September 28, 2022 Wednesday

പണത്തിനു പകരം ഉത്തേജനം

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 15, 2020 9:30 pm

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ ഉദ്ഘോഷിച്ച് കോവിഡ് പാക്കേജ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ മൂന്നാം ഭാഗമാണ് ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നേരിട്ടു പണം നല്‍കാനല്ല പകരം ജനങ്ങള്‍ക്ക് ഉത്തേജനം നല്‍കാനാണ് പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് ബാധയില്‍ തിരിച്ചടി നേരിട്ട കാര്‍ഷിക മേഖലയ്ക്കാണത്രെ മൂന്നാം ഭാഗത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പതിനൊന്ന് പ്രഖ്യാപനങ്ങളാണ് ഇന്നലെ നടത്തിയത്. ഇവയില്‍ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതും. മൂന്ന് പ്രഖ്യാപനങ്ങള്‍ ഭരണ രംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.

കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് 85 ശതമാനവും ചെറുകിട നാമമാത്ര കര്‍ഷകരാണുള്ളത്. വിതരണ ശൃംഖല നിലനിര്‍ത്തി കാര്‍ഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് മാസം 74,300 കോടി രൂപയുടെ ഉല്പന്നങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം വാങ്ങിയത്. പി എം കിസാന്‍ ഫണ്ട് വഴി 18,700 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6,400 കോടി രൂപ പി എം ഫസല്‍ ഭീമ യോജന വഴി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് 25 ശതമാനം വരെ പാല്‍ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ചു. 111 കോടി ലിറ്റര്‍ പാല്‍ അധികമായി വാങ്ങാന്‍ 4,100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി. ചെമ്മീന്‍ കൃഷിക്കടക്കം മത്സ്യബന്ധന മേഖലക്ക് സഹായങ്ങള്‍ നല്‍കി. ഹാച്ചറികളുടെ രജിസ്‌ട്രേഷന് കൂടുതല്‍ സമയം നല്‍കി.

കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. കൂടുതല്‍ കോള്‍ഡ് സ്‌റ്റോറേജ് ചെയിന്‍ സ്ഥാപിക്കും. ആഗോള തലത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി. മത്സ്യബന്ധന മേഖലയില്‍ 20,000 കോടിയുടെ പദ്ധതി. മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ ചെറുക്കാന്‍ 13,343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിനേഷന്‍ നല്‍കി.

ക്ഷീരോല്‍പ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി മാറ്റിവച്ചു. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കും.

തേനീച്ച കൃഷിക്ക് 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കര്‍ഷകരെയെല്ലാം ബാധിച്ചു. അതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിച്ചുവയ്ക്കാനുള്ള ചെലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും.

അവശ്യ ഉല്‍പ്പന്നങ്ങളുടെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവച്ചാല്‍ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഭക്ഷ്യക്ഷാമം ഉണ്ടാവുക, പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോള്‍ മാത്രം ഇത്തരം വിളകളുടെ കാര്യത്തില്‍ പൂഴ്ത്തിവെയ്പ്പ് തടഞ്ഞാല്‍ മതിയെന്നാണ് ഭേദഗതി. കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നത് സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരും.

വിള ലൈസന്‍സുള്ള ഭക്ഷ്യോല്‍പ്പാദന സംഘങ്ങള്‍ക്ക് മാത്രമേ ഇത് വില്‍ക്കാനാവൂ. ഈ തടസം നീക്കാനാണ് ശ്രമം. ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് വിള നല്‍കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതാവും പുതിയ നിയമം. കാര്‍ഷിക ഉത്പന്നങ്ങളുടെ ഫ്യൂച്ചര്‍ കച്ചവടം സാധ്യമാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: The  covid finan­cial scheme is intend­ed to stim­u­late the peo­ple rather than pay them directly.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.