Web Desk

മുംബൈ

March 09, 2020, 10:59 pm

കൊറോണ ഭീതിയിൽ ഓഹരിവിപണികൾ തകർന്നടിഞ്ഞു

Janayugom Online

ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ മാന്ദ്യത്തിലായ ഓഹരി വിപണി കനത്ത തകര്‍ച്ചയിലേക്ക്. ഒരുദിവസംകൊണ്ട് ഏഴുലക്ഷം കോടി രൂപയുടെ നിക്ഷേപക മൂല്യമാണ് നഷ്ടമായത്. ആഗോളവിപണികളും വൻ ആഘാതമാണ് നേരിട്ടത്. നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിക്കാന്‍ തുടങ്ങിയതാണ് ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാവാന്‍ കാരണമായത്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 2.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം കൊറോണ ഉണ്ടാക്കിയെന്നാണ് വിലയിരുത്തുന്നത്. ബിഎസ്ഇ സൂചികയായ സെന്‍സെക്‌സ് 1,941.67 പോയിന്റ് താഴ്ന്ന് ഏകദേശം 5.17 ശതമാനം ഇടിവ് രേഖപ്പെടുത്തി 35634.95 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 538.00 പോയിന്റ് താഴ്ന്ന് അതായത് 4.90 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 10451.50 ലേക്കെത്തി. യെസ് ബാങ്കിന്റെ തകര്‍ച്ചയും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 30 ശതമാനം ഇടിഞ്ഞതും ഓഹരി വിപണിക്കു ദോഷകരമായി. ലണ്ടൻ ഓഹരി സൂചികയായ എഫ്‌ടിഎസ്ഇ ഒൻപത് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2008ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ തകർച്ചയാണിത്. ആറായിരം പോയിന്റ് ഇടിവാണ് വ്യാപാരം തുടങ്ങിയ ഉടൻ തന്നെ ഉണ്ടായത്. എണ്ണക്കമ്പനികളുടെ ഓഹരികളിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ് പെട്രോളിയം പതിനെട്ട് ശതമാനം ഇടിഞ്ഞു. യൂറോപ്പിലെ എല്ലാ വിപണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. ജർമ്മനിയുടെ ഡാക്സ് 7.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാൻസിന്റെ കാക് 7.6 ശതമാനം താഴ്ന്നു. സ്പെയിനിലെ ഇബെക്സ് ഏഴ്ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എം ക്യാപ് മൂല്യം വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 1,44,31,224.41 കോടി രൂപയായിരുന്നു.

ഇന്നലെ ഉച്ചയോടെ രേഖപ്പെടുത്തിയ മൊത്തം മൂല്യം 1,39,39,640.96 കോടിയാണ്. ഒഎന്‍ജിസി, റിലയന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്നലെ പ്രധാനമായും ഇടിവ് നേരിട്ടത്. അതേസമയം യെസ് ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി. മൂഡിയുടെ ഗ്ലോബല്‍ മാക്രോ ഔട്ട് ലുക്ക് 2020–21 പുറത്തുവന്നതും ഓഹരി വിപണിക്കു ദോഷകരമായി. കൊറോണ വൈറസ് മൂലം 2020 ന്റെ ആദ്യ പകുതിയില്‍ പല രാജ്യങ്ങളിലും സാമ്പത്തികത്തളര്‍ച്ച ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

you may also like this video;

മൂല്യമിടിഞ്ഞ് രൂപ; 52 ആഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊറോണ വൈറസ് ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ സാമ്പത്തിക മാന്ദ്യം വർധിക്കുമെന്ന ആശങ്കകൾക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. യുഎസ് ഡോളറിനെതിരെ 25 പൈസ കുറഞ്ഞ് 74.03ലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം രൂപ 74.12 എന്ന നിലയിൽ എത്തി. 52 ആഴ്ച്ചകളിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഓഹരി വിപണിയിലെ ദുർബലമായ തുടക്കവും വിദേശ ഫണ്ട് ഒഴുക്കും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. വിദേശ വിപണിയിൽ അമേരിക്കൻ കറൻസി ദുർബലമാകുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യുന്നത് രൂപക്ക് ആശ്വാസമായിരുന്നെങ്കിലും കൊറോണ വൈറസ് പടരുന്നത് മൂലം പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

എണ്ണ വിലയിൽ കനത്ത ഇടിവ്

എണ്ണ വിലയിൽ കനത്ത ഇടിവ്. കൊറോണ പ്രതിസന്ധിയും സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധത്തെയും തുടർന്ന് എണ്ണ വില 30 ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറഞ്ഞതോടെയാണ് വിലയുദ്ധം മുറുകിയത്. എണ്ണവില ഇന്നലെ ബാരലിന് 14.25 ഡോളർ അഥവാ 31.5 ശതമാനം ഇടിഞ്ഞ് 31.02 ഡോളറിലെത്തി. ആദ്യത്തെ ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ 1991 ജനുവരി 17 ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇത്. 2016 ഫെബ്രുവരി 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒപെക്കും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാർ മാർച്ച് അവസാനത്തോടെ അവസാനിക്കാനിരിക്കെ, ഏപ്രിലിൽ പ്രതിദിനം 10 മില്യൺ ബാരലിന്റെ (ബിപിഡി) ക്രൂഡ് ഉൽ‌പാദനം ഉയർത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ വീണ്ടും വിലകുറയുമെന്നാണ് സൂചന.