20 April 2024, Saturday

സ്റ്റെർലൈറ്റ് പ്ലാന്റിലെ വെടിവയ്പ്പ് ജനാധിപത്യത്തിനു കളങ്കം: ഹൈക്കോടതി

Janayugom Webdesk
ചെന്നൈ
September 14, 2021 10:41 pm

തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ വെടിവച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടി ജനാധിപത്യത്തിനേറ്റ മുറിപ്പാടാണെന്നും അതൊരിക്കലും മറക്കരുതെന്നും മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു. സമരം ഒരു പക്ഷേ നിയമപ്രകാരമായിരിക്കില്ല, എങ്കിൽപോലും ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനുവേണ്ടി ജനങ്ങൾക്കു നേരെ വെടിവയ്ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സൻജിബ് ബാനർജി, ജസ്റ്റിസ് ടി എസ് ശിവാഞ്ജനം എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വെടിവയ്ക്കാനുള്ള സാഹചര്യമെന്തായിരുന്നു എന്നും അതിന് പ്രേരിപ്പിച്ചതെന്തായിരുന്നുവെന്നും അറിയണമെന്ന് കോടതി പറഞ്ഞു.

തൂത്തുക്കുടി വെടിവയ്പ്പിലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ ഹെൻറി ടിഫാഗ്‌നെ സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കോർപറേറ്റ് കമ്പനികൾക്കു വേണ്ടി ജനങ്ങളെ വെടിവയ്ക്കാൻ പൊലീസ് സംവിധാനം ഉപയോഗിക്കപ്പെടുന്നു എന്ന സന്ദേശം നൽകാൻ തൂത്തുക്കുടി വെടിവയ്പ്പ് കാരണമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

 


ഇതുകൂടി വായിക്കൂ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി


 

ഓഗസ്റ്റ് ഒമ്പതിന് ഹർജിയിൽ വാദം കേട്ടപ്പോള്‍ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ദേശീയ മനുഷ്യവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കമ്മിഷൻ റിപ്പോർട്ട് സമര്‍പ്പിക്കുകയായിരുന്നു.

2018 മെയ് 22 നടന്ന പൊലീസ് വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട് പുറംലോകം കാണാത്തതിനാൽ കമ്മിഷന്റെ ഒരു ശുപാർശ പോലും നടപ്പാക്കിയിട്ടില്ല. മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും വലിയ നഷ്ടപരിഹാരം നൽകണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്. ഓരോ വിഭാഗത്തിനുമുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കൃത്യമായ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുകയും ഇവരുടെ ഭാവി സാധ്യതകൾക്ക് തടസമാകുന്ന രീതിയിലുള്ള നടപടികൾ കൈക്കൊള്ളരുതെന്നുമാണ് റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ. അടുത്തമാസം 25ന് ഹർജി വീണ്ടും പരിഗണിക്കും.

 

Eng­lish Sum­ma­ry: Ster­l­lite plant shoot­ing is a dis­grace to democ­ra­cy: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.