കഥകൾ: സീന, ശക്തിയല്ല ബുദ്ധിയാണ് വലുത്

Web Desk
Posted on April 21, 2019, 8:00 am

സീന
ബി എസ് സുജിത്
ഇ ടെണ്ടറിലുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സമയ പരിധിക്ക് ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കേ സൈറ്റ് തുറക്കാനുള്ള ശ്രമം പരാജയപെട്ടുകൊണ്ടിരുന്നു. എംഐഎസ് ഡിവിഷനെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലന്നും കര്‍ണാടക സംസ്ഥാനത്തിന്റെ സാങ്കേതിക വിഭാഗമായ കിയോണിക്‌സുമായി ബന്ധപ്പെടുവാനും നിര്‍ദ്ദേശം ലഭിച്ചു. കിയോണിക്സിലെ സാങ്കേതിക വിദഗ്ദ്ധരെ തിരഞ്ഞപ്പോള്‍ താങ്കളുടെ പാസ്സ് വേര്‍ഡ് തെറ്റാണ് എന്ന സന്ദേശം ലഭിച്ചു. മോഹനന്‍ സാറിന്റെ ആകസ്മിക മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പാസ്സ് വേര്‍ഡ് ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ തെറ്റ് വരാനുള്ള സാധ്യത തീരെയില്ല .‘റോങ്ങ് പാസ്സ് വേര്‍ഡ്, പ്ലീസ് ട്രൈ എഗൈന്‍’ എന്ന സന്ദേശം മെയില്‍ ബോക്‌സില്‍ ആവര്‍ത്തിക്കുന്നു. ഓര്‍ഡര്‍ സമര്‍പ്പിക്കാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കയാണ് ചുരുണ്ട തലമുടിക്കെട്ടുകളുള്ള, ചുണ്ടില്‍ വേദനയുടെ പുഞ്ചിരി പൊഴിച്ചുകൊണ്ട് സീന മാം പ്രവേശിച്ചത്.
”മാമിനോടുള്ള സ്‌നേഹാതിരേകാത്താല്‍ മോഹനന്‍ സര്‍ ഉപയോഗിച്ച അതേ പാസ്സ് വേര്‍ഡ് ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ അതിപ്പോള്‍ തെറ്റാണ് എന്ന് കാണിക്കുന്നു.”
