19 April 2024, Friday

Related news

October 16, 2023
March 28, 2023
February 15, 2023
February 14, 2023
January 31, 2023
December 14, 2022
October 31, 2022
July 6, 2022
May 11, 2022
January 14, 2022

പടവുകളേറി ക്ഷീരമേഖല: ശ്രദ്ധേയമായി ക്ഷീരകർഷക മുഖാമുഖം

Janayugom Webdesk
തൃശൂർ
February 15, 2023 11:11 pm

സംസ്ഥാന ക്ഷീര വികസന വകുപ്പ് കർഷകർക്കൊപ്പം ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ മറ്റുസംസ്ഥാനങ്ങൾക്കും മികച്ച മാതൃകയായി. ആറുദിവസങ്ങളിലായി മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടന്ന സംഗമം സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് പുത്തനുണർവേകുന്നതായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ക്ഷീരകർഷകരാണ് സംഗമത്തിലെത്തിയത്.
ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളും നടപടികളും സംഗമം ചര്‍ച്ചചെയ്തു. ക്ഷീരകർഷകന്റെ പ്രവർത്തനമേഖല എങ്ങനെയായിരിക്കണമെന്നും അവർക്കായി ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനങ്ങളുമെല്ലാം വിശദീകരിക്കുന്നതിനായി 20ൽപരം പരിപാടികളാണ് പടവിൽ അരങ്ങേറിയത്. ക്ഷീരോല്പാദന രംഗത്ത് വ്യവസായവല്‍ക്കരണത്തിന് തയ്യാറെടുക്കുകയാണ് കേരളം.
ദേശീയതലത്തിൽ ഒന്നാമതുള്ള പഞ്ചാബിനെ മറികടന്ന് പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഒരു പശുവിൽ നിന്നും ശരാശരി 14.5 ശതമാനമാണ് പഞ്ചാബിലെ ഒരുദിവസത്തെ പാലുല്പാദനം. കേരളത്തിന് 10.6 ശതമാനമാണ് ഉല്പാദനക്ഷമത. 

സംഗമത്തിന്റെ ഭാഗമായി കേരള ഡയറി എക്സ്പോ, ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം, മാധ്യമ ശില്പശാല, ക്ഷീരസ്പന്ദനം, ക്ഷീരകർഷക അദാലത്ത്, കരിയർ ഗൈഡൻസ് സെമിനാർ, സാംസ്കാരിക ഘോഷയാത്ര, പുരോഗമനോന്മുഖ കർഷക സെമിനാർ, സംവാദസദസ്, ക്ഷീര സഹകാരി സംഗമം, വനിതാ സംരംഭകത്വ ശില്പശാല, ക്ഷീരകർഷക മുഖാമുഖം, ദേശീയ ഡയറി സെമിനാർ, വിവിധ അവാർഡ് ദാനങ്ങള്‍, നാടൻ പശുക്കളുടെ പ്രദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, കാമ്പസ് സന്ദർശനം, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്.
ക്ഷീര കർഷകരോടൊപ്പം സർക്കാരും വിവിധ വകുപ്പുകളും ഒന്നിച്ചുചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ ക്ഷീരസൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 

ശ്രദ്ധേയമായി ക്ഷീരകർഷക മുഖാമുഖം

തൃശൂർ: ക്ഷീരകർകർക്ക് തങ്ങളുടെ ആശയങ്ങളും ആശങ്കകളും ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കാൻ അവസരമൊരുക്കിയ ക്ഷീരകർഷക മുഖാമുഖം ശ്രദ്ധേയമായി. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും പടവ് 2023 സംസ്ഥാന ക്ഷീര സംഗമമാണ് വേദിയൊരുക്കിയത്. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖാമുഖം ഉദ്ഘാടനം ചെയ്തു.
ക്ഷീരമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ വലിയ പരിശ്രമമാണ് കഴിഞ്ഞ ഏഴ് വർഷമായി എൽഡിഎഫ് സർക്കാർ നടത്തിയത്. ഇതിന്റെ ഫലമായി പാലുല്പാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനും സംസ്ഥാനത്തിനായി. കേരളജനതയുടെ ആവശ്യങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിലൂടെ വലിയ മാറ്റമാണ് സമൂഹത്തിലുണ്ടാക്കാനായതെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
ക്ഷീര വികസന മേഖയെ പുത്തൻ ഉണർവിന്റെ പാതയിലേക്ക് ഉയർത്തുന്നതിനായി നിരവധി നൂനത ആശയങ്ങളാണ് കർഷകർ ക്ഷീരകർഷക മുഖാമുഖത്തിൽ അവതരിപ്പിച്ചത്. ക്ഷീര മേഖലയിലെ മൂല്യവർധിത ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കാനും അടുത്ത വർഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കുട്ടനാടൻ ക്ഷീരകർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

കേരള വെറ്ററിനറി കോളജിലെ ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് ഡോ. ടി എസ് രാജീവ് മോഡറേറ്റായി. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ, മിൽമ മാനേജിങ് ഡയറക്ടർ ആസിഫ് കെ യൂസഫ്, കേരള ക്ഷീരകർഷക ക്ഷേമ നിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, സിഇഒ സുജയ് കുമാർ സി, ഡോ. ആർ രാജീവ്, ഡോ. ബി ശ്രീകുമാർ, ഡോ. കെ വിജയകുമാർ, ഡോ. ഒ ജി സുരജ, കോശി കെ അലക്സ്, ഡോ. ആർ വേണുഗോപാൽ, ഡോ. ശ്യാംസൂരജ് എസ് ആർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്ദിരാ മോഹനൻ സ്വാഗതവും സിൽവി മാത്യു നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Step­ping Up Dairy: A Remark­able Dairy Farmer Face-to-Face

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.