പൊലീസ് സേനയിലടക്കം പൊതുജീവിതത്തില്‍ അധികാരഗര്‍വ് അവസാനിപ്പിക്കണം

Web Desk
Posted on June 18, 2018, 10:28 pm

പൊലീസ് സേനയിലെ താഴ്ന്നതലങ്ങളിലുള്ള ജീവനക്കാരെകൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഉദ്യോഗസ്ഥ പ്രമുഖരും ന്യായാധിപന്മാരും മന്ത്രിമാരടക്കം ജനപ്രതിനിധികളും ദാസ്യപ്പണി എടുപ്പിക്കുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ അത്തരത്തില്‍ കീഴാളവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായ ക്യാമ്പ് ഫേളോവര്‍മാരുടെ സംഘടനകള്‍ തന്നെ ഇക്കാര്യം നിരവധി തവണ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പലതവണ സര്‍ക്കാര്‍ ഇടപെടലുകളും ഉത്തരവുകളും പുറത്തുവന്നിട്ടുമുണ്ട്. എന്നിട്ടും ഏത് പരിഷ്‌കൃത സമൂഹത്തിനും അപമാനകരമായ ഈ ഹീനസമ്പ്രദായം നിര്‍ബാധം തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഒരു ഉന്നത പൊലീസ് ഉദേ്യാഗസ്ഥന്റെ മകളുടെ മര്‍ദനമേറ്റ് പൊലീസ് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടേണ്ടിവന്നതാണ് ഒരിക്കല്‍ക്കൂടി ഈ സമ്പ്രദായം പൊതുസമൂഹത്തിന്റെ വ്യാപക ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. പ്രശ്‌നത്തെ അതീവ ഗൗരവമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം വ്യക്തമാക്കുന്നു. വിഷയത്തില്‍ ജൂണ്‍ 26ന് ജില്ലാ പൊലീസ് മേധാവികള്‍ മുതലുള്ള ഉന്നത പൊലീസ് ഉദേ്യാഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ അടിമസമ്പ്രദായം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വഴിതെളിക്കുമെന്ന പ്രതീതി ഇതിനകം ഉളവായിട്ടുണ്ട്. എന്നാല്‍ ഇത്തരം ഹീനമായ കീഴാളവിവേചനവും മനഷ്യാവകാശ ലംഘനങ്ങളും ഒരു യോഗം കൊണ്ടൊ സര്‍ക്കാരിന്റെയോ പൊലീസ് മേധാവിയുടെയോ ഉത്തരവുകള്‍കൊണ്ടോ അറുതിവരുത്താനാവുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. അത് നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ തന്നെയും ഉദേ്യാഗസ്ഥ സംവിധാനങ്ങളിലും അധികാര ശ്രേണിയിലും രൂഢമൂലമായിട്ടുള്ള വരേണ്യ സംസ്‌കാരവുമായും അധികാരപ്രമത്തതയുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് അനിഷേധ്യ വസ്തുത. ആ സംസ്‌കാരവും അധികാര ധാര്‍ഷ്ട്യവും തകര്‍ക്കാതെ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്താനാവില്ല.
സഹസ്രാബ്ദങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥ, കോളനി മേധാവികള്‍ ഇന്ത്യക്കാരെ അടിമകളായി കണ്ട് വളര്‍ത്തിയെടുത്ത ദാസ്യമനോഭാവം എന്നിവയെല്ലാം ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. പൊലീസ് ഉദേ്യാഗസ്ഥര്‍ ഈ സമീപകാലം വരെയും സാധാരണക്കാരും അധസ്ഥിതരുമായ പൗരന്മാര്‍ക്കു മുമ്പില്‍ ‘ഏമാന്മാ‘രും ഇപ്പോഴും ‘സാറന്മാ‘രുമായി തുടരുകയാണെന്ന യാഥാര്‍ഥ്യം നമുക്ക് വിസ്മരിക്കാവുന്നതല്ല.പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ ‘സിവില്‍ പൊലീസ് ഓഫീസര്‍‘മാരായി മാറിയിട്ടും ഏറെ മാന്യമായ ‘ഓഫീസര്‍’ സംബോധനയെ അംഗീകരിക്കാവുന്ന മാനസികാവസ്ഥയിലേക്ക് ഇനിയും എത്തിയിട്ടില്ല. പൊതുജനങ്ങളോടുള്ള സാധാരണ പൊലീസ് കോണ്‍സ്റ്റബിളിന്റെ സമീപനം അതാണെങ്കില്‍ സേനക്കുള്ളില്‍ നിലനിന്നു കാണാന്‍ ഉന്നത ഉദേ്യാഗസ്ഥര്‍ ആഗ്രഹിക്കുന്ന അധികാര ശ്രേണീപരമായ ധാര്‍ഷ്ട്യം ഊഹിക്കാവുന്നതേയുള്ളൂ. പൊലീസ് ഉദേ്യാഗസ്ഥരടക്കം സര്‍ക്കാര്‍ സര്‍വീസില്‍ ജനങ്ങളുടെ നികുതിപ്പണം പറ്റി ജീവിതായോധനം നടത്തുന്നവര്‍ ജനസേവകരാണെന്ന അവബോധം അവരില്‍ സൃഷ്ടിക്കുന്നതില്‍ ഏഴ് പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അത്തരം ദുരവസ്ഥയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ജനസേവകരെന്ന് സ്വയം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുപോലും ഒഴിഞ്ഞുമാറാനാവില്ല. തങ്ങളുടെ ഔന്ന്യത്വത്തിന്റെ പ്രതീകമായാണ് മന്ത്രിമാരും ജനപ്രതിനിധികളുമടക്കം ഒരു ചെറു വിഭാഗമെങ്കിലും പൊലീസ് സേനയില്‍ നിന്നുള്ള ദാസ്യപ്പണിക്കാരെ നോക്കിക്കാണുന്നത്. ജീവനും സുരക്ഷിതത്വത്തിനും യാതൊരു ഭീഷണിയുമില്ലാത്തവര്‍ പോലും സുരക്ഷാ ഉദേ്യാഗസ്ഥരുമായി വിലസുന്നത് അവര്‍ സ്വയം ആസ്വദിക്കുമ്പോള്‍ തീര്‍ത്തും അരോചകമായ ഒന്നായേ ജനാധിപത്യ ബോധമുള്ള സാധാരണ പൗരന്മാര്‍ അതിനെ വീക്ഷിക്കൂ. അത്തരം അധികാര ധാര്‍ഷ്ട്യവും തന്‍പ്രമാണിത്ത മനോഭാവവും തകര്‍ക്കാതെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കുക അസാധ്യമാണ്.

