Friday
22 Feb 2019

വില്‍ക്കാനുണ്ട് മാതൃമൂര്‍ത്തികളെ

By: Web Desk | Thursday 8 February 2018 10:28 PM IST

ആനി തോമസ്

രേ സമയം വിവിധങ്ങളായ മുഖങ്ങളോടെ ജീവിക്കുന്ന സ്ത്രീയെ എല്ലായിപ്പോഴും മഹത്വ വത്കരിക്കുന്നത് അവരുടെ മാതൃ ഭാവത്തെയാണ്. അലക്ക്, പാത്രം കഴുകല്‍, തുടക്കല്‍ തുടങ്ങി വീട്ടിനുള്ളിലെ എല്ലാ ജോലികളും ചെയ്യുന്ന അമ്മ ജീവിതങ്ങളില്‍ വ്യക്തി മൂല്യങ്ങളുടേതായ മറ്റൊരു തലംകൂടിയുണ്ട് എന്നത് അംഗീകരിച്ചു നല്‍കുക തന്നെ വേണം. സ്വന്തം ചിന്തകളോടും താല്‍പര്യങ്ങളോടും സ്വപ്‌നങ്ങളോടും കൂടിയ വ്യക്തികള്‍ തന്നെയാണ് ഓരോ അമ്മയും. അമ്മയോട് സമൂഹത്തിനുള്ള പ്രതിബദ്ധതയും ഇഴയടുപ്പവുമൊക്കെ വില്‍പ്പന ചരക്കാക്കുകയാണ് പുതിയകാലത്തിന്റെ വാണിജ്യതന്ത്രം. സമൂഹത്തെ മുഴുവനായും വിപണിവല്‍ക്കരിക്കുന്നതിന്റെ പുതിയരൂപം എന്ന നിലയില്‍ വിവിധങ്ങളായ മാതൃ സങ്കല്‍പ്പങ്ങളെ സൃഷ്ടിച്ചുകൊണ്ട് ഉപഭോഗത്തിന്റെ വന്യതകള്‍ തുറന്നുവിടുകയാണ് പരസ്യ വിപണി. സ്ത്രീ എല്ലാക്കാലത്തും വിപണിയുടെ മികച്ച യന്ത്രം തന്നെയായിരുന്നെങ്കിലും ഇപ്പോള്‍ അമ്മമാരാണ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളായി തിളങ്ങുന്നത്. അമ്മ സ്ത്രീ ഭാവങ്ങളിലെ മികച്ച വില്‍പ്പനോപാധിയാണെന്ന് ഉപഭോഗ സംസ്‌കാരത്തിന്റെ തലച്ചോറുകള്‍ക്ക് നന്നായി അറിയാം. ഈ തിരിച്ചറിവുണ്ടായത് മുതലാണ് മനശാസ്ത്രത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന പരസ്യ വിപണി മാതൃമഹത്വവത്കരണം ആരംഭിച്ചത്. മഹത്വവത്കരണം വല്ലാണ്ടങ്ങ് കടന്നുകയറി മാതൃസങ്കല്‍പ്പത്തെ ശോഷിപ്പിച്ചു കളഞ്ഞു എന്നതാണ് വാസ്തവം. വേണ്ടതും വേണ്ടാത്തതുമായ ഭാവങ്ങള്‍ വാരിയണിഞ്ഞ അര്‍ദ്ധനഗ്നയായ സ്ത്രീ എന്ന പരമ്പരാഗത രീതിയില്‍ നിന്ന് അമ്മ എന്ന വികാരത്തിലേക്ക് പരസ്യ ചിത്രങ്ങള്‍ വിപണിയെ മാറ്റി പ്രതിഷ്ഠിക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നാം കണ്ടറിഞ്ഞ അമ്മമാരോട് ഇവക്ക് എത്രത്തോളം നീതി പുലര്‍ത്താനായി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

