Monday
18 Feb 2019

ഉന്നത വിദ്യാഭ്യാസ മേഖല ചൊല്‍പ്പടിയിലാക്കാനുള്ള ശ്രമം

By: Web Desk | Monday 9 July 2018 9:56 PM IST

ന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം വരുത്തുന്ന രണ്ട് സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷ (യുജിസി)ന് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ഓഫ് ഇന്ത്യ ആക്ട് (എച്ച് ഇസിഐ നിയമം)- 2018, ആറ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാനുള്ള തീരുമാനം എന്നിവയാണ് അവ.

കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുജിസി, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ (എഐസിടിഇ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ (എന്‍സിടിഇ) എന്നിവയെ ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതാണ് എച്ച്ഇസിഐ -2018. കുറച്ച് അധികാരസ്ഥാനങ്ങളും കൂടുതല്‍ ഭരണനിര്‍വഹണവും ഉറപ്പുവരുത്തുക, സഹായധനം അനുവദിക്കുന്നതിനെ വേര്‍തിരിക്കുക, പരിശോധനാ രാജ് അവസാനിപ്പിക്കുക തുടങ്ങിയവയാണ് എച്ച്ഇസിഐ നിയമം കൊണ്ടു വരുന്നതിന് കാരണമായി കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ഈ നിര്‍ദ്ദേശം പഠന ഗവേഷണ മേഖലയില്‍ കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പാക്കുന്നതിനും ധനസഹായവിതരണത്തില്‍ കേന്ദ്രീകരണത്തിന് വഴിവയ്ക്കുന്നതിനും മാത്രമേ സഹായകമാകൂ എന്ന ആശങ്കയാണ് വിദ്യാഭ്യാസരംഗത്തെ വിവിധ പ്രവര്‍ത്തകരില്‍ നിന്നുണ്ടായിരിക്കുന്നത്.

നിലവില്‍ സാമ്പത്തിക അധികാരമുണ്ടായിരുന്ന യുജിസിക്ക് പകരം നിര്‍ദ്ദേശിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് സാമ്പത്തിക അധികാരമുണ്ടായിരിക്കില്ല. പകരം സര്‍ക്കാരാണ് അത് നിര്‍വഹിക്കുകയെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് ഫലത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയെ പൂര്‍ണമായും സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനാണ് വഴിയൊരുക്കുക. എന്നുമാത്രമല്ല പരിമിതമായെങ്കിലും സ്വതന്ത്രവും പക്ഷപാതരഹിതവുമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യുജിസിയില്‍ നിന്നുള്ള മാറ്റം എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്നതിനും കൂടുതല്‍ ഇടപെടലുകള്‍ക്ക് അവസരമുണ്ടാക്കുന്നതിനുമിടയാക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംരംഭങ്ങളെയും കൈപ്പിടിയിലാക്കുന്നതിന് നേരത്തേ തന്നെ ബിജെപി ആരംഭിച്ച ശ്രമത്തിന്റെ മറ്റൊരു ഘട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. രാജ്യത്തെ കോളജുകളും സര്‍വകലാശാലകളുമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയെ തങ്ങളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതുമനസിലാക്കുന്നതിന് വലിയ ബുദ്ധി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഓരോ വര്‍ഷവും വിലയിരുത്തല്‍ നടത്തി മോശം പ്രകടനം നടത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം തടയുന്നതുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് നല്‍കപ്പെടുന്ന അധികാരങ്ങള്‍ ഫലത്തില്‍ അപകടമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസമേഖലയെ എത്തിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതിലൂടെ പുറത്താകുന്നതെന്നതില്‍ സംശയമില്ല.
ഇതിന്റെ കൂടെയാണ് ആറ് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് ഈ പദവി നല്‍കുന്നത്. സ്വകാര്യമേഖലയില്‍ നിന്ന് മണിപ്പാല്‍ അക്കാദമിക്കൊപ്പം ബിര്‍ളയുടെയും റിലയന്‍സിന്റെയും സ്ഥാപനങ്ങള്‍ തന്നെ ഉള്‍പ്പെട്ടുവെന്നത് യാദൃച്ഛികമാണെന്ന് കരുതുകവയ്യ. കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാമെന്ന് മന്ത്രി പറഞ്ഞിട്ടുമുണ്ട്. പൂര്‍ണമായും സ്വതന്ത്രാധികാരം നല്‍കിയാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനിടെ ആയിരം കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്.
ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കുകയും പരസ്പര മത്സരത്തിലൂടെ മെച്ചപ്പെടുത്തുകയും ചെയ്യാമെന്നിരിക്കേ അതിലേയ്ക്ക് ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് റിലയന്‍സിന്റെയും ബിര്‍ളയുടെയും സ്ഥാപനങ്ങളെ ഉള്‍കൊള്ളിച്ചിരിക്കുന്നതും സംശയാസ്പദമാണ്. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനം സദുദ്ദേശ്യപരമെന്ന് കരുതാനാവില്ല.
ഫലത്തില്‍ രണ്ടാഴ്ചകള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന രണ്ടു തീരുമാനങ്ങളും ഉന്നത വിദ്യാഭ്യാസത്തിന്റെ നന്മയല്ല ലക്ഷ്യംവയ്ക്കുന്നതെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഉന്നതവിദ്യഭ്യാസരംഗം കയ്യിലൊതുക്കാനും വിദ്യാഭ്യാസ കച്ചവട മേഖലയ്ക്ക് സഹായകമാകുന്ന വിധത്തിലുമുള്ള തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.