ശമ്പള ഉത്തരവ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു

Web Desk

തിരുവനന്തപുരം

Posted on April 28, 2020, 3:00 pm

സര്‍ക്കാര്‍ ജീവനക്കാരുടെ ആറു  ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകമാകെ അംഗീകാരം നേടിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായം എത്തിയ്ക്കാന്‍ നടപടിയുമുണ്ട് എന്നാല്‍ ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം ഒരു   ഉത്തരവിലൂടെ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്‌ ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

ശമ്പളം നിഷേധിയ്ക്കുന്നില്ലെന്നും മാറ്റിവെക്കുകമാത്രമാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് പറഞ്ഞു. അതിനു സര്‍ക്കാരിന് അവകാശമുണ്ട്.ആന്ധ്ര,മഹാരാഷ്ട്ര ‚തെലങ്കാന,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലും കടുത്ത ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

20,000 ത്തിനു മുകളില്‍ മാസശമ്പളമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ആറു ദിവസത്തെ ശമ്പളം അഞ്ചുമാസക്കാലം കോവിഡിനെ നേരിടുന്നതിനായുള്ള ധനസഹായമായി മാറ്റിവെയ്ക്കണമെന്നായിരുന്നു ഏപ്രില്‍ 23നു ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഉത്തരവിന് നിയമ പിന്‍ബലം കാണുന്നില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും പിടിച്ചു വയ്ക്കുന്ന പണം എന്തിനു വേണ്ടിയാണ് ചെലവഴിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിനെതിരെ സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോടതി വിധി അനുസരിക്കും: മുഖ്യമന്ത്രി

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി സർക്കാർ അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോടതി വിധി വിശദമായി പരിശോധിച്ച് പറ്റുന്ന കാര്യങ്ങൾ നടപ്പാക്കും. സർക്കാർ ഒരു തീരുമാനം എടുത്താൽ സാധാരണഗതിയിൽ നിയമപരമായി പരിശോധിക്കുന്നത് കോടതിയിലാണെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ല. അവർ നാടിന്റെ ഗുരുനാഥന്മാരാണ്. ആ സ്വഭാവത്തിന് ചേരാത്തവർ ചിലർ ചില കാര്യങ്ങൾ ചെയ്യുമ്പോൾ അതേക്കുറിച്ച് പൊതുസമൂഹത്തിന്റെ വിമർശനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Stay for salary cut order by high court

You may also like this video