സമൂഹത്തിന്റെയാകെയും സമൂഹത്തെ നയിക്കുന്നവരെന്ന് സ്വയം കരുതുന്നവരുടെയും മാനസികപരിവര്‍ത്തനം ഉറപ്പാക്കി വിരാമമിടാന്‍ കഴിയുന്ന ഒന്നല്ല അധികാരഗര്‍വുമായി ബന്ധപ്പെട്ട അടിയാള വിവേചനവും അടിമപ്പണി ചെയ്യിക്കാനുള്ള അധികാരവാസനയും. അത് അവസാനിപ്പിക്കാന്‍ സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള ബോധപൂര്‍വമായ ശ്രമത്തോടൊപ്പം കര്‍ക്കശമായ നിയമങ്ങളും അവയുടെ വിട്ടുവീഴ്ച കൂടാത്ത നടത്തിപ്പും അനിവാര്യമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതോടെ പഴയ സൗകര്യങ്ങളിലേക്കും അധികാര ഗര്‍വിലേക്കും തിരിച്ചുപോകാന്‍ യാഥാസ്ഥിതിക ശക്തികള്‍ ശ്രമിക്കുക തന്നെ ചെയ്യും. ഉന്നതമായ ഒരു മാനവിക സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ്, ജനാധിപത്യ ശക്തികള്‍ ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായ നിയമങ്ങളും ചട്ടങ്ങളും നിര്‍മിക്കാനും അവ വിട്ടുവീഴ്ച കൂടാതെ നടപ്പാക്കാനും ഇപ്പോഴത്തെ അവസരം വിനിയോഗിക്കുമെന്നാണ് ഉല്‍പതിഷ്ണുക്കള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.