ലോക സമ്പദ് വ്യവസ്ഥ കീഴ് മേൽ മറിഞ്ഞ സാഹചര്യത്തിൽ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന ലക്ഷ്യങ്ങൾ നടക്കില്ലെന്നുറപ്പായി. വിപണിയിലെ മോശം സാഹചര്യങ്ങൾ മൂലം പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടിരുന്ന തുക മുൻവർഷങ്ങളിലൊന്നും സമാഹരിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണയും പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ 2.15 ലക്ഷം കോടി രൂപ വരുമാനമാണ് കേന്ദ്ര ബജറ്റിൽ വിഭാവനം ചെയ്തത്. ഓഹരി വിപണിയിലെ തകർച്ച മൂലം ഈ ലക്ഷ്യം നേടാൻ സാധിക്കില്ലെന്ന് ഏതാണ്ടുറപ്പായി. എയർ ഇന്ത്യയുടെ ഓഹരി വിൽപ്പന നടക്കുമോയെന്ന കാര്യം പോലും പറയാൻ കഴിയില്ല സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഓഹരി വില വ്യാഴാഴ്ച വൻ ഇടിവ് നേരിട്ടെങ്കിലും ഇന്നലെ ഉയർന്ന് 376 രൂപയിലെത്തി. പക്ഷേ നവംബറിലെ 549 രൂപ എന്ന തലത്തിൽ നിന്ന് ഏറെ ഇടിവാണിത്. കേന്ദ്ര സർക്കാർ ഏറെ പ്രതീക്ഷയോടെ മുന്നോട്ടുവെച്ച എൽഐസി ഓഹരി വിൽപ്പന. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും ദീർഘനാൾ നീണ്ടുനിൽക്കുകയും ചെയ്താൽ എൽഐസി വിൽപ്പന വഴി സമാഹരിക്കാൻ ഉദ്ദേശിച്ച തുകയും ലഭിക്കാനിടയില്ല.
സ്വകാര്യ നിക്ഷേപകർ കളമൊഴിഞ്ഞു നിൽക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പന കൂടി അവതാളത്തിലാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ കാര്യം പരിങ്ങലിലാവും അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള നിക്ഷേപം, പിഎം കിസാൻ പോലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾക്കുള്ള വിഹിതം തുടങ്ങി എല്ലാത്തിനെയും ഈ വരുമാന വരൾച്ച പ്രതികൂലമായി ബാധിക്കും. രാജ്യത്ത് നിക്ഷേപം വേണ്ട രീതിയിൽ നടക്കാതിരിക്കുന്നതിനൊപ്പം സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ സാധാരണക്കാരുടെ കൈകളിലേക്ക് പണം വരാത്ത സാഹചര്യം കൂടി വന്നാൽ ഡിമാന്റ് ഇനിയും ഇടിയും. ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ഡിമാന്റിലുണ്ടായ ഇടിവാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിമാന്റിൽ വീണ്ടും ഇടിവ് സംബന്ധിച്ചാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും ബിപിസിഎൽ ഓഹരി വിൽപ്പനയ്ക്കെതിരെ കൊച്ചിയിൽ കഴിഞ്ഞ നാലുമാസമായി തൊഴിലാളികൾ സമരത്തിലാണ്. ബിപിസിഎല്ലിന്റെ ഓഹരിവിലകൾ വളരെ മൂല്യം കുറച്ചാണ് കണക്കാക്കിയിരുന്നതെന്ന ആരോപണം തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നു. മൊത്തം 1.03 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ബിപിസിഎല്ലിന് കണക്കാക്കുന്നത്.
you may also like this video;
വളരെ കുറച്ചുള്ള മൂല്യ നിർണ്ണയമാണ് നടത്തിയിട്ടുള്ളതെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 53.29 ശതമാനം വരുന്ന സർക്കാർ ഓഹരികളുടെ വില 54,000 കോടി മുതൽ 60, 000 കോടി രൂപ വരെയെന്ന് വിലയിരുത്തുന്നു. സർക്കാർ ഓഹരികൾ വാങ്ങുന്ന നിക്ഷേപകർ, കമ്പനിയിലെ 26 ശതമാനം വരുന്ന ന്യൂനപക്ഷ ഓഹരികളും ഓപ്പൺ ഓഫറിലൂടെ വാങ്ങേണ്ടിവരും. ഇതിന് വേണ്ടത് 30, 000 കോടി രൂപയാണ്. കൊച്ചിക്കു പുറമേ മുംബൈ, മദ്ധ്യപ്രദേശിലെ ബിന, അസ്സമിലെ നുമാലിഗഢ് എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബിപിസിഎല്ലിനുള്ളത്. ഇവയുടെ വാർഷിക ഉത്പാദനശേഷിയായ 38.3 മില്യൺ ടൺ ഇന്ത്യയുടെ മൊത്തം ഉത്പാദനശേഷിയുടെ 15 ശതമാനമാണ്. ഇന്ത്യയുടെ മൊത്തം പെട്രോളിയം ഉത്പന്ന ഡിമാൻഡിന്റെ 21 ശതമാനവും പൂർത്തിയാക്കുന്നത് ബി പി സി എല്ലാണ്. 15,177 പെട്രോൾ പമ്പുകൾ ബിപിസിഎല്ലിനുണ്ട്. എൽപിജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽപിജി ഡിസ്ട്രിബ്യൂട്ടർ എജൻസികൾ 6,011. 35.3 മില്യൺ ടൺ ശേഷിയുള്ള നുമാലിഗഢ് ഒഴികെയുള്ള മൂന്നു റിഫൈനറികളാണ് വിറ്റഴിക്കുക. നുമാലിഗഢ് റിഫൈനറി ഇന്ത്യൻ ഓയിലിനു വിൽക്കാനുള്ള നിർദ്ദേശമാണുള്ളത്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും ഒട്ടേറെ കരാർ ജോലിക്കാരെയും ബാധിക്കുന്ന ബിപിസിഎൽ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കത്തു വഴി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎൽ നടത്തിയത്. ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സർക്കാർ കൂടി മുൻകൈയെടുത്താണ്. റിഫൈനറിയിൽ കേരളത്തിന് അഞ്ചുശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎൽ ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തിന്റെ ഓഹരി നിലനിറുത്തുകയും ബോർഡിൽ ഒരു ഡയറക്ടറെ ഉൾപ്പെടുത്തുകയും ചെയ്തു. ബിപിസിഎൽ ഉത്പാദനശേഷി വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാനം സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നൽകി. 85 കോടി വരുന്നവർക്ക് കോൺട്രാക്ട് നികുതി പൂർണമായി തിരിച്ചു നൽകാൻ സമ്മതിച്ചു. കമ്പനിയുടെ ശേഷി വർദ്ധിക്കുമ്പോൾ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീർഘകാല വായ്പയായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയിൽ 1,500 കോടി രൂപയാണ് നൽകാൻ നിശ്ചയിച്ചത്. ബിപിസിഎല്ലിന് സമീപം വൻകിട പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രൂഡ് ഓയിൽ സംസ്കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാർത്ഥങ്ങളാണ് പാർക്കിൽ ഉത്പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കൽ കോംപ്ലക്സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സ്വകാര്യവത്കരണം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.