Janayugom Online
Babitha Rajiv

സ്ത്രീജീവിതത്തിന്റെ സപ്തവര്‍ണങ്ങള്‍

Web Desk
Posted on September 28, 2018, 8:47 am

മനു പോരുവഴി

വികസനത്തിന്റെ മറവില്‍ പുതിയ ലോകം കെട്ടിപ്പെടുക്കുമ്പോള്‍ പിടഞ്ഞൊടുങ്ങുന്ന ജീവിതങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധേയമാകുകയാണ് ഏഴ് ചിത്രകാരികള്‍. ഇവരുടെ നേതൃത്വത്തില്‍ ഇരുപത്തിരണ്ടാം തീയതി മുതല്‍ കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

കോഴിക്കോട് ലളിതകലാ അക്കാദമി ഗ്യാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ ഇടപെടലുകള്‍ തുറന്നു കാട്ടുന്ന ഇരുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ നടന്ന ലളിതകലാ അക്കാഡമിയുടെ ദേശീയ ക്യാമ്പില്‍ പങ്കെടുത്ത ഏഴ് വനിതകളുടെ നേതൃത്വത്തിലാണ് ചിത്രകല എക്‌സിബിഷന്‍ നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സ്മിത ജി എസ്, യാമിനി മോഹന്‍, ബിന്ദി രാജഗോപാല്‍ എന്നിവരെ കൂടാതെ ബബിത രാജീവ്, ശ്രീജാ പള്ളം, സെലിന്‍ ജേക്കബ്, അന്നി കുമാരി എന്നിവരും ചേര്‍ന്നാണ് സെപ്റ്റനറി എന്ന പേരില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യായ ആണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
ഒരു സത്രീ ജനിച്ചു കഴിഞ്ഞാല്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ വരച്ചുകാട്ടുന്നതാണ് ‘മാം’ എന്ന എറണാകുളം സ്വദേശിനി ബബിത രാജീവിന്റെ ചിത്രം. മാസമുറയുടെ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദനകള്‍, ജീവിതകാലത്തോളം അവള്‍ അനുഭവിക്കുന്ന വേദനകള്‍, സര്‍ഗ്ഗാത്മകമായി ക്യാന്‍വാസില്‍ മനോഹരമായി വരച്ചു ചേര്‍ത്തിട്ടുണ്ട്. അക്രലിക്കും കരിയും ചേര്‍ത്ത് വരച്ച ചിത്രം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

Bindhi Rajgopal

ആയുര്‍വേദത്തിന്റെ തത്വങ്ങള്‍ പകര്‍ന്നു നല്‍കാനായി അവതരിപ്പിച്ച ഫ്‌ളോറന്‍സ് ബിനാലെയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ചിത്രകാരിയായ ബിന്ദി രാജഗോപാലിന്റെ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ബിന്ദി തന്റെ ക്യാന്‍വാസ് മനോഹരമാക്കുന്നത്. പ്രകൃതിയും മനുഷ്യനുമായുള്ള സഹവര്‍ത്തിത്വത്തിന്റെ ആകുലതകള്‍ കാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രകാരിയാണ് ശ്രീജാ പളളം. പാലക്കാട് സ്വദേശിനിയായ ശ്രീജയുടെ നാല് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ചിത്രങ്ങളില്‍ പ്രകൃതിയേയും, സ്ത്രീയേയും ഉള്‍പ്പെടുത്തുന്ന ചിത്രങ്ങളാണ് കൂടുതലും.’ മണ്ണിനൊരു ചരമഗീതം എന്ന പ്രദര്‍ശനത്തിനെത്തിച്ച വരയിലൂടെ കോണ്‍ക്രീറ്റ് തറകള്‍ വ്യാപകമായതോടെ നാശം സംഭവിക്കുന്ന ചെറുപ്രാണികളും, മുള പൊട്ടി വരുന്ന വിത്തുകളുടെ നാശത്തെ കുറിച്ചും നന്നായി തന്റെ വരയിലൂടെ കാട്ടിത്തരുന്നുണ്ട്. മണ്ണും പെണ്ണും മുന്നോട്ടു പോകുന്ന പ്രതിസന്ധിയുടെ കാലഘട്ടത്തെ തന്റെ വരയിലൂടെ മനോഹരമാക്കുകയാണ് ഈ കലാകാരി.
സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളാണ് കണ്ണൂര്‍ സ്വദേശിനിയും ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസവുമാക്കിയ യാമിനി മോഹന്റെ വരകളിലൂടെ കാണാന്‍ കഴിയുന്നത്. മൂന്നു ചിത്രങ്ങളാണ് യാമിനി പ്രദര്‍ശനത്തിന് നല്‍കിയിട്ടുള്ളത്. കാക്ക പ്രകൃതിയിലെ മാലിന്യങ്ങളെ ശുചീകരിക്കുന്ന പോലെ സമൂഹത്തിലെ മാലിന്യങ്ങളെ ശുചീകരിക്കുന്നതിനും പീഡിത ജനതയ്ക്ക് കൈത്താങ്ങാകുവാനും വര്‍ണ്ണങ്ങള്‍ കൊണ്ട് മഴവില്ലു വിരിയിക്കുന്ന കലാകാരിയാണ് യാമിനി.
വ്യത്യസ്തങ്ങളായ മാനസികാവസ്ഥകളെ രാത്രിയുടെ സൗന്ദര്യം കൊണ്ട് കാന്‍വാസില്‍ പകര്‍ത്തുന്ന കോഴിക്കോട് സ്വദേശിനിയായ സ്മിത ജി എസിന്റെ രണ്ടു ചിത്രങ്ങളും, തന്റെ യാത്രകളില്‍ കണ്ടെത്തുന്ന കാഴ്ചപ്പാടുകളെ ചിത്രങ്ങളാക്കുന്ന ആലപ്പുഴ സ്വദേശിനിയായ സെലിന്‍ ജേക്കബിന്റെ ഒരു ചിത്രവും ഒരു ശില്‍പ്പവും പ്രദര്‍ശനത്തിനുണ്ട്. ഒരു കലാകാരിയുടെ കണ്ണുമായി പ്രപഞ്ചത്തെ ചുറ്റുമ്പോള്‍ ഒട്ടേറെ വിഷയങ്ങള്‍ മുന്നില്‍ വരുമെന്നും പ്രപഞ്ചത്തിലെ എന്തിനേയും വിഷയമാക്കാന്‍ കഴിയുമെന്നും സെലിന്‍ ക്യാന്‍വാസിലൂടെ കാട്ടിത്തരുന്നു. പ്രകൃതിയോടുള്ള സുക്ഷ്മനിരീക്ഷണങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവരുടെ പെയിന്റിംഗുകളെല്ലാം തന്നെ.

Inauguration by Artist Kabita Mukhopadhyay

ജാര്‍ഖണ്ഡില്‍ ജനിച്ചു വളര്‍ന്ന അന്നികുമാരിയുടെ മൂന്നു ഡ്രോയിംഗുകളും പ്രദര്‍ശനത്തിന് മാറ്റുകൂട്ടുന്നു. ജനിച്ച നാള്‍ മുതല്‍ ഇരുമ്പും സ്റ്റീലും കണ്ടു വളര്‍ന്നതുകൊണ്ടാകണം കറുപ്പ് പെയിന്റിംഗിനോട് വളരെ ഇഷ്ടം തോന്നുന്ന ചിത്രകാരിയാണ്. ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും സങ്കലനമാണ് ഇവരുടെ വരകളില്‍ അധികവും തെളിയുന്നത്. അടുത്തകാലത്ത് കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തവും ഇവരുടെ വരകളിലൂടെ പുറത്തുവരുന്നുണ്ട്. സ്ത്രീകളുടെ കൂട്ടായ്മയില്‍ പിറന്ന ചിത്രപ്രദര്‍ശനത്തിന് ഇതിനോടകം തന്നെ വലിയ ജനകീയ പങ്കാളിത്തം വന്നിട്ടുണ്ട്.