ബേബി ആലുവ

കൊച്ചി:

April 15, 2021, 8:56 pm

ഓഹരിവില്പന: കമ്പനികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി

Janayugom Online

തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനുള്ള കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ പുതിയ പട്ടിക നിതിആയോഗ് തയ്യാറാക്കിത്തുടങ്ങി. വില്പന സംബന്ധിച്ച ബജറ്റ് നിർദ്ദേശം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടർന്നാണിത്. തന്ത്രപ്രധാന മേഖലയിൽ, സ്വകാര്യവത്കരിക്കുകയോ ലയിപ്പിക്കുകയോ മറ്റു പൊതുമേഖലാ സ്ഥാപനകളുടെ ഉപസ്ഥാപനമാക്കുകയോ ചെയ്യുക വഴി പൊതുമേഖലയുടെ സാന്നിധ്യം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യമെന്ന് കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 

നിലവിലെ പൊതുമേഖല, പൊതുമേഖലാ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, ആണവോർജ്ജം, ബഹിരാകാശം, പ്രതിരോധം, ഗതാഗത — വാർത്താവിനിമയ സംവിധാനങ്ങൾ, ഊർജ്ജം, പെട്രോളിയം, കൽക്കരി, മറ്റു ധാതുക്കൾ- ഇവയൊക്കെ തന്ത്രപ്രധാന മേഖലയിലാണ് ഉൾപ്പെടുന്നത്. തന്ത്രപ്രധാനമല്ലാത്ത മേഖലയിലെ കേന്ദ്ര ഉടമയിലുള്ള കമ്പനികൾ സ്വകാര്യവത്കരിക്കാനോ, സാമ്പത്തിക ദൗർബല്യവും നഷ്ടവും നേരിടുന്ന കമ്പനികൾ അടച്ചുപൂട്ടാനോ ഉള്ള നടപടികൾ ത്വരിതപ്പെടുത്താനുള്ള നിർദ്ദേശവും ധനമന്ത്രാലയത്തിൽ നിന്നുണ്ടായിട്ടുണ്ട്. 

ബിപിസിഎൽ, എയർ ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബെമൽ, ഷിപ്പിംഗ് കോർപ്പറേഷൻ, പവൻ ഹാൻസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, രണ്ടു ബാങ്കുകളുടെയും ഒരു ജനറൽ ഇന്‍ഷ്വറൻസ് കമ്പനിയുടെയും സ്വകാര്യവത്കരണം എന്നിവ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനുള്ള ചുമതലയാണ് നിതിആയോഗിനെ ഏല്പിച്ചിട്ടുള്ളത്. കൂടാതെ, തന്ത്രപരവും അല്ലാത്തതുമായ എല്ലാ മേഖലകളിലും ഓഹരി വിറ്റഴിക്കലിന് വ്യക്തമായ രൂപരേഖയും അവർ തയ്യാറാക്കുന്നുണ്ട്. 

ഇതിൽ, ബിപിസിഎൽ, എയർ ഇന്ത്യ എന്നിവയുടെ വില്പന ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ‑ജൂൺ ആദ്യപാദത്തിൽ നടക്കും. ബെമലിനു പുറമെ, പ്രതിരോധരംഗത്തെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എൻജിനീയേഴ്സ് ലിമിറ്റഡ് (ജി ആർ എസ് ഇ ), മിശ്ര ധാതു നിഗം ലിമിറ്റഡ് (മിധാനി) എന്നിവയുടെ വില്പനയും ഈ വർഷം ഉണ്ടാകും. ഓഹരി വിറ്റഴിക്കലിലൂടെ 2021-’22 സാമ്പത്തിക വർഷം 1,75,000 കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 

eng­lish summary:Stock sale: List of com­pa­nies start­ed compiling
You may also like this video