‍ നിന്ന് മറച്ചുപിടിച്ചേ മതിയാവു. അതാണ് സ്ഥിതിവിവര കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍‍ തമസ്കരിക്കാനും വളച്ചൊടിക്കാനും മോഡി സര്‍ക്കാര്‍ നടത്തുന്ന കുത്സിത ശ്രമങ്ങളുടെ അന്തര്‍ധാര. അതിനെതിരെ ഉയരുന്ന വിവേകത്തിന്റെ ശബ്ദവും മുന്നറിയിപ്പുമാണ് ലോകമെമ്പാടുമുള്ള പണ്ഡിതര്‍ ഇന്ത്യക്ക് നല്‍കുന്നത്.