Thursday
21 Feb 2019

സ്ഥലരേഖകളിലെ കഥാസഞ്ചാരങ്ങള്‍

By: Web Desk | Sunday 8 July 2018 6:31 AM IST

ഗോപകുമാര്‍ ബി പ്ലാക്കീഴ്

മനുഷ്യഭാവനയുടെ മൂര്‍ത്തരൂപങ്ങളാല്‍ നിര്‍മിക്കപ്പെട്ട സാഹിത്യരൂപങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് നോവലുകളുടെ സ്ഥാനം. അതിഭാവുകത്വത്തിന്റെ വഴക്കമുള്ള സര്‍ഗരേഖകളായി മാറിയതിനൊപ്പം സങ്കീര്‍ണതകള്‍ ഇല്ലാതെയുള്ള ആവിഷ്‌കരണത്തിനും നോവല്‍രംഗം ഇടയാക്കിയിട്ടുണ്ട്. ഏറ്റവും വായനസുഖദായിയായ സാഹിത്യരൂപമായി നോവല്‍രംഗം വികസിച്ചു മുന്നേറിയത് ഇക്കാരണംകൊണ്ടുതന്നെയാണ്.
മിക്ക നോവലുകളും സ്ഥലരാശിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവയാണ്. തസ്രാക്കുമുതല്‍ തുടങ്ങുന്നു നോവല്‍സഞ്ചാരത്തിന്റെ സ്ഥലരേഖകള്‍. മയ്യഴിയും അയ്മനവും കൂടല്ലൂരും കുട്ടനാടും മുതല്‍ കരിക്കോട്ടകരിവരെ നോവല്‍ശില്‍പങ്ങളുടെ മൂശയായ ഇടങ്ങളാണ്.
തിരുവനന്തപുരത്തിന്റെ കഥയും ചരിത്രവും സിവിയുടെ കാലംമുതല്‍ സാഹിത്യകൃതികളില്‍ രേഖീയമായിട്ടുള്ളതാണ്. എസ് ആര്‍ ലാല്‍ എഴുതിയ ‘സ്റ്റാച്യു പി ഒ’ എന്ന നോവലിന്റെയും കഥാകേന്ദ്രം തിരുവനന്തപുരം നഗരമാണ്. 1990 കാലഘട്ടങ്ങളിലെ തിരുവനന്തപുരത്തെ ലോഡ്ജുകളും അവയുമായി ബന്ധപ്പെട്ട സാംസ്‌കാരികപ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കുന്ന സ്റ്റാച്യു പി ഒ മികച്ച വായനാനുഭവം നല്‍കുന്ന ഒരു കൃതിയായി കാലംകൊണ്ടാടുമെന്നതില്‍ സംശയമില്ല.
തൊണ്ണൂറുകളുടെ മധ്യഭാഗംതൊട്ടുള്ള ഏകദേശം ഒന്നരപതിറ്റാണ്ടിലെ തിരുവനന്തപുരത്തെ ജീവിതവും സാംസ്‌കാരിക പശ്ചാത്തലവുമാണ് സ്റ്റാച്യു ലോഡ്ജില്‍ താമസിക്കാനെത്തുന്ന ആലപ്പുഴക്കാരനായ ‘ഞാന്‍’ നോവലിലൂടെ വരച്ചുകാട്ടുന്നത്. ആദ്യം പത്രമാധ്യമരംഗത്തേക്കുള്ള വിദ്യാര്‍ഥിയായും പിന്നീട് സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥനായും എത്തുന്ന ‘ഞാന്‍’ സ്റ്റാച്യു ലോഡ്ജില്‍ കാണുന്ന ‘അയാള്‍’ എന്ന അതിഗൂഢ കഥാപാത്രത്തിന്റെ ഉള്ളറകള്‍ തേടി സഞ്ചരിക്കുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. അതിസങ്കീര്‍ണമായ മാനസികനിലകളിലൂടെ കടന്നുപോകുന്ന ‘അയാള്‍’ ഒടുവില്‍ കാര്‍ഡിയാക് റെസ്പറേറ്ററി അറസ്റ്റില്‍ അവസാനിക്കുന്നതുവരെയുള്ള സംഭവങ്ങളെ ഇരുപത്തിമൂന്ന് അധ്യായങ്ങളിലായി വിവരിക്കുന്നു. കഥാഗതിക്ക് അനുയോജ്യമായ രണ്ട് അനുബന്ധക്കുറിപ്പുകളും നോവലിലുണ്ട്.
