June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി-ശിലാ പൂജകൾ

By Janayugom Webdesk
December 13, 2020

ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാ പൂജ കർമ്മം നിർവഹിച്ചു. ”സെൻട്രൽ വിസ്താ പ്രോജക്ടി”ന്റെ ശിലാസ്ഥാപനം അഥവാ ‘തറക്കല്ലിടൽ’ പ്രധാനമന്ത്രി നിർവഹിച്ചു എന്നു പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. എന്നാൽ അദ്ദേഹം ഭൂമിപൂജയും ശിലാപൂജയുമാണ് നിർവഹിച്ചത്. 1921 ൽ നിർമ്മാണം തുടങ്ങി, 1927 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറലായ ഇർവിൻ പ്രഭുവിന്റെ കാലഘട്ടത്തിൽ പൂർത്തിയാക്കിയ കെട്ടിടമാണ് ഇന്നത്തെ പാർലമെന്റ് മന്ദിരം. പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലും രാജീവ് ഗാന്ധിയുടെയും എ ബി വാജ്പേയ്‌യുടെയും ഭരണകാലയളവിലും ചില കൂട്ടിച്ചേർക്കലുകളും അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. ഒരു പാർലമെന്റ് മന്ദിര സമുച്ചയമോ രാഷ്ട്രപതി ഭവനോ പ്രധാനമന്ത്രിയുടെ ഓഫീസോ വീടോ പുതുതായി നിർമ്മി­ക്കുന്നതിനെ ആരും എതിർക്കേണ്ടുന്ന ആവശ്യമില്ല. എന്നാൽ പുതിയ പുതിയ പ്രഖ്യാപനങ്ങൾ നടത്തി തന്റെ പ്രചരണ മാമാങ്കങ്ങളിൽക്കൂടി രാജ്യം നേരിടുന്ന കാതലായ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധയെ തിരിച്ചുവിടുകയെന്ന മായാജാലമാണ് മോഡിയുടെ ”സെൻട്രൽ വിസ്താ പ്രോജക്ടി”നു പുറകിലുള്ളത്. 971 കോടി രൂപ ചെലവിൽ 64,500 മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പുതിയ പാർലമെന്റ് സമുച്ചയം ദൂരക്കാഴ്ചയിൽ ത്രികോണാകൃതിയിലാണെങ്കിലും യഥാർത്ഥത്തിൽ പെന്റഗൺ ആകൃതിയിലുള്ളതാണ്. പ്രോജക്ടിന്റെ കൺസൾട്ടൻസി എച്ച്­സി­പി (ഹാഷ്മുഖ് സി പട്ടേൽ ഡിസൈൻ, പ്ലാനിംഗ് ആന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്) എന്ന ഗുജറാത്ത് കമ്പനിക്കാണ്. നിർമ്മാണ നിർവഹണം ലഭിച്ചിരിക്കുന്നത് ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനുമാണ്.

നിലവിലുള്ള 543 ലോക്‌സഭാംഗങ്ങളുടെ സ്ഥാനത്ത് 888 അംഗങ്ങൾക്കുവരെയും 245 രാജ്യസഭാംഗങ്ങളുടെ സ്ഥാനത്ത് 384 അംഗങ്ങൾക്കുവരെയും ഇരിപ്പിടമൊരുക്കുവാൻ കഴിയുന്നത്ര വലിപ്പമുണ്ട് പുതിയ മന്ദിരത്തിന്. രാജ്യത്തിന്റെ 75-ാം സ്വാ­തന്ത്ര്യദിന വാർഷികം ആഘോഷിക്കുന്ന 2022 ന് പുതിയ പാർലമെന്റ് മന്ദിരവും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വർഷമായ 2024 ൽ സെൻട്രൽ വിസ്താ പ്രോജക്ട് പൂർണമായും ഉദ്ഘാടനം ചെയ്യാനാണ് മോഡി­യുടെ പ്ലാൻ. തറക്കല്ലിടുന്ന ചടങ്ങല്ലാതെ കോടതിയുടെ അനുമതി ലഭിക്കാതെ ആ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിക്കാനോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ പാടില്ലായെന്ന് സുപ്രീം കോടതി താൽക്കാലികമായി ഉത്തരവ് നൽകിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ ഭൂമിപൂജയ്ക്കും ശിലാപൂജയ്ക്കുമായി കർണാടകത്തിലെ ശൃംഗേരി മഠത്തിൽ നിന്നും പ്രത്യേകമായി ക്ഷണിച്ചുകൊണ്ടുവന്ന പൂജാരിമാരാണ് കാർമികത്വം വഹിച്ചത്. ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണ സിരാകേന്ദ്രത്തിന്റെയും പാർലമെന്റിന്റെയും തറക്കല്ലിടൽ ചടങ്ങിനെ പ്രധാനമന്ത്രി തന്നെ ഹൈന്ദവവൽക്കരിച്ചത് ഇന്ത്യ പിന്തുടരുന്ന മതേതര രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ച സമീപനമല്ല. കെട്ടിട നിർമ്മാണം നടത്തുന്ന കമ്പനി അവരുടെ വിശ്വാസമനുസരിച്ച് എന്തെങ്കിലും പൂജയോ കർമ്മമോ നടത്തുന്നതിനെ എതിർക്കേണ്ടുന്ന കാര്യമില്ല. എന്നാൽ ഒരു മതേതര രാജ്യത്തിന്റെ പൊതുഖജനാവിൽനിന്നും പണം മുടക്കി ഒരു മതവിഭാഗത്തിലെ പൂജാരിമാരെ കൊണ്ടുവരുന്നതും അവരുടെ കാർമികത്വത്തിൽ പ്രധാനമന്ത്രി നേതൃത്വം കൊടുത്തുകൊണ്ട് ചടങ്ങ് മതവൽക്കരിച്ചതും ഇന്ത്യയിൽ നീതീകരിക്കാൻ കഴിയുന്നതല്ല. 2020 ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിച്ച ഭൂമി പൂജയും ശിലാന്യാസവും നടത്തിയത് ഇതേ പ്രധാനമന്ത്രി തന്നെയായിരുന്നു. കോവിഡിന്റെ പ്രോട്ടോക്കോൾ എല്ലാം ലംഘിച്ചുകൊണ്ട് നൂറുകണക്കിന് ഹിന്ദു സന്യാസിമാരോടൊപ്പം ഒരു മതേതര റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ക്ഷേത്ര നിർമ്മാണത്തിന്റെ ശിലാപൂജ നടത്തുന്നത് നാം കണ്ടു.

ഒരു തീവ്ര ഹിന്ദു മതമൗലികവാദിക്കല്ലാതെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിക്കു യോജിച്ച സമീപനമായിരുന്നില്ല നരേന്ദ്ര മോഡിയുടേത്. ഗവൺമെന്റിന് ഒരു കാര്യവുമില്ലാത്ത ഒരു ചടങ്ങിൽ നരേന്ദ്ര മോഡി പങ്കെടുത്തത് ”അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും” എന്ന ബിജെപി വാഗ്ദാനം നിറവേറിയ പശ്ചാത്തലത്തിലാണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും തലതിരിഞ്ഞ ഭരണരീതിയുടെ ഫലമായും കാർഷിക‑വ്യാവസായിക മേഖലയാകെ തകർന്ന് ഇന്ത്യൻ സമ്പദ്ഘടന അതിന്റെ വളർച്ചയിൽ ”മൈനസ്” രേഖപ്പെടുത്തി ഏറ്റവും വലിയ തളർച്ചയിൽ നിൽക്കുന്ന സന്ദർഭത്തിലാണ് സംഘപരിവാർ തലവനായ പ്രധാനമന്ത്രിയുടെ തനത് അജണ്ടകൾ ഓരോന്ന് നടപ്പിലാക്കുന്നത്. തൊഴിലില്ലായ്മയുടെ തോത് 45 വർഷത്തിനുള്ളിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്നു. നോട്ടുനിരോധനവും ചരക്കു സേവന നികുതിയും അടിച്ചേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായി തുടരുന്നു. ജമ്മു-കശ്മീരിന് ഇന്ത്യൻ ഭരണഘടന നൽകിയിരുന്ന പ്രത്യേകാധികാരം എടുത്തുകളയുമെന്ന ബിജെപി വാഗ്ദാനം ജനാധിപത്യവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും നടപ്പിലാക്കിയതിന്റെ അസ്വസ്ഥതകൾ ആ സംസ്ഥാനത്തും ഇന്ത്യ‑പാകിസ്ഥാൻ അതിർത്തികളിലും ശക്തമായി നിലനിൽക്കുന്നു. ഇന്ത്യാ-ചൈന അതിർത്തികളിലെ യുദ്ധാന്തരീക്ഷം അനുദിനം വഷളാകുന്നതല്ലാതെ കുറയ്ക്കാൻ പോലും കഴിയുന്നില്ല.

സൈനിക തല ചർച്ചകൾ എല്ലാം പരാജയപ്പെട്ടു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പാസാക്കിയെടുത്ത കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ ഉത്തരേന്ത്യയിലെ കർഷകർ ജീവന്മരണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നു. മരംകോച്ചുന്ന മഞ്ഞിനെ അതിജീവിച്ച് ലക്ഷക്കണക്കിനു കർഷകർ ഡൽഹിയിലേക്കുള്ള അതിർത്തി റോഡുകൾ ഉപരോധിച്ചു സമരത്തിൽ അണിനിരക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നില്ലായെന്ന നിലയിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുകയാണ് അവരുടെ നേതാവായ നരേന്ദ്ര മോഡി. ഈ സന്ദർഭത്തിൽ ഗുജറാത്തിലെ സോമനാഥക്ഷേത്ര പുനരുദ്ധാരണത്തിനായി സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപ പോലും ചോദിക്കരുത് എന്ന് 1947 ൽ ക്ഷേത്ര വിശ്വാസികളെ വിലക്കിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും ക്ഷേത്ര പുനർനിർമ്മാണം പൂർത്തിയായപ്പോൾ 1951 ൽ അതിന്റെ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ താനോ ഇന്ത്യൻ പ്രസിഡന്റോ പങ്കെടുക്കുന്നത് ശരിയല്ലായെന്ന് പറഞ്ഞ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയും സാഭിമാനം ശിരസ്സ് കുനിച്ച് നമിക്കുന്നു.

Eng­lish Sum­ma­ry: stone lay­ing poo­jas of new par­lia­ment building

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.