
വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ, ഏകദേശം 6.15 കോടി രൂപ വിലമതിക്കുന്ന ചിത്രം നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ‘സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ’ എന്ന എണ്ണച്ചായ ചിത്രം, മാഡ്രിഡിൽ നിന്ന് തെക്കൻ നഗരമായ ഗ്രാനഡയിലെ ചിത്രപ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് കാണാതായത്. കാജഗ്രാനഡ ഫൗണ്ടേഷൻ സംഘടിപ്പിച്ച “സ്റ്റിൽ ലൈഫ്, ദി എറ്റേണിറ്റി ഓഫ് ദി ഇന്നർട്ട്” എന്ന പ്രദർശനത്തിനായി ഉൾപ്പെടുത്തിയിരുന്ന 57 കലാസൃഷ്ടികളുടെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. ഈ ശേഖരം സെപ്റ്റംബർ 25ന് മാഡ്രിഡിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഇത് ഗ്രാനഡയിലേക്ക് മാറ്റിയെങ്കിലും, പിക്കാസോയുടെ ചിത്രം എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഫൗണ്ടേഷൻ ഒക്ടോബർ 10ന് പൊലീസിൽ പരാതി നൽകി.
കാജ ഗ്രാനഡ കൾച്ചറൽ സെന്ററിൽ നിശ്ചയിച്ച പ്രകാരം പ്രദർശനം നടന്നെങ്കിലും, പ്രധാന കലാസൃഷ്ടിയായ പിക്കാസോ ചിത്രം ഇല്ലാത്തത് സംഘാടകരെ വിഷമത്തിലാക്കി. പ്രദർശനത്തിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളിൽ നിന്നുള്ളതാണെന്ന് ഫൗണ്ടേഷൻ അറിയിച്ചു. പിക്കാസോയുടെ ചിത്രങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശസ്തിയും ഉയർന്ന വിപണി മൂല്യവുമുള്ളതിനാൽ അവ പലപ്പോഴും മോഷണ ശ്രമങ്ങൾക്ക് വിധേയമാകാറുണ്ട്. അദ്ദേഹത്തിൻ്റെ രണ്ട് ചിത്രങ്ങൾക്ക് അടുത്തിടെ നടന്ന ലേലങ്ങളിൽ 140 മില്യൺ ഡോളറിലധികം വില ലഭിച്ചിരുന്നു. 1976ൽ ഫ്രാൻസിലെ പാലൈസ് ഡെസ് പേപ്പസ് മ്യൂസിയത്തിൽ നിന്ന് 100ലധികം പിക്കാസോ പെയിന്റിംഗുകൾ മോഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇവയെല്ലാം കണ്ടെത്തുകയായിരുന്നു. ചിത്രം കാണാതായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.