Tuesday
22 Oct 2019

ഉത്തേജക പാക്കേജുകള്‍ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്നു

By: Web Desk | Monday 16 September 2019 10:34 PM IST


സമ്പദ്ഘടനയെ ഗ്രസിച്ചിരിക്കുന്ന കടുത്ത മാന്ദ്യത്തിനെ അതിജീവിക്കാനെന്ന പേരില്‍ ധനമന്ത്രി ശനിയാഴ്ച മറ്റൊരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. അത് സമ്പദ്ഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള അനുകൂല പ്രതികരണം സൃഷ്ടിക്കുമെന്ന യാതൊരു സൂചനയും നിലവിലില്ല. റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി രംഗങ്ങളെ ലക്ഷ്യമാക്കിയാണ് മൂന്നാം ഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കടുത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന റിയല്‍ എസ്റ്റേറ്റ് രംഗത്ത് മോഡി സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായ യാതൊരു പ്രതികരണവും സൃഷ്ടിക്കില്ലെന്ന് പ്രമുഖ നിര്‍മാതാക്കള്‍തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ വിലയിരുത്തുന്നതിനെക്കാള്‍ ആഴമേറിയ പ്രതിസന്ധിയാണ് ആ രംഗത്ത് നിലനില്‍ക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം നിക്ഷേപം നടക്കുന്നതും വന്‍തോതില്‍, നൈപുണ്യം ഉള്ളവരും ഇല്ലാത്തവരുമായ, തൊഴില്‍ ശക്തി വിനിയോഗിക്കപ്പെടുന്നതും ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതുമായ കാതല്‍ സാമ്പത്തിക മേഖലയാണ് ഇത്. കയറ്റുമതി രംഗത്തെ ഉത്തേജിപ്പിക്കാന്‍ അമ്പതിനായിരം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രഖ്യാപിക്കപ്പെട്ട മൊത്തം തുകയില്‍ 40-45,000 കോടി രൂപ കയറ്റുമതി പ്രോത്സാഹനത്തിനായി വിവിധ ഇനങ്ങളിലായി തിരികെ നല്‍കേണ്ട തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ ഉത്തേജകമായി വകയിരുത്തപ്പെട്ടിട്ടുളളത് കേവലം 5,000 മുതല്‍ 10,000 കോടി രൂപ വരെ മാത്രമാണ്. രാജ്യത്തിനു വിലപ്പെട്ട വിദേശ നാണ്യം നേടിത്തരുന്നതും വ്യാപാര കമ്മി നികത്തുന്നതില്‍ നിര്‍ണായകവുമായ മേഖലയോടുള്ള മോഡി സര്‍ക്കാരിന്റെ കുറ്റകരമായ നിസംഗ സമീപനമാണ് ഈ പ്രഖ്യാപനം തുറന്നുകാട്ടുന്നത്. ചുരുക്കത്തില്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയെ മാധ്യമ സമ്മേളനം വഴിയുള്ള പബ്ലിക് റിലേഷന്‍സ് വ്യായാമം കൊണ്ട് നേരിടാമെന്ന ധനമന്ത്രിയുടെയും മോഡി സര്‍ക്കാരിന്റെയും വ്യാമോഹമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനു മുമ്പ് നടത്തിയ രണ്ട് പ്രഖ്യാപനങ്ങളെപ്പോലെതന്നെ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രം ലക്ഷ്യംവച്ചുള്ളതായിരുന്നു മൂന്നാം ഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപനവുമെന്ന് പറയേണ്ടി വരും.