”ശരിയാണ് സര്‍, അദ്ദേഹം എന്റെയും മകളുടേയും പേരാണ് പാസ്സ് വേര്‍ഡ് ആയി നല്‍കിയിരുന്നത്. അത്രമേല്‍ ഇഷ്ടമായിരുന്നു.…” വാക്കുകള്‍ പൂര്‍ത്തികരിക്കുന്നതിനു മുന്‍പേ സ്‌നേഹത്തിന്റെ ഒരിറ്റു കണ്ണീര്‍ വീണു ഭൂമിയിലെ എല്ലാ കാലുഷ്യങ്ങളെയും കഴുകിക്കളയുന്നതായി തോന്നി. ഒപ്പം മനസ്സിന്റെ ആഴങ്ങളിലേക്ക് നീര്‍ സഞ്ചാരം കൂടി നടത്തി. നാം നല്‍കാറുള്ള എല്ലാ പാസ്സ് വേര്‍ഡ്കളും സ്ഥല നാമങ്ങള്‍ മാത്രമാണെന്നും, ആ നിമിഷം പത്‌നിയെയും മക്കളേയും ഓര്‍ക്കാറില്ലെന്നും, അത് അവരോടുള്ള നിരാസ ത്തിന്റെ ലക്ഷണമായും അനുഭവപെട്ടു .
”മാം പാസ്സ് വേര്‍ഡ് ടൈപ്പ് ചെയുകയാണ് ഒന്ന് ശ്രദ്ധിക്കണേ.” ശേഷം
മോഹനന്‍ സാറിന്റെ ഹൃദയാക്ഷരങ്ങള്‍ കോറിയിട്ടു.
‘ദഋഋചഅ’
”സര്‍, ഇത് തെറ്റാണ്. ‘ടഋഋചഅ’ എന്നാണ്. ദ ന് പകരം ട ടൈപ്പ് ചെയ്തപ്പോള്‍ ഇ ടെണ്ടറില്‍ പ്രവേശം ലഭിച്ചു. ഓര്‍ഡര്‍ നല്‍കി സൈറ്റ് ലോഗ് ഔട്ട് ചെയ്യുന്നത്തിനിടയില്‍ മാം ചോദിച്ചു, ”സാറിന് ഏറ്റവും പ്രിയങ്കരമായ പദമാണ് എങ്കില്‍ എന്തു ടൈപ്പ് ചെയ്യുമായിരുന്നു?” നൊമ്പരങ്ങളുടെ ഭൂമികയില്‍ നിന്ന് ഞാന്‍ ടൈപ്പ് ചെയ്തു.
‘ദഋഋചഅ ’
‘ഭാര്യയുടെതാണോ”?
”അല്ല, പ്രണയിനിയുടേത്.”
”ജീവിച്ചിരുപ്പുണ്ടോ?”
”മരിച്ചത് പോലെ.”
”അകലെയാണോ?”
”അരികിലാണെങ്കിലും വിദുരതയിലെന്നപോലെ.”
”കാണാറുണ്ടോ?”
”ഉള്‍കണ്ണ് കൊണ്ട്”
‘സീന, നഷ്ട പ്രണയങ്ങള്‍ നിങ്ങളുടെ വേര്‍പാടിന്റെ വിരലക്ഷരങ്ങള്‍ പോലെയാണ് .അതൊരു മരണദുതാണ്. നീറി പുകയുന്ന നെരിപോട് പോലെയാണ് അത് .മനുഷ്യരെ പ്രണയിച്ചു പരാജയപെടുമ്പോള്‍ നാം സ്ഥലങ്ങളെ പ്രണയിച്ച് തുടങ്ങും .അങ്ങനെ നമ്മുടെ പാസ്സ് വേര്‍ഡ് സ്ഥല നാമങ്ങള്‍ ആകും.ആത്യന്തികമായി നാം പ്രക്രിതി സ്‌നേഹികള്‍ ആകും. അന്ത്യത്തില്‍ ശ്വാസക്കാറ്റായി തിരയില്‍ അലിഞ്ഞു ചേരും.’
അപ്പോഴും വേദനയുടെ ഒരിറ്റ് കണ്ണീര്‍ അവരുടെ നേത്രദലങ്ങളില്‍ ഭൂമിയിലെ എല്ലാ കാലുഷ്യങ്ങളെയും കഴുകി കളയാന്‍ കൂട് അണഞ്ഞു.

ബാലയുഗം

ശക്തിയല്ല ബുദ്ധിയാണ് വലുത്
സന്തോഷ് പ്രിയന്‍

മുടിവെട്ടുകാരനായ ശംഭുവും കൊല്ലപ്പണിക്കാരനായ ദാമുവും സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
ഒരു കാട് കടന്നുവേണം അവര്‍ക്ക് വീട്ടിലെത്താന്‍. കാടിന്റെ നടുക്കെത്തിയപ്പോള്‍ ഒരു സിംഹത്താന്‍ അവരുടെ മുമ്പിലേക്ക് ചാടിവീണു.
‘ഗര്‍ര്‍ര്‍…ഞാന്‍ നിങ്ങളെ തിന്നാന്‍പോകുവാ. കുറേ നാളായി മനുഷ്യമാംസം തിന്നിട്ട്…’
അപ്പോള്‍ പേടിച്ചുവിറച്ച ശംഭുവും ദാമുവും പറഞ്ഞു.
‘അയ്യോ, ഞങ്ങളെ കൊല്ലല്ലേ, ഞാന്‍ പാവം ഒരു ബാര്‍ബറും ഇവന്‍ പഞ്ചപാവത്താനായ കൊല്ലപ്പണിക്കാരനുമാണേ.’
‘ങേ, ബാര്‍ബര്‍ കൊല്ലപ്പണി എന്നൊക്കെ പറഞ്ഞാലെന്താ?’
സിംഹം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു.
‘ബാര്‍ബര്‍ എന്നു പറഞ്ഞാല്‍ മനുഷ്യരുടെ മുടിയും താടിയുമൊക്കെ വെട്ടുന്നയാള്‍. ഇരുമ്പ് പണിയും കാളയ്ക്ക് ലാടന്‍ അടിക്കുന്നതുമാ കൊല്ലന്റെ പണി.’
‘ഓഹോ, എങ്കില്‍ എന്റേയും ഈ മുടി മുറിച്ചുതരണം, കാളയെപോലെ എന്റേയും കാലുകളില്‍ ലാടന്‍ അടിച്ചുതരുകയും വേണം.’
‘അയ്യോ അതുവേണോ? ’
‘അതുവേണം വേണം, ഇല്ലെങ്കില്‍ രണ്ടിനേയും ഞാന്‍ കൊന്നുതിന്നും.’
അങ്ങനെ ശംഭു കത്രികയും ചീര്‍പ്പും എടുത്ത് സിംഹത്തിന്റെ മുടി വെട്ടാന്‍ തുടങ്ങി. കുറേ കഴിഞ്ഞ് ശംഭു കണ്ണാടി എടുത്ത് സിംഹത്തിന്റെ നേരേ പിടിച്ചു. അതുകണ്ട് സിംഹം ദേഷ്യം കൊണ്ട് അലറി.
‘ഛീ എന്തു പണിയാ നീ കാട്ടിയത്. മുടിയില്ലാത്ത എന്നെ കണ്ടാല്‍ ഇനി ആരു ബഹുമാനിക്കും. വേഗം എനിക്ക് എന്റെ മുടി പഴയതുപോലെയാക്കി താ…ഇല്ലെങ്കില്‍ രണ്ടിനേയും ഞാന്‍ ഇപ്പോ കൊല്ലും.’
‑ഹൊ, വല്ലാത്ത പണിയാണല്ലോ നമുക്ക് കിട്ടിയത്- ശംഭുവും ദാമുവും ഓര്‍ത്തു. ഉടനെ ശംഭു പറഞ്ഞു.
‘സിംഹത്താനെ ഒരാഴ്ച കഴിയുമ്പോള്‍ മുടി കിളിര്‍ത്തുവരും.’
‘വേണ്ട വേണ്ട എനിക്കൊന്നും കേള്‍ക്കണ്ട. എടോ, കൊല്ലപ്പണിക്കാരാ ഇവന്‍ മുടിവെട്ടി കുളമാക്കിതന്നു. താന്‍ എന്റെ കാലുകള്‍ക്ക് ലാടം അടിച്ചുതരുന്നുണ്ടോ.’
ഉടനെ ദാമു പറഞ്ഞു. ‘സിംഹത്താനേ, ലാടന്‍ അടിയ്ക്കണമെങ്കില്‍ കാലുകളിലെ നഖവും വായിലെ പല്ലും ഇളക്കണം.’
‘എന്ത് കുന്തമായാലും വേണ്ടില്ല, വേഗം വേണം.’ താമസിയാതെ ദാമു തന്റെ കൈയ്യിലെ കൊടില്‍ കൊണ്ട് സിംഹത്തിന്റെ പല്ലും നഖവും ഇളക്കി. പല്ലും നഖവും മുടിയും പോയ സിംഹത്തെ കണ്ട് ശംഭുവും ദാമുവും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ സിംഹത്തിന് ദേഷ്യം വരാന്‍ വേറെ വല്ല കാരണവും വേണോ. അവരെ പിടികൂടാന്‍ സിംഹത്താന്‍ വന്നെങ്കിലും പല്ലും നഖവും ഇല്ലാത്ത സിംഹത്തിന് എന്തു ചെയ്യാനാണ്. അതു മനസിലാക്കിയ സിംഹം നാണം കെട്ട് തിരികെ കാട്ടിലേക്കോടി. ദാമുവും ശംഭുവും മണ്ടനായ സിംഹത്തിന്റെ കാര്യം ഓര്‍ത്ത് ചിരിച്ച് വീട്ടിലേക്കു നടന്നു. കൂട്ടുകാരേ ഇതില്‍ നിന്നും നമുക്ക് എന്ത് മനസിലാക്കാം- ശക്തിയെക്കാള്‍ വലുതാണ് ബുദ്ധി.