Sunday
08 Dec 2019

വ്യവസ്ഥാപിതമായൊരു ലൈംഗിക ജീവിതാവസ്ഥയാണാവശ്യം

By: Web Desk | Thursday 15 March 2018 9:48 PM IST


പ്രതീകാത്മക ചിത്രം

എം ജോണ്‍സണ്‍ റോച്ച്

ത്തോലിക്കാ പുരോഹിത്മാരുടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന കപട ബ്രഹ്മചര്യത്തിന്റെ മുഖംമൂടി ആനുകാലിക വാര്‍ത്തകളിലൂടെ നമ്മുടെ കേരളത്തിലും കൂടെക്കൂടെ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശവനിതയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി ദിവസങ്ങളോളം പീഡിപ്പിച്ചതിന്, ആ വിദേശവനിതയുടെ പരാതിയില്‍ കല്ലറ മണിയന്‍തുരുത്തി സെന്റ്മാത്യൂസ് പള്ളിവികാരി ഫാദര്‍ തോമസ് താന്നിനില്‍ക്കും തടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യാന്തര സന്ദര്‍ശനത്തിനിടയ്ക്കിടെ കത്തോലിക്കാ പുരോഹിത്മാരുടെ ബാലപീഡനത്തിന് മാപ്പ് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ കാത്തലിക് ചൈല്‍ഡ് ബ്യൂറോ പ്രതിനിധികളുടെ വേദിയിലും തിരുസഭയിലെ വൈദികരുടെ ബാലപീഢനത്തിന് മാര്‍പ്പാപ്പ മാപ്പ് ചോദിക്കുകയുണ്ടായി. അവിടെ ബാലപീഢനം സഭയുടെ നാണക്കേടാണെന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക് പതിനാറാമന്‍ ജര്‍മനിയിലെത്തിയപ്പോഴും പുരോഹിതന്മാരുടെ ലൈംഗിക ചെയ്തികളില്‍ സഭാവിശ്വാസികളോട് മാപ്പ് ചോദിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പോപ്പുമാരുടെ ഏറ്റുപറച്ചിലുകളും കുറ്റസമ്മതങ്ങളും ക്ഷമായാചനകളും സഭയുടെ മാനം കാക്കാനായി നഷ്ടപരിഹാരം നല്‍കുന്നതും ഒരു തുടര്‍ക്കഥയായി തുടരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ അവകാശസംരക്ഷണത്തിനായുള്ള കമ്മറ്റി റിപ്പോര്‍ട്ടില്‍ കുട്ടികള്‍ക്കു നേരെയുള്ള കത്തോലിക്കാ പുരോഹിത്മാരുടെ ലൈംഗിക പരാക്രമങ്ങളെ വളരെയധികം ഗൗരവത്തോടെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.

തങ്ങള്‍ തിരുസഭയിലെ പുരോഹിത്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണെന്നും ഈ പുരോഹിതന്മാര്‍ക്ക് വിവാഹബന്ധം വിലക്കിയിരിക്കുന്നതിനാല്‍ തങ്ങളെ വിവാഹം ചെയ്യാന്‍ ഈ പുരോഹിതന്മാര്‍ക്ക് ആവുന്നില്ലെന്നും അതിനാല്‍ വിലക്ക് നിയമം എടുത്തുമാറ്റി തങ്ങളെ വിവാഹം ചെയ്യാന്‍ ഈ പുരോഹിതന്മാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറ് റോമന്‍ കത്തോലിക്കാ സ്ത്രീകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചിരിക്കുന്നു. അവരുടെ പേരും വിലാസവും ഫോണ്‍നമ്പരും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ രഹസ്യബന്ധം ഇങ്ങനെ തുടരണോ അതോ പൗരോഹിത്യം ഉപേക്ഷിക്കണോ എന്ന സമ്മര്‍ദത്തിലാണ് ഇവരുടെ കാമുകന്മാരെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ മാര്‍പ്പാപ്പായുമായി പങ്കുവയ്ക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിലെ ഈ വിവരങ്ങളെല്ലാം റോമിലെ വെബ്‌സൈറ്റ് തന്നെയാണ് പുറത്തുവിട്ടത്. എങ്ങും എത്താതെ നില്‍ക്കുന്ന അഭയകേസും നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ”നന്മ നിറഞ്ഞവളേ സ്വസ്തി” എന്ന പുസ്തകത്തിലൂടെ സിസ്റ്റര്‍ മേരിചാണ്ടിയുടെ വെളിപെടുത്തലുകളും ശ്രദ്ധേയങ്ങളാണ്.
ഇക്കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് കത്തോലിക്കാ പുരോഹിതന്മാരുടെ ലൈംഗിക ജീവിതാവസ്ഥയെക്കുറിച്ചൊരു തീരുമാനം എടുക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു എന്നാണ്. സഭയിലെ പുരോഹിത-കന്യാസ്ത്രീ സമൂഹത്തിന് സദാചാരത്തിലൂന്നിയ വ്യവസ്ഥാപിതമായൊരു ലൈംഗികാവസ്ഥയ്ക്ക് രൂപം കൊടുക്കണം. അല്ലാത്തപക്ഷം ഇവര്‍ ലൈംഗിക അരാജകത്വം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഇനിയെങ്കിലും റോമന്‍ കത്തോലിക്കാ സഭയുടെ സുന്നഹദോസ് പുരോഹിതന്മാരുടെ വിവാഹവിലക്ക് നീക്കി ഇവര്‍ക്ക് വിവാഹം അനുവദിച്ചുകൊടുക്കാനുള്ള തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടത്.