അധികാര രാഷ്ട്രീയ ലഹരിക്ക് അടിമകളായി മാറിയ ഒരു പറ്റം ആളുകളാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഭരണരംഗം കയ്യാളുന്നത്. ഒരിക്കലും കൈവിട്ടുപോകാതെ അധികാരത്തില്‍ അനന്തമായി അഭിരമിക്കുക, അത് ഉറപ്പാക്കുന്ന ഏത് കുടിലതന്ത്രങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കുക, എന്നതിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയത്തില്‍ ഇടമില്ലെന്നാണ് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നത്. സമ്പദ്ഘടന രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍മ്മലാ സീതാരാമന്‍ ഇക്കൊല്ലത്തെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. അതിന്റെ ബീഭത്സമായ സൂചനപോലും ഉള്‍ക്കൊള്ളാതെയാണ് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റിമറിക്കുന്നതിനെപ്പറ്റി അവര്‍ വാചാലമായത്. കഴിഞ്ഞ 45 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയുടെയും ലക്ഷങ്ങള്‍ അടച്ചുപൂട്ടലിന്റെ കരിനിഴലിലായ ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ പ്രതിസന്ധിയും കണ്ട ഭാവംപോലും നടിക്കാതെയായിരുന്നു അവരുടെ ബജറ്റ് വാചാടോപം. ഇപ്പോള്‍ അവര്‍ പിന്തുടരുന്ന വിനാശകരമായ സാമ്പത്തിക നയപരിപാടികളുടെ ഉപജ്ഞാതാക്കളായ അന്താരാഷ്ട്ര നാണ്യനിധിപോലും തകര്‍ച്ച അവരുടെ തന്നെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണെന്ന് തുറന്നു പറയുന്നു. ആ യാഥാര്‍ഥ്യം അംഗീകരിക്കാനോ അനുയോജ്യവും പ്രവര്‍ത്തനക്ഷമവുമായ പ്രതിവിധി നിര്‍ദേശിക്കാനോ ഇനിയും അവര്‍ സന്നദ്ധമായിട്ടില്ല. ഏത് രോഗത്തിന്റെയും ചികിത്സ സൂക്ഷ്മതയോടുള്ള രോഗനിര്‍ണയത്തെ ആശ്രയിച്ചിരിക്കുന്നു. മോഡി സര്‍ക്കാരും നിര്‍മ്മലാ സീതാരാമനും ആ യാഥാര്‍ഥ്യത്തെ അപ്പാടെ നിഷേധിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിനു കാരണം ചാക്രികമല്ലെന്നും ഘടനാപരമാണെന്നും സാമ്പത്തിക വിദഗ്ധരും സംഘടനകളും ഒരുപോലെ പറയുന്നു. ഘടനാപരം എന്നത് അവരുടെ കാഴ്ചപ്പാടിലും വിശകലനത്തിലും കോര്‍പ്പറേറ്റ് അനുകൂല പരിഷ്‌കാരങ്ങളാണ്. എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു ബ്രഹദ് രാഷ്ട്രത്തില്‍ അത് തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരും പട്ടിണി പാവങ്ങളുമടങ്ങുന്ന അനേക കോടി ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്.

മോഡി സര്‍ക്കാരിന്റെ ഭ്രാന്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ തകര്‍ന്നുപോയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് കാതലായ പ്രശ്‌നം. അതിന് തൊഴിലും വരുമാനവുമുള്ള, ക്രയശേഷിയുള്ള, ഒരു ജനസഞ്ചയം കൂടിയെ തീരൂ. കൃഷിയിടങ്ങളിലും പണിശാലകളിലും ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളും ഉപഭോഗ വസ്തുക്കളും വാങ്ങാന്‍ ശേഷിയുള്ള ജനത തന്നെയാണ് പ്രശ്‌നം. അതിന് ആവശ്യമായ നടപടി സ്വീകരിക്കാതെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉത്തേജക പാക്കേജുകള്‍ ഫലത്തില്‍ പൊതുജനങ്ങളുടെ സമ്പത്ത് കോര്‍പ്പറേറ്റ് ലാഭാര്‍ത്തിയുടെ തമോഗര്‍ത്തങ്ങളില്‍ നിക്ഷേപിക്കലായിരിക്കും. അത്തരമൊരു സാമ്പത്തിക ഉത്തേജക നയപരിപാടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുക എന്നതുതന്നെയാണ് മുഖ്യ വെല്ലുവിളി. ജനതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ ശക്തികളും അതിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.