ചുമര്‍ചിത്രകലയില്‍ കയ്യൊപ്പ് ചാര്‍ത്തി ഗീത

Web Desk
Posted on September 06, 2018, 9:59 pm

സന്തോഷ് എന്‍ രവി
അധികമാരും കടന്ന് വരാത്ത മേഖലയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തുകയാണ് ഗീത. ചുമര്‍ച്ചിത്രകലയെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഗീതാ ആര്‍ നായര്‍ എന്ന കലാകാരി . ചുമരുകളില്‍ നിന്നും ചുമര്‍ച്ചിത്രകല പുറത്തുവന്നിട്ട് നാളുകള്‍ ഏറെ കാലമായിട്ടില്ല. അധ്യാപിക കൂടിയായ ഗീതാ ആര്‍ നായര്‍ തന്റെ വരകളിലൂടെ സ്വന്തമായ ഒരിടം നേടിക്കഴിഞ്ഞു. ഒരു കാലത്ത് ക്ഷേത്രങ്ങളിലെ ചുമരുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചുമര്‍ചിത്രങ്ങളെ ആദ്യന്ത പ്രഭു എന്ന തന്റെ പ്രദര്‍ശനത്തിലൂടെ ഗീതയും ഇവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് സമൂഹത്തിന് പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ വരച്ച എഴുപത്തഞ്ചോളം ചിത്രങ്ങളാണ് മ്യൂസിയം ഹാളില്‍ കാണികളുടെ മനസ്സുകളില്‍ ഇടം നേടിയത്.