ലോഡ്ജുകള്‍ തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകതയല്ല. ഒറ്റമുറികളില്‍ ദീര്‍ഘകാലം താമസം ഉറപ്പിച്ച ഒരുസമൂഹത്തിനെയും അവരെ ചുറ്റിപ്പറ്റി നടക്കാവുന്നതോ അല്ലാത്തതോ ആയ മാനുഷിക സംഭവങ്ങളെയും കൂട്ടിയിണക്കി ഒരു നോവല്‍ശില്‍പം മെനയുക എന്നത് അത്ര ആയാസരഹിതമായ പ്രവര്‍ത്തിയല്ല. പക്ഷേ തന്റെ ഔദ്യോഗിക ജീവിതത്തിന്റെയും പഠനത്തിന്റെയും തട്ടകം തിരുവനന്തപുരം ആയതുകൊണ്ടാകണം എസ്.ആര്‍. ലാല്‍ ആ കൃത്യം അനായാസമായി നിര്‍വഹിച്ചിരിക്കുന്നു.
ലാലിന്റെ കൃതികളിലെ പ്രധാനസവിശേഷത എഴുത്തിലെ ലാളിത്യമാണ്. ലളിതവും സൗമ്യവും ഋജുവുമായ ഭാഷാശൈലി സുഗമമായ വായനാനുഭവം തരുന്ന ഒന്നാണ്. തന്റെ മറ്റുകൃതികളിലെന്നപോലെ സ്റ്റാച്യു പി ഒയിലും ലാല്‍ ഈ ഭാഷാശൈലിതന്നെ പിന്‍തുടരുന്നു.
സ്റ്റാച്യു പി ഒ എന്ന കൃതിയില്‍ ലോഡ്ജു ജീവിതം വരച്ചിടുമ്പോള്‍ അവിടങ്ങളിലെ ജീവിതരീതിയുടെ പച്ചയായ ആവിഷ്‌കരണത്തിനുവേണ്ടി ജീവിച്ചിരിക്കുന്നവരെത്തന്നെ കഥാപാത്രങ്ങളാക്കുന്ന സവിശേഷമായ ഒരു ശൈലി എഴുത്തുകാരന്‍ സ്വീകരിക്കുന്നു. എ അയ്യപ്പന്‍, ജി ആര്‍ ഇന്ദുഗോപന്‍, കുരീപ്പുഴ ശ്രീകുമാര്‍, എന്‍ ആര്‍ എസ് ബാബു, സ്റ്റാച്യുവിലെ പത്രവ്യാപാരി രമേശന്‍, നന്ദാവനത്തെ ചായക്കടക്കാരന്‍ വിജയണ്ണന്‍ ലാലിന്റെ സുഹൃത്തുക്കളും സാഹിത്യപ്രവര്‍ത്തകരുമായ ചുള്ളാളം ബാബുരാജ്, ഉഴമലയ്ക്കല്‍ മൈതീന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു.
പലായനത്തിനും കീഴടങ്ങലിനുമിടയില്‍ വിരുദ്ധമായ സ്വഭാവങ്ങളുമായി ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ കഥ പറയുന്നതിനോടൊപ്പം തിരുവനന്തപുരത്തിന്റെ ഒന്നരപ്പതിറ്റാണ്ടിന്റെ സാംസ്‌കാരിക ചരിത്രം കഥാരൂപേണ ഈ നോവലില്‍ സമര്‍ഥമായി കോര്‍ത്തുവയ്ക്കുന്നു. കഥാതന്തുവിലും ആവിഷ്‌കരണത്തിലും ഏറെ പുതുമയും സവിശേഷതകളുമുള്ള സ്റ്റാച്യു പി ഒ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കൃതിയാണ്.