ഔഷധസസ്യങ്ങളുടെ കൂട്ടുകാരി

Web Desk
Posted on March 15, 2018, 9:39 pm

മനു പോരുവഴി

വിടെ കാറ്റിന് ഔഷധത്തിന്റെ സുഗന്ധമാണ്. ഇലകളെ തഴുകി വരുന്ന കാറ്റിനും അങ്ങാടി മരുന്നിന്റെ മണവും ശുദ്ധതയും. അതിന് കൂട്ടായി കുളിരായി നീലപ്പനയുടെ തണലും. ചവറയിലെ സരസ്വതിയമ്മയുടെ വീട് ഇന്ന് ഔഷധ സസ്യങ്ങളുടെ കലവറയാണ്. ചെറുതും വലുതും സുലഭവും ദുര്‍ലഭവുമായ നൂറുകൂട്ടം ഔഷധസസ്യങ്ങള്‍ ഇവിടെ അതിഥികളെ സ്വീകരിക്കുന്നു. വീട്ടിലെ ഒരേക്കറോളം സ്ഥലത്ത് പൂര്‍ണ്ണമായും ഔഷധസസ്യങ്ങളെ വളര്‍ത്തി പരിപാലിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ഈ വിരമിച്ച ഉദ്യോഗസ്ഥ.
വൈദ്യുതി വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിന്ന് വിരമിച്ച ശേഷം സരസ്വതിയമ്മയുടെ കൂട്ടിനെത്തിയതാണ് ഈ ചെടികള്‍. പതിമൂന്നു വര്‍ഷമായി സ്ഥിരമായി നടത്തുന്ന യാത്രകളിലൂടെയാണ് ഇതില്‍ അധികം ഔഷധച്ചെടികളും കണ്ടെത്തിയത്.ദിവസേന നിരവധി പേരാണ് ഔഷധ സസ്യങ്ങളെക്കുറിച്ചറിയാനും വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടെത്താനുമായി ഈ വീട്ടിലേക്ക് എത്തുന്നത്.

കൊല്ലം ജില്ലയില്‍ ചവറ പുതുക്കാട് കളിയിലില്‍ വീട്ടിലിന്ന് ചെടികള്‍ക്കു പകരമായി നൂറിലധികം വ്യത്യസ്തങ്ങളായ ഔഷധസസ്യങ്ങളാണ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. ക്യാന്‍സറിനും, സോറിയാസിസിനും, വിഷ ചികില്‍സയ്ക്കും വിവിധ തരം നേത്രരോഗങ്ങള്‍ക്കു മടക്കം നിരവധി രോഗങ്ങള്‍ക്ക് ഇവിടെ നിന്നും ഔഷധസസ്യങ്ങള്‍ സൗജന്യമായി ആളുകള്‍ കൊണ്ടു പോകുന്നുണ്ട്. ചെറുപ്പകാലത്ത് തുടങ്ങിയ ഭ്രമമാണ് വിശ്രമ ജീവിതത്തിലും ഔഷധസസ്യങ്ങളുടെ പരിപാലനമെന്ന താല്‍പ്പര്യത്തിലേക്ക് സരസ്വതിയെ എത്തിച്ചത്. മുത്തശ്ശിയായിരുന്ന ചിരുത നാട്ടുവൈദ്യയായിരുന്നു. ചെറുപ്പകാലത്തേ മരുന്നുകള്‍ ഉണ്ടാക്കുന്നതിനോടുള്ള താല്‍പ്പര്യം മൂലം എല്ലാ ഔഷധസസ്യങ്ങളുടേയും, മരുന്നുകളുടേയും പേരുകള്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. ഈ അറിവുകളാണ് വിരമിച്ച ശേഷം നമ്മുടെ കണ്‍മുന്നില്‍ തന്നെയുള്ള ഔഷധസസ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലേക്ക് നീങ്ങിയത്. കണ്ടെത്തിയതില്‍ കൂടുതലും യാത്രയിലുടനീളം തിരുനെല്ലി, തെന്‍മല എന്നീ ഭാഗങ്ങളിലെ കാടുകളില്‍ നിന്നും ലഭിച്ചതാണ്. ഇതു കൂടാതെ ഔഷധിയുടേയും, നാഗാര്‍ജുനയുടേയും ഔഷധതോട്ടങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെയായി വാങ്ങി നട്ടതാണ്. തന്റെ അധ്വാനം പാവപ്പെട്ട രോഗികള്‍ക്കു പ്രയോജനമാകട്ടെ എന്ന ആഗ്രഹം മാത്രമാണുള്ളത്.

മണിത്തക്കാളി, നിത്യ കല്യാണി, മുള്ളുമുരുക്ക്, ചങ്ങലംപരണ്ട, കുപ്പമേനി, അശോകം, അമല്‍ പൊരി, അയ്യപ്പാന, അങ്കോലം, ആടലോടകം, അരുത, ആനച്ചുവടി, ആവണക്ക്, ഈശ്വരമൂലി, എശങ്ക്, ഓരില, ചെത്തിക്കൊടുവേലി, ഓരിലത്താമര, കരിനൊച്ചി, കല്ലൂര്‍ വഞ്ചി, മഞ്ഞള്‍, കുറുന്തോട്ടി, കൊടിത്തുവ, കൈയൊന്നി, കരിംകുറിഞ്ഞി, കീഴാനെല്ലി, കച്ചോലം, കടലാടി, കായം, പറണ്ട, പലക പയ്യാനി, മൈലാഞ്ചി, ശതാവരി, തഴുതാമ, കുടങ്ങല്‍, കുടകപ്പാല, നിലപ്പന, എരുക്ക്, ഏകനായകം, എരുമക്കള്ളി, കിരിയാത്ത,് കരിങ്ങോട്ട, ചിറ്റരത്തരാസ്‌നാദി, തിപ്പലി, നാഗദന്തി, ആട്ടുകൊട്ടപ്പാല, ഇടംപിരിവലംപിരി, ദന്തപ്പാല , പാതാളമൂലി തുടങ്ങി അമ്പതോളം വിവിധങ്ങളായ ഔഷധച്ചെടികള്‍ സരസ്വതിയുടെ ശേഖരത്തിലുണ്ട്.

ഇതു കൂടാതെ കസ്തൂരി മഞ്ഞള്‍, കരിമഞ്ഞള്‍, ചെറൂള, ചക്കരക്കൊല്ലി, ശംഖുപുഷ്പം, വയല്‍ ചുള്ളി, കേശവര്‍ദ്ധിനി, കറ്റാര്‍വാഴ, ചതുരമല്ല, ഊങ്ങ്, നീര്‍മാതളം, പവിഴമല്ലി ‚പാച്ചോറ്റി, മുക്കുറ്റി, മുറികൂട്ടി, മുഞ്ഞ, മൂവില, വയമ്പ്, സമുദ്രപച്ച, മുള്ളാത്ത ‚സര്‍പ്പഗന്ധി, വള്ളിപ്പാല, കയ്പനരഞ്ചി, ഉമ്മം, കുറ്റിപ്പാണല്‍, സോമലത, ആരോഗ്യ പച്ച, അണലിവേങ്ങ, മദനമരം, പെരുങ്കരുമ്പ, എന്നിങ്ങനെ നൂറിലധികം ഔഷധസസ്യങ്ങളും പരിപാലിക്കുന്നുണ്ട്.

നമ്മുടെ ശരീരത്തിന്റെ നിലനില്‍പ്പിനുള്ള ഔഷധ സസ്യങ്ങള്‍ നമുക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ ഇതിനെകണ്ടെത്തുന്നതിനോ പരിപാലിക്കുന്നതിനോ ആരും തയ്യാറാകുന്നില്ല. ഇത് കണ്ടെത്തി വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ഇന്നുള്ള പകുതിയിലധികം അസുഖങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ഈ റിട്ടയേര്‍ഡ് ജീവനക്കാരിയുടെ പക്ഷം.ആര്‍ഭാടപൂര്‍വം ഉദ്ഘാടനങ്ങള്‍ നടത്തി ഔഷധസസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെങ്കിലും ഇതില്‍ ഭൂരിഭാഗവും പരിപാലിക്കാതെ നശിച്ചുപോകുന്നതാണ് കാണാന്‍ കഴിയുന്നത്. എല്ലാ വീടുകളിലും കഴിയുമെങ്കില്‍ ഇത്തരം സസ്യങ്ങളെ പരിപാലിക്കാന്‍ കഴിയണമെന്ന ആഗ്രഹം മാത്രമാണ് ജീവിതം തന്നെ ഓഷധ സസ്യങ്ങള്‍ നടുന്നതിനും പരിപാലിക്കുന്നതിനും, അതില്‍ നിന്നും മരുന്നുകളുണ്ടാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനും എപ്പോഴും ശ്രദ്ധ ചെലുത്തുന്ന ഈ അറുപത്തിയെട്ടുകാരിക്കുള്ളത്.