March 30, 2023 Thursday

ഒളപ്പമണ്ണയോടൊപ്പം കൃഷി; പുന്നശ്ശേരിയുടെ വേദം

സുരേന്ദ്രൻ കുത്തനൂർ
October 15, 2020 9:39 pm

വിയായിരിക്കേ കൃഷി പഠിപ്പിക്കുക, കൃഷിയെന്നത് മാനവിക ദർശനത്തിന്റെ കാവ്യാമൃതമാക്കുക ഈ അപൂർവതയുടെ ഇഴ ചേരലിന്റെ മഹാത്ഭൂതമായിരുന്നു അക്കിത്തം. പാലക്കാടൻ നെല്ലറയിൽ നിന്ന് ലഡാക്കോളം കാവിഭാവനയെ പായിച്ച ഒളപ്പമണ്ണയും അക്കിത്തവും ഇക്കാര്യത്തിൽ ഐക്യപ്പെടുന്നു. ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരി യഥാർത്ഥ റബർ കർഷകനും അക്കിത്തം അച്യുതൻ നമ്പൂതിരി കൃഷിരീതിയും കീടനാശിനി പ്രയോഗവും കൃഷിക്കാരെ പഠിപ്പിച്ച ‘വയലും വീടും’ പരിപാടിയുടെ എഡിറ്ററുമായിരുന്നു എന്നത് യാദൃച്ഛികത മാത്രം. അക്കിത്തത്തെക്കാൾ മൂന്നു വയസ്സിനു മൂത്തതാണ് ഒളപ്പമണ്ണ. ഒരാൾ 1922 ജനുവരി 10 നും രണ്ടാമൻ 1926 മാർച്ച് 18 നും പാലക്കാട് ജില്ലയുടെ രണ്ടറ്റങ്ങളിൽ പിറന്നു. ഒരാൾ കർഷകനും മറ്റേയാൾ കർഷരുടെ വഴികാട്ടിയുമായെങ്കിലും അതായിരുന്നില്ല ഇരുവരുടെയും പ്രധാന വിള. ബാല്യത്തിൽത്തന്നെ അവർ മുളപ്പിച്ചെടുത്തത് കവിതയുടെ വിത്തുകളായിരുന്നു. ജീവിതമെന്ന വിശാലമായ പാടത്ത് കതിരിട്ട അക്ഷരമണികളാൽ കോർത്തെടുത്ത കാവ്യമാലികകൾ. അങ്ങനെ പുന്നെല്ലിൻ നറുമണത്തിനൊപ്പം പാലക്കാടിൻ മണ്ണിൽ നിന്ന് പടർന്ന പുതുകവിതയുടെ സൗരഭ്യം ജഞാനപീഠത്തോളം വളരുകയായിരുന്നു. കർഷകനായ മറ്റൊരു കവി ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തിൽ അക്കിത്തം നടനായതും വെറും നിമിത്തം.

‘കൃഷിക്കാരനു വേണ്ടത്ര കൊടുക്കാതെ ചെറിയ പങ്കെടുത്ത് മുതലിറക്കിയ ആൾക്ക് ഭൂരിഭാഗവും കൊടുക്കുന്ന കൃഷിസമ്പ്രദായം ഞാൻ നേരിൽക്കണ്ടു. കൃഷിത്തൊഴിലാളികൾ അന്നദാതാക്കളാണ് എന്ന ബോധം മനസ്സിലായതുകൊണ്ട് അവരെ ഞാൻ സ്നേഹിക്കുന്നുവെന്ന് ഒളപ്പമണ്ണ പറഞ്ഞിട്ടുണ്ട്. ഇതേ മനോഭാവം അതിലേറെ ആഴത്തിലായിരുന്നു അക്കിത്തത്തിലുണ്ടായിരുന്നത്. കവിയായി ഔന്നത്യത്തിൽ നിൽക്കുമ്പോഴും ആകാശവാണിയിൽ ഇരുന്ന് കീടനാശിനി പ്രയോഗത്തെ കുറിച്ചും വളമിടീലിനെ കുറിച്ചും എഴുതുന്നതിൽ വൈരുദ്ധ്യം തോന്നുന്നില്ലേ എന്ന് ചോദിച്ചവരോട് ’ ഗാന്ധിജിയെ പഠിക്കുക’ എന്ന് അക്കിത്തം പറഞ്ഞത് ഈ വികാരത്തോടെയാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് അഥവാ കർഷകരിലും കർഷകത്തൊഴിലാളികളിലുമാണ് എന്ന ചിന്തയാണിവിടെ കവിയെ ഭരിച്ചിരുന്നത്.

അക്കിത്തത്തിന്റെ നാടായ കുമരനല്ലൂരും പട്ടാമ്പിയും തമ്മിൽ അത്ര അകലമില്ല. പട്ടാമ്പിയിലെ ഒരു വിപ്ലവകാരിയാണ് സംസ്കൃതഭാഷയെ വരേണ്യവർഗത്തിന്റെ വരട്ടുഭാഷയെന്ന ആക്ഷേപത്തിൽനിന്ന് ജനകീയ ഭാഷയാക്കാൻ പ്രയത്നം ചെയ്തത്. ജാതി-മതഭേദമില്ലാതെ ആർക്കും സംസ്കൃതം പഠിക്കാൻ സ്വന്തം തറവാട് തുറന്നുകൊടുക്കാൻ തയാറായ പുന്നശ്ശേരി നീലകണ്ഠ ശർമ്മയാണ് ആ വിപ്ലവകാരി. സംസ്കൃത ഭാഷയ്ക്ക് അദ്ദേഹം നൽകിയ സാമൂഹ്യ അടിത്തറയും അദ്ദേഹം ഉണ്ടാക്കിയെടുത്ത ശിഷ്യസമ്പത്തും വളരെ വിപുലമായിരുന്നു. ശർമ്മയുടെ അഭർത്ഥനയനുസരിച്ച് ശ്രീനാരായണ ഗുരു, സംസ്കൃതം പഠിക്കാൻ കുട്ടികളെ പട്ടാമ്പിയിലേക്കയച്ചു. ഭാഷാപഠന മേഖലയിലെ വിപ്ലവം തന്നെയായിരുന്നു ആ നടപടി. കുമരനെല്ലൂർകാരനായ അക്കിത്തം ആ വിപ്ലവ വഴിയിലെ തുടർ പ്രവർത്തകനെ പോലെ വേദം സാധാരണക്കാർക്ക് കേൾക്കാനും അറിയാനും അവസരമൊരുക്കി. ആകാശവാണിയിൽ ജോലിയിലിരിക്കെ അദ്ദേഹം പൊതുജനങ്ങൾക്കായി വേദങ്ങൾ അവതരിപ്പിച്ചു. കുട്ടിക്കാലം മുതൽ ഇ എം എസിന്റെ ആരാധകനായിരുന്നു അക്കിത്തം. കുറച്ചുകാലം ഇ എം എസിന്റെ സെക്രട്ടറിയായിരുന്നുവെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ആത്മകഥയുടെ കേട്ടെഴുത്തുകാരനുമായിരുന്നു. യോഗക്ഷേമ സഭയിലെ പ്രവർത്തന കാലം മുതലുള്ള അവരുടെ ബന്ധം അവസാന കാലം വരെ തുടർന്നു. എന്നാൽ അർത്ഥവും ലക്ഷ്യവുമറിയാതെ ഓത്തും വേദവും പഠിച്ച് കുറേ വർഷങ്ങൾ പാഴാക്കിയെന്ന ഇ എം എസിന്റെ ചിന്ത അക്കിത്തം പൂർണമായി അംഗീകരിച്ചില്ല. കുട്ടിക്കാലത്ത് പഠിച്ച വേദം സംരക്ഷിക്കാൻ അദ്ദേഹം പലവഴികളും തേടി. പുരോഗമനാശയങ്ങളോടൊപ്പം സഞ്ചരിച്ചിരുന്ന കവിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കുവരെ ഇത് വഴിയൊരുക്കി. അദ്ദേഹം തങ്ങളോടൊപ്പമാണ് എന്ന് ഹൈന്ദവ വർഗീയ ശക്തകൾ പ്രചരിപ്പിക്കാനിടയാക്കിയതും ഈ സാഹചര്യത്തിലാണ്. ഭാരത സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും തന്റെ രാഷ്ട്രീയ ദർശനത്തിന് അനുസൃതമായി ഭാരത സാംസ്കാരിത്തെ വ്യാഖ്യാനിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് ആചാര്യൻ കെ. ദാമോദരൻ അക്കിത്തത്തോട് യോജിച്ചിരുന്നു.

നമ്പൂതിരി കുടുംബത്തിൽ പിറന്ന് ഓത്തും യജ്ഞവും കർമവും ജന്മിത്വവും അയിത്തവും ആചാരവും എല്ലാം അനുഭവിച്ച്, കാലത്തിന്റെ വിളിയറിഞ്ഞ് പുരോഗമനമാർഗങ്ങളിലൂടെ സഞ്ചരിച്ച്, കവിതയും കഥയും നാടകവും രചിച്ച്, വിപ്ലവത്തിലും ഗാന്ധിമാർഗത്തിലും ചരിച്ച അക്കിത്തത്തിന്റെ കാവ്യങ്ങളുടെ അടിത്തറ ഈ വൈവിധ്യങ്ങളുടെ ഐക്യപ്പെടൽ തന്നെയാണ്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ യോഗക്ഷേമ സഭയുടെ സമ്മേളനങ്ങളിൽ പങ്കെടുത്തു. സമുദായ പരിഷ്കരണത്തിനിറങ്ങിയ വി ടി ഭട്ടതിരിപ്പാട്, എം ആർ ബി, ഇ എം എസ്, കