Saturday
23 Feb 2019

പുത്തന്‍ മാനവികതയിലേക്കുള്ള പ്രയാണം

By: Web Desk | Tuesday 9 October 2018 10:26 PM IST


സീതാ വിക്രമന്‍

സീതാ വിക്രമന്‍

”ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്ക് കേട്” പണ്ടുമുതലേ നാം കേട്ടുശീലിച്ചിട്ടുള്ളൊരു പഴമൊഴിയാണിത്. ചുറ്റും മുള്ളുകള്‍ ഉള്ളപ്പോള്‍ ഊനം പറ്റാതിരിക്കാന്‍ അതീവ ശ്രദ്ധയോടെ ഇരിക്കേണ്ടവളാണ് സ്ത്രീ എന്നും രണ്ടുതരത്തിലും നഷ്ടപ്പെടാനുള്ളത് സ്ത്രീക്കാണെന്നും ഇതര്‍ഥമാക്കുന്നു. ഇത്തരം അടിസ്ഥാന വീക്ഷണങ്ങളില്‍ നിന്ന് സ്വരൂപിക്കപ്പെട്ടവരാണ് നാം അടങ്ങുന്ന സ്ത്രീ സമൂഹം.

ഓരോ സ്ത്രീയും തങ്ങളനുഭവിക്കുന്ന ദുരിതങ്ങളും അവഗണനകളും ദൈവമോ പ്രകൃതിയോ തരുന്നതല്ലെന്ന് മനസിലാക്കി ബുദ്ധിപരമായി അത്തരം പ്രശ്‌നങ്ങളെ വിശകലനം ചെയ്യുക. അങ്ങനെയാണെങ്കില്‍ സംഘടിക്കേണ്ടതിന്റെയും സമരം ചെയ്യേണ്ടതിന്റെയും പ്രശ്‌നങ്ങളെ ശാസ്ത്രീയമായി സമീപിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നാമെത്തിച്ചേരുമെന്നത് തീര്‍ച്ചയാണ്.

എല്ലാമതങ്ങളും സാമൂഹ്യജീവിതത്തെക്കുറിച്ചൊരു വീക്ഷണം ഉള്‍ക്കൊള്ളുന്നുണ്ട്. അത് പ്രകടമാവുന്നത് മതപരമായ അനുഷ്ഠാനങ്ങളിലൂടെയാണ്. ഈ അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മതം ഏറ്റവുമധികം അനുയായികളെ സൃഷ്ടിക്കുന്നത് സ്ത്രീസമൂഹത്തില്‍ നിന്നാണ്.

ഒരു സമൂഹത്തില്‍ സ്ത്രീകള്‍ ഏതെങ്കിലും മതത്തിന്റെ അനുഷ്ഠാന കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നിടത്തോളം കാലം വിധി വിശ്വാസത്തില്‍ നിന്ന് ആ സമൂഹം രക്ഷപ്പെടാനിടയില്ല. എല്ലാം ദൈവം തരും എന്ന വിധിയില്‍ വിശ്വസിക്കുമ്പോള്‍ നമുക്ക് നീതി നിഷേധിച്ച സാമൂഹ്യ വ്യവസ്ഥയോട് സമരം ചെയ്യാന്‍ കഴിയാതെപോവുന്നു. ഭക്തിയുടെ ആധിക്യം ഭൂരിഭാഗവും ദരിദ്രരുടെ ഇടയിലാണ് കാണുന്നത്. അതില്‍തന്നെ കൂടുതലും സ്ത്രീകളുടെ ഇടയിലും.

സ്വതന്ത്രമായി സ്ത്രീയെ പുറത്തുപോകാന്‍ അനുവദിക്കാത്ത കുടുംബനിയമം പണ്ട് മുതല്‍ തന്നെ സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് പോകുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് വെറുതെ പുറത്തിറങ്ങി നടക്കാനുള്ള ഒരനുമതി എന്ന നിലയ്ക്കാണ് പലപ്പോഴും ആരാധന സ്ഥലങ്ങളിലേക്കുള്ള സ്ത്രീകളുടെ സന്ദര്‍ശനത്തെ കാണേണ്ടത്.

