ഡീസല്‍ വാഹനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി മാരുതി

Web Desk
Posted on April 25, 2019, 9:38 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അടുത്ത വര്‍ഷം മുതല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കില്ല. 2020 ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ കമ്പനി വല്‍ക്കില്ലെന്ന്  ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് അറിയിച്ചത്. നിലവില്‍ മാരുതിയുടെ മൊത്തം വില്‍പ്പനയുടെ 23 ശതമാനം ഡീസല്‍ കാറുകളാണ്.

അടുത്ത ഏപ്രിലില്‍ മലിനീകരണ നിയന്ത്രണം സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ നിലവില്‍ വരുന്ന സാഹചര്യത്തിലാണ് മാരുതിയുടെ ഈ തീരുമാനം. ഏപ്രില്‍ ഒന്നിനുശേഷം ബിഎസ്–6 ഡീസല്‍ കാറുകള്‍ക്ക് ഗണ്യമായ കച്ചവടമുണ്ടെന്നു കണ്ടാല്‍ അത്തരം കാറുകള്‍ കമ്പനി അവതരിപ്പിക്കുമെന്നു ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

വിറ്റാര ബ്രെസ, എസ് ക്രോസ് എന്നീ വാഹനങ്ങള്‍  ഡീസല്‍ എന്‍ജിനുകളിലാണ് എത്തുന്നത്. എന്നാല്‍ സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകള്‍ ഡീസലിലും പെട്രോളിലും ലഭ്യമാണ്.