മെലിഞ്ഞ് സുന്ദരിയായ, ചായമെഴുതി, ചുളിവുകള്‍ വീഴാത്ത വസ്ത്രങ്ങളില്‍ എല്ലാ പോഷകങ്ങളും തുല്യ അളവില്‍ ചേര്‍ത്ത് പ്രഭാത ഭക്ഷണത്തിനായി ഓട്‌സ് തയാറാക്കുന്ന അമ്മ. അവര്‍ ഒരേ സമയം പാചകത്തില്‍ അഗ്രഗണ്യയും കരിയര്‍ കൗണ്‍സിലറും, ശിശുരോഗ വിദഗ്ധയും ദന്തിസ്റ്റും, ജനറല്‍ ഫിസിഷ്യനും കായികപ്രതിഭയും ഒക്കെയാണ്, കുടുംബത്തിലുള്ളവരെയെല്ലാം വിവിധ രോഗങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ അവര്‍ ലോകത്തിലുള്ള എല്ലാ കീടാണുക്കളെകുറിച്ചും ഗവേഷണം നടത്തിക്കൊണ്ടേയിരിക്കുന്നു. തേച്ചുമിനുക്കിയ വെളുത്ത കോട്ടും ധരിച്ച് അവര്‍ തന്റെ കുസൃതിക്കാരനായ മകനോട് കൊതുകില്‍ നിന്നും സംരക്ഷണം നല്‍കുന്ന ക്രീമുകളെ കുറിച്ചും കൈകള്‍ വൃത്തിയായി സംരക്ഷിക്കുന്നതില്‍ ഹാന്‍ഡ് വാഷുകളുടെ ആവശ്യകതയെകുറിച്ചു സദാ സംസാരിക്കുന്നു. തന്റെ കുട്ടികളുടെ ഒപ്പം കളിക്കുന്നതിനായി അവര്‍ എല്ലാത്തരം ശിശുസുരക്ഷാ വിജ്ഞാനവും കഷ്ടപ്പെട്ട് നേടിയെടുക്കുന്നു.വെളുത്തനിറത്തിലുള്ള തുണികള്‍ മാത്രം തിരഞ്ഞു കണ്ടെത്തി വാഷിംഗ് മെഷീനില്‍ അലക്കാനായി ഇടുന്നു (വെളുത്ത തുണികള്‍ മാത്രമാണല്ലോ അലക്കേണ്ടത്). പഴകിയതും അഴുക്ക് പുരണ്ടതുമായ വസ്ത്രങ്ങള്‍ പുതുപുത്തന്‍ പോലെ വെട്ടിത്തിളങ്ങുന്നതാക്കാന്‍ അവര്‍ക്ക് ചുരുക്കം ചില നിമിഷങ്ങള്‍ മതിയാകും. നട്ടുച്ചക്ക് വീട്ടിലേക്ക് കയറിവരുന്ന അപരിചിതന് ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിലുള്ള തന്റെ വൈദഗ്ധ്യം തെളിയിച്ചു നല്‍കാന്‍ അല്പം മുന്‍പ് അഴിച്ച വെച്ച വെളുത്ത കോട്ടും ധരിച്ച് കയ്യില്‍ സൂഷ്മ പരിശോധിനിയുമായി അവര്‍ വീണ്ടുമെത്തുന്നു. അവശേഷിക്കുന്ന 0.01% കീടാണുക്കളേക്കൂടി നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ അപരിചിതന്‍ തന്റെ കയ്യിലുള്ള നീല ബോട്ടില്‍ പുറത്തെടുക്കുമ്പോള്‍ അമ്മക്ക് സന്തോഷം-ഇന്ന് ഇയാള്‍ ടോയ്‌ലറ്റ് വൃത്തിയാക്കികൊള്ളുമല്ലോ. സമര്‍ഥനായ പുരുഷന്‍ ബോട്ടില്‍ അമ്മക്ക് കൈമാറി തന്ത്രത്തില്‍ സ്ഥലം കാലിയാക്കുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടെത്തുന്ന മകന് ഹെല്‍ത്തി ഡ്രിംഗ് നല്‍കിയാല്‍ മാത്രം പോര-കളിസ്ഥലത്ത് വികൃതി കാണിച്ചെത്തുമ്പോഴേക്കും ന്യൂഡില്‍സ് തയ്യാറാക്കി സല്‍ക്കരിക്കുകയും വേണം. വഴിയിലുണ്ടായേക്കാവുന്ന അപകടങ്ങളെ ചെറുക്കാന്‍ എനര്‍ജി പായ്ക്കറ്റിലാക്കി കൊടുക്കാനും അവര്‍ മറക്കാറില്ല. മകളെ ഇംപ്രസ് ചെയ്യാന്‍ മൈതാനത്ത് നൃത്ത പരിശീലനവും, യോഗയും സൈക്കിള്‍ പ്രയോഗങ്ങളും വേറെയുമുണ്ട്. ഒരേ സമയം സൗന്ദര്യ സംരക്ഷണവും സ്വയംസുരക്ഷാ തന്ത്രങ്ങളും അവള്‍ക്കവര്‍ പഠിപ്പിച്ചു നല്‍കും. എല്ലാ രാത്രികളിലും പ്രിയപ്പെട്ടവരെ തേടി എത്തിയേക്കാവുന്ന വില്ലന്‍ രോഗങ്ങളെ ചെറുക്കാനുള്ള മാന്ത്രിക സ്പര്‍ശം അടുത്തു തന്നെ സൂക്ഷിക്കും.

നമ്മളില്‍ എത്ര പേര്‍ക്ക് പരിചയമുണ്ടാകും ഇത്തരത്തില്‍ ഒരമ്മയെ? പരസ്യവിപണികള്‍ സൃഷ്ടിക്കുന്ന ഇത്തരം സൂപ്പര്‍ വിമന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമേയല്ല. എങ്കിലും ബഹുമുഖപ്രതിഭകളായ അമ്മമാരെ അവര്‍ വീണ്ടുംവീണ്ടും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അത് സ്ത്രീയില്‍ ‘എന്നെപ്പോലെ എന്ന ചിന്ത ഉണ്ടാക്കുക മാത്രമല്ല പുരുഷനില്‍ തനിക്കു പ്രിയപ്പെട്ട ആരോ എന്ന ചിന്ത ഉണ്ടാക്കുമെന്നും ആ ചിന്ത ബഹുജനങ്ങളിലേക്ക് തങ്ങളെ കൊണ്ടെത്തിക്കുമെന്നും വാണിജ്യ കുത്തകകള്‍ മുന്‍കൂട്ടി കണ്ടു.

നാം കണ്ടുപരിചയിച്ച സാഹചര്യങ്ങളോടിണങ്ങിയും പിണങ്ങിയും, ചിലപ്പോല്‍ പൊട്ടിച്ചിരിച്ചും മറ്റ് ചിലപ്പോള്‍ അലമുറയിട്ടു കരഞ്ഞും ഇടക്ക് തുടര്‍ന്നുപോകുന്ന ദിനചര്യകളില്‍ നിന്ന് വിശ്രമം ആഗ്രഹിച്ചും മക്കളുടെ തെറ്റുകളില്‍ ശിക്ഷിച്ചും ശകാരിച്ചും ജീവിക്കുന്ന അമ്മമാരെ സൃഷ്ടിക്കാന്‍ വിപണി എല്ലായിപ്പോഴും മടിച്ചു. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ വിമര്‍ശന ബുദ്ധിയോടെയുള്ള ഒരു ചെറു ചിന്ത മതിയാകും. എന്നാല്‍ ബഹുഭൂരിപക്ഷവും ശ്രമിച്ചത് പരസ്യ ലോകം സഷ്ടിച്ചെടുത്ത മാതൃബിംബങ്ങളെ തനിക്ക് ചുറ്റുമുള്ളതിനോട് ചേര്‍ത്ത് വായിക്കാനാണ്.
മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊടുത്തും മക്കളുടെയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങള്‍ അലക്കികൊടുത്തും സംതൃപ്തയാകുന്ന അമിത മഹത്വവത്കരിക്കപ്പെടുന്ന അമ്മക്ക് അപ്പുറത്ത് തനതായ വ്യക്തിത്വത്തോടെ നിലകൊള്ളുന്ന ഒരമ്മയെ ഒപ്പിയെടുക്കാന്‍ പരസ്യവിപണിക്ക് താല്‍പ്പര്യമേയില്ല. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഉല്‍പന്നങ്ങളില്‍പോലും ആ കുറവ് നികത്തുന്നതുമില്ല. പരസ്യം എല്ലായിപ്പോഴും അമ്മമാരെ അലക്കിപ്പിച്ചും ഭക്ഷണമുണ്ടാക്കിയും നിര്‍വൃതി അടഞ്ഞു. എന്തുകൊണ്ട് അമ്മ മാത്രം എല്ലായിപ്പോഴും കീടാണുക്കളെകുറിച്ചും വസ്ത്രങ്ങളെ കുറിച്ചും ബോധവതിയായിരിക്കണമെന്നത് പരസ്യങ്ങള്‍ മാറ്റി ചിന്തിക്കാന്‍ തയ്യാറാകുന്നതുമില്ല. വീടിന്റെ ഉത്തരവാദിത്വങ്ങളില്‍ അച്ഛനും അമ്മക്കും തുല്യ പങ്കെന്ന് സാമൂഹിക പാഠങ്ങള്‍ പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ഈ പരസ്യങ്ങളിലെ അച്ഛന്‍മാര്‍ എവിടെ? എന്നതിനെകുറിച്ച് പലപ്പോഴും സൂചനകള്‍ പോലുമില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അവര്‍ ഫാന്‍സി കാറുകളില്‍ സാഹസിക യാത്ര നടത്തുന്ന ബിസ്‌നസ് ചിന്തകളോടു കൂടിയ വിശാലമായ ലോകത്ത് ജീവിക്കുന്നുണ്ടാകും.