ഭീകരമാംവണ്ണം അവഗണന അനുഭവിക്കുകയും പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടിവരുകയും സാമൂഹ്യ സുരക്ഷിതത്വത്തിന് മാര്‍ഗങ്ങള്‍ കാണാതിരിക്കുകയും ശാസ്ത്രീയമായ സ്വയം കണ്ടെത്തല്‍ കഴിയാതിരിക്കയും പ്രതിഷേധിക്കാന്‍ സംഘടനകളില്ലാതിരിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് അവളുടെ ഏകാന്തതയില്‍ ഒരു സാന്ത്വനമെന്നോണം വിശ്വാസവും ഭക്തിയും ദൈവവുമെല്ലാം കടന്നുവരും. പുരുഷ സമൂഹത്തിന്റെ അംഗീകാരവും കൂടി ഇതിന് ലഭിക്കുമ്പോള്‍ ഭക്തി ഒരു പ്രസ്ഥാനമായി മാറുന്നത് സ്വാഭാവികമാണ്. എല്ലാകാലത്തും മര്‍ദ്ദിത വിഭാഗം ഭക്തിയില്‍ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്.

മര്‍ദ്ദിത സമൂഹത്തില്‍ത്തന്നെ സ്ത്രീവിഭാഗമനുഭവിക്കുന്ന സവിശേഷ മര്‍ദ്ദനം കാരണമാണ് സ്ത്രീകള്‍ കൂടുതലായും ഇത്തരം വിശ്വാസങ്ങള്‍ക്കടിപ്പെടുന്നത്. ഇതിന്റെ ഏറ്റവും ദുരിതപൂര്‍ണമായ ഫലം കുടുംബങ്ങള്‍, പ്രത്യേകിച്ച് ദരിദ്രകുടുംബങ്ങള്‍, അന്ധവിശ്വാസത്തിലാണ്ടുപോവുന്നു എന്നതാണ്. സ്ത്രീകളില്‍ നിബിഡമായിരിക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ അവര്‍ കുട്ടികള്‍ക്കും പകര്‍ന്നുകൊടുക്കുന്നു. അങ്ങനെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഒരു തലമുറ രൂപം കൊള്ളുന്നതില്‍ സ്ത്രീയും മതാനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധം നമ്മുടെ സമൂഹത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ദരിദ്രരായ ജനങ്ങളുടെ സാമൂഹ്യമുന്നേറ്റ ശ്രമങ്ങളെ സ്ത്രീകളുടെ ഈ പിന്നാക്കാവസ്ഥ ഏറ്റവും ദോഷകരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് മര്‍ദ്ദിത വര്‍ഗത്തില്‍പ്പെടുന്ന പുരുഷന്മാരും ഈ പ്രശ്‌നം ഗൗരവതരമായി കാണേണ്ടതാണ്.

സ്ത്രീ സമൂഹം അനുഭവിക്കുന്ന പീഡനങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ഇന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പുരുഷന്മാരാല്‍ പരിഹസിച്ച് തള്ളാന്‍ കഴിയാത്തവിധം വനിതാ വിമോചന പ്രസ്ഥാനങ്ങള്‍ ഇന്നൊരു യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു അവസ്ഥ സംജാതമാകുന്നതിന് വര്‍ഷങ്ങളോളം സ്ത്രീകള്‍ സമരം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ ആവശ്യപ്പെടുന്നത് മനുഷ്യത്വപരമായ തുല്യതയാണ്. അത് സാമൂഹ്യരംഗത്ത് പ്രത്യേകിച്ചും പുരുഷന്മാരുടെ സമീപനരീതിയില്‍ ഒരു മൗലികമായ പരിവര്‍ത്തനമാണ് ലക്ഷ്യം വയ്ക്കുന്നത്.

‘ഇനിമേല്‍ ഞങ്ങള്‍ ലൈംഗികോപകരണങ്ങളോ, രണ്ടാംകിട പൗരന്മാരോ അല്ലാ’ എന്ന് പകുതിയോളം വരുന്ന മനുഷ്യസമൂഹം ആക്രോശിക്കുകയാണ്. ഇതൊരു പുതിയ സാമൂഹ്യമുന്നേറ്റത്തിന്റെ ശക്തിയാണ്. ഭരണകൂടങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പലപ്പോഴും ജനകീയ കലാപങ്ങള്‍ക്ക് സൃഷ്ടിക്കാനാവും.

ഇന്ന് സ്ത്രീകളുടെ സ്വാതന്ത്ര്യപ്രക്ഷോഭം അവരുടെ പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ നാളെ മര്‍ദ്ദിതരായിരിക്കുന്ന മുഴുവന്‍ ജനതയും അതേറ്റെടുക്കുകയും സമൂഹം പുത്തന്‍ ഒരു മാനവികതയിലേക്ക് പ്രയാണം ചെയ്യുകയും ചെയ്യും.