മുംബൈ: യുഎസ്-ഇറാൻ യുദ്ധഭീതിയിൽ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒരുദിനംകൊണ്ട് മൂന്നുലക്ഷം കോടിയുടെ കനത്ത നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്. ഇറാന്‍-യുഎസ് സംഘര്‍ഷം ശക്തി പ്രാപിക്കുമെന്ന ആശങ്കയെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ഇതോടൊപ്പം രൂപയുടെ മൂല്യം ഡോളറിനെതിരെ 72 കടന്ന് താഴ്ന്നതും മാന്ദ്യം നേരിടുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മറ്റൊരു പ്രഹരമായി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 788 പോയിന്റ്, അതായത് 1.90 ശതമാനത്തോളം താഴ്ന്ന് 40,676.63 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 234 പോയിന്റ് താഴ്ന്ന് 11,993.05 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 വിഭാഗത്തിലെ 46 ഓഹരികൾക്കും നഷ്ടം നേരിട്ടു. എസ്ബിഐയ്ക്ക് 4.6 ശതമാനം ഇടിവാണ് നേരിട്ടത്.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രത്യേകവിഭാഗമായ കുദ്‌സ് ഫോഴ്‌സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുന്നത്. ഇതുമൂലം ആഗോള തലത്തില്‍ എണ്ണ വിതരണത്തിലടക്കം സമ്മര്‍ദ്ദങ്ങള്‍ ശക്തമായിട്ടുണ്ട്.
ഇതോടെ ഇന്നലെയും ക്രൂഡ് ഓയില്‍ വില മൂന്ന് ശതമാനത്തോളം വര്‍ധിച്ചു.
ബ്രെൻറ് ക്രൂഡ് ബാരലിന് 70.59 ഡോളറായാണ് ഉയർന്നിരിക്കുന്നത്. സെപ്റ്റംബറിൽ സൗദി അരാംകോയ്ക്ക് എതിരായ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയിലെ ഇന്ധന വില ഇതോടെ 13 മാസത്തെ ഉയർന്ന നിരക്കിലായി. എണ്ണയുടെ 84 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്നാണ് 60 ശതമാനവും വാങ്ങുന്നത്.
യുദ്ധഭീതിയിൽ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപ. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 72.03 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച വിപണിയിൽ രൂപ യുഎസ് ഡോളറിനെതിരെ 72.11 ലേക്ക് ഇടിഞ്ഞു. മുൻ ക്ലോസിംഗിനെ അപേക്ഷിച്ച് 31 പൈസ കുറവാണ് മൂല്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വർണ വില റെക്കോഡിൽ
പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷത്തെത്തുടർന്ന് സ്വർണ വില റെക്കോഡിൽ. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയ്ക്കാണ് സ്വര്‍ണത്തെ കാണുന്നത്. ഒരാഴ്ചകൊണ്ട് സ്വര്‍ണത്തിന് നാല് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് സൂചന.
സ്വര്‍ണ വില ഇന്നലെ കേരളത്തിൽ പവന് 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200 രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. എംസിഎക്സിൽ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയര്‍ന്നു. 918 രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1.5 ശതമാനം വര്‍ധിച്ച് 1,579.55 ഡോളറായി.
English summary: Stock market
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.