ആസ്വാദനത്തിന്റെ വേറിട്ട തലം കാഴ്ചക്കാരന് സമ്മാനിക്കാനുള്ള ഈ കലാകാരിയുടെ മികവ് എടുത്ത് പറയേണ്ടതാണ്. ലളിതവര്‍ണ്ണങ്ങളില്‍ ചുമര്‍ച്ചിത്രശൈലിയുടെ അംശങ്ങള്‍ കലാത്മകമായി ഉള്‍ച്ചേര്‍ക്കുകയാണ് ഗീതയുടെ ശൈലി. സ്ത്രീകള്‍ അധികം കടന്നു വരാന്‍ ആഗ്രഹിക്കാത്തതും , വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രം ഉള്ളതുമായ മേഖലയാണ് ചുമര്‍ചിത്രരചന. തന്റെതായ ശൈലിയില്‍ ഇതിനോടകം തന്നെ ഗീത അഞ്ഞൂറിലേറെ ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു . വീണ വായിക്കുന്ന ഗണപതി, ഓടക്കുഴല്‍ വായിക്കുന്ന ഗണപതി, ഇങ്ങനെ ഗണപതിയുടെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലുമുള്ള ചിത്രങ്ങളും, ഹനുമാന്‍ ഗണപതിയെ സഹോദരനായി കണ്ട് കളിപ്പിക്കുന്ന ചിത്രങ്ങളും ദശാവതാരവുമെല്ലാം ഗീതയുടെ കരവിരുതില്‍ മനോഹരമായ ചുമര്‍ച്ചിത്രങ്ങളായിട്ടുണ്ട്. അനന്തന്റെ പുറത്ത് ഭൂമിദേവിയും ലക്ഷ്മിദേവിയും ഇരിക്കുന്ന അനന്തശയനം, വിഷ്ണുവും കുമാരനല്ലൂര്‍ കാര്‍ത്യായനി കിടക്കുന്ന ദുര്‍ഗാശയനവുമാണ് വരച്ചതില്‍ ഏറെ സന്തോഷം നല്‍കുന്നതെന്നു ഗീത പറയുന്നു . രൗദ്രവും കരുണയും മോഹനവുമെല്ലാം നിറച്ചാര്‍ത്തണിഞ്ഞ ഈ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഏറെ പ്രശംസ നേടി. ആഞ്ജനേയന്റെ ജീവചരിത്രവും ഗീത തന്റെ വരകളിലുടെ കോറിയിട്ടിരുന്നു. അറുപതോളം ചിത്രങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് ആഞ്ജനേയന്റെ ജീവചരിത്രം ഗീത വര്‍ണിച്ചിരുന്നത്. മഹാഭാരതത്തിലെ കര്‍ണ്ണന്റെ ജീവചരിത്രം ചായങ്ങളില്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ ചിത്രകാരി. താന്‍ ഒരു ചിത്രകാരിയാകുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. ചിത്രങ്ങളോടുള്ള ആരാധനയാണ് തന്നെ ഒരു ചിത്രകാരിയാക്കിയത് . അഞ്ച് നിറങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവുണ്ടാകുമെന്ന് ഒരിക്കല്‍ പോലും താന്‍ ചിന്തിരിച്ചിരുന്നില്ലെന്നും ധാരാളം പുസ്തകങ്ങള്‍ വായിക്കാറുള്ള തനിക്ക് ഓരോ ചിത്രങ്ങളും വരയ്ക്കുമ്പോഴും ആ ചിത്രത്തിനുള്ള ഭാവനകള്‍ കണ്ടെത്താന്‍ കഴിയാറുണ്ടെന്നും പറയുന്ന ഗീത ഇത് ഒരു ജീവിത നിയോഗമായി ഏറ്റെടുക്കുകയാണ് . കലയുടെ സാക്ഷാത്കാരം മാത്രമല്ല തനിക്കിത് ഭക്തിയുടെ പൂര്‍ണത കൂടിയാണ് . ക്ഷേത്രച്ചുമരുകളില്‍ ചായം തേച്ച് വരച്ചിടുന്നത് പഞ്ചവര്‍ണങ്ങള്‍ മാത്രമല്ല ഒരു പുണ്യം കൂടിയാണ് . അതു തന്നെയാണ് തന്റെ പ്രതിഫലവും. വരക്കാനുള്ള കഴിവ് നല്‍കിയ ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കുകയാണ് . ഒരു കാണിക്ക വരയ്ക്കുന്ന സമയത്ത് മറ്റെല്ലാം ചുമതലകളും മാറ്റി വെച്ച് പൂര്‍ണ്ണമായും മനസ്സ് വരകളിലേയ്ക്ക് സമര്‍പ്പിക്കുമെന്ന് ഗീത പറയുന്നു. ആദ്യന്ത പ്രഭു വരയ്ക്കുമ്പോള്‍ പതിനഞ്ചു ദിവസമെടുത്താണ് വരച്ച് പൂര്‍ത്തിയാക്കിയത്. അധ്യാപികയായ താന്‍ ഒരിക്കല്‍ പോലും ചിത്രകാരിയാകുമെന്ന് കരുതിയിരുന്നില്ല. വട്ടിയൂര്‍ക്കാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭദ്ര പീഠം മ്യൂറല്‍ ആര്‍ട്‌സ് സ്ഥാപനത്തിന്റെ സാരഥികൂടിയാണ് ഈ കലാകാരി. ആദ്യന്ത പ്രഭുവിനെ പ്രമേയമായി മുന്‍നിര്‍ത്തിയാണ് മ്യൂസിയം ഹാളില്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. ഓരോ ആസ്വാദകനില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . ഇത് തനിയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. സ്‌നേഹവാത്സല്യം കൊണ്ടുള്ള ചില കൊച്ചു വിമര്‍ശനങ്ങള്‍ക്കും താന്‍ ചെവികൊടുക്കാറുണ്ട് . അതിലെ തെറ്റുകളും തിരുത്താറുണ്ടെന്നു ഗീത പറയുന്നു. കൊല്ലം-തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളത്ത് മകനും മകളും ഭര്‍ത്താവുമടങ്ങുന്ന ഒരു കൊച്ചു കുടുബമാണ് ഗീതയുടേത്. തന്റെ ചിത്രകലയെ ഏറെ പിന്തുണയ്ക്കുന്നത് ഭര്‍ത്താവും മക്കളുമാണ് . ഒപ്പം തന്റെ ഗുരുക്കന്‍മാരും. ഗീതയുടെ മൊബൈല്‍ നമ്പര്‍ 9846695800