മതേതരത്വത്തിന്റെ കല്ലിളക്കൽ; അഭിമാന ദിനമെന്ന് കോൺഗ്രസ്

പ്രത്യേക ലേഖകൻ

ന്യൂഡൽഹി

Posted on August 04, 2020, 10:39 pm

മൃദു ഹിന്ദുത്വത്തിൽനിന്ന് തീവ്ര ഹിന്ദുത്വ നിലപാടിലേയ്ക്കോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിൽ അയോധ്യ രാമക്ഷേത്ര നിർമ്മാണ വിഷയത്തിൽ ബിജെപിയെക്കാൾ ഊർജ്ജസ്വലതയോടെ കോൺഗ്രസ് രംഗത്ത്. മതേതരത്വത്തിന്റെ കല്ലിളക്കൽ ചടങ്ങ് അഭിമാനദിനമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര അടക്കമുള്ളവർ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി ആർഎസ്എസ് നടത്തുന്ന തറക്കല്ലിടലിനെ പിന്തുണച്ചു. സംഭവം കോൺഗ്രസിനകത്തുതന്നെ എതിരഭിപ്രായങ്ങൾ ഉണ്ടാക്കിയപ്പോൾ പ്രിയങ്ക ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി എഐസിസി തന്നെ പ്രസ്താവനയിറക്കി. അയോധ്യ ഭൂമിപൂജയെ പ്രിയങ്ക പിന്തുണച്ചതിൽ അസ്വാഭാവികതയില്ലെന്നാണ് എഐസിസി നിലപാട്.

ക്ഷേത്രനിർമ്മാണത്തിനുള്ള തറക്കല്ലിടൽ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ. രാമൻ എല്ലാവർക്കുമൊപ്പമാണെന്നും പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ക്ഷേത്ര നിർമ്മാണത്തിനുളള്ള കോടതിവിധിയെ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്. പ്രിയങ്കയുടെ പ്രസ്താവനയിൽ ലീഗ് ആശങ്ക അറിയിച്ചാൽ ചർച്ച ചെയ്യും. വിഷയം സംസ്ഥാന നേതൃത്വത്തിന് പരിഹരിക്കാവുന്നതേ ഉള്ളുവെന്നും എഐസിസി വ്യക്തമാക്കി.

നേരത്തെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും, കോൺഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു. ആർഎസ്എസ് ഓഗസ്റ്റ് അഞ്ചിന് നടത്തുന്ന തറക്കല്ലിടൽ ചരിത്ര പ്രാധാന്യമുള്ള ദിവസമാണെന്നും രാജ്യം മുഴുവൻ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു കമൽനാഥിന്റെ വിശദീകരണം. 11 വെള്ളിക്കല്ലുകൾ അയോധ്യയിലെത്തിക്കുമെന്നും രാജീവ് ഗാന്ധിയുടെ ആഗ്രഹമായിരുന്നു രാമക്ഷേത്ര നിർമ്മാണമെന്നും കമൽനാഥ് പറ‍ഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുതിർന്ന നേതാവ് ജിതിൻ പ്രസാദ് ക്ഷേത്രം നിർമ്മിക്കുന്നത് വളരെയധികം സന്തോഷിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. കെ മുരളീധരൻ എംപിയും ക്ഷേത്രനിർമ്മാണത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം പണിയുന്നതെന്നതാണ് ന്യായീകരണമായി കോൺഗ്രസ് വിശദീകരിക്കുന്നത്. എന്നാൽ മതപരമായ ഒരു ചടങ്ങ് കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ പരിപാടിയാക്കി മാറ്റിയതിനെ കുറിച്ച് കോൺഗ്രസ് ഒരക്ഷരം പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല ഭരണാധികാരികൾ ആരാധനാലയങ്ങളിൽ പോകുന്നതിനെ എതിർത്തിരുന്ന നെഹ്റുവിന്റെ പിൻമുറക്കാർ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുപി മുഖ്യമന്ത്രി ആദിത്യനാഥും മതചടങ്ങിൽ ഔദ്യോഗിക പരിവേഷത്തോടെ പങ്കെടുക്കുന്നതിനെ വിമർശിക്കാനും തയ്യാറായില്ല. രാമക്ഷേത്രത്തിന് സ്ഥലം വിട്ടുനല്കാൻ പറഞ്ഞ വിധിയെ ശ്ലാഘിക്കുന്ന കോൺഗ്രസ് ബാബറി മസ്ജിദ് തകർത്തത് തെറ്റാണെന്ന കോടതി വിധിയിലെ ഭാഗം അവഗണിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിൽനിന്ന് തീവ്ര നിലപാടിലേയ്ക്കുള്ള മാറ്റമാണോയെന്ന സംശയം വർധിപ്പിക്കുന്നു. അതേസമയം കോൺഗ്രസിന്റെ ഈ നിലപാട് മാറ്റം സംസ്ഥാനത്തെ ഘടകകക്ഷിയായ മുസ്‌ലിം ലീഗിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്.

you may also like this video