പേടിക്കാന്‍ തയ്യാറായിക്കോളൂ..വരുന്നൂ സ്പില്‍ബര്‍ഗിന്റെ രാപ്പടം

Web Desk
Posted on June 10, 2019, 5:19 pm

വിഖ്യാതചലച്ചിത്രകാരന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരു ഭീകരകഥയുമായി വരുന്നു. തുടങ്ങാനിരിക്കുന്ന ലോകോത്തര എന്റര്‍ടൈന്മെന്റ് സൈറ്റ് ആയ ക്വിബിയിലൂടെ സീരിയലായി വരുന്ന ഹൊറര്‍ ചിത്രം രാത്രിയിലേ കാണാനാകൂ എന്ന പ്രത്യേകതയുണ്ടെന്ന് സൈറ്റിന്റെ സ്ഥാപകന്‍ കാറ്റ്‌സെന്‍ബര്‍ഗ് പറഞ്ഞു.

ഫോണുകളെ ലക്ഷ്യമിട്ടുവരുന്ന സീരിയല്‍ ചുറ്റും അന്ധകാരമായെന്ന് ഫോണിന് ബോധ്യമായാലേ കാണാന്‍കഴിയൂ. കാനഡയിലെ ബാന്‍ഫ് മീഡിയ ഫെസ്റ്റിവലിലാണ് കറ്റ്‌സെന്‍ബര്‍ഗ് ഈ രഹസ്യം പുറത്തുവിട്ടത്.

എനിക്കൊരു പേടിക്കഥ ചെയ്യാനുണ്ടെന്ന് സ്പില്‍ബര്‍ഗ് അറിയിച്ചു. അദ്ദേഹം അത് സ്വന്തമായി എഴുതിവരികയാണ്.കുറച്ചുനാളായി അദ്ദേഹം ഒന്നും ചെയ്യാതിരിക്കുകയാണ് മനോഹരമായ ഒരു കഥയാവുമെന്ന് ഉറപ്പാണ്.  പത്തോ 12 ഓ അധ്യായം വരുന്ന കഥയാണ് ‚അഞ്ചോ ആറോ അധ്യായങ്ങള്‍ അദ്ദേഹം എഴുതിക്കഴിഞ്ഞു. രാത്രിയിലെ സ്പില്‍ബര്‍ഗ് എന്നാണ് പരിപാടിയുടെ പേരെന്നും കറ്റ്‌സെന്‍ബര്‍ഗ് വിവരിച്ചു.
രാത്രിമാത്രം കാണുന്ന പടം തയ്യാറാക്കുന്ന വെല്ലുവിളി ക്വിബിയുടെ എന്‍ജിനീയര്‍മാര്‍ ഏറ്റെടുത്തുവെന്നും ഫോണിലെത്തുന്ന ഒരു ക്‌ളോക്ക് രാവായെന്നും പിന്നീട് വെളിച്ചമായെന്നും അറിയിച്ച് പിന്‍വാങ്ങുമെന്നുമാണ് പറയുന്നത്. വെളിച്ചമായാല്‍ ഷോ നിലക്കും അടുത്ത രാത്രിയിലാവും മടങ്ങിവരിക. പടം അര്‍ധരാത്രിക്കുശേഷമേ കാണാവൂ എന്നാണ് സ്പില്‍ബര്‍ഗിന്റെ അഭ്യര്‍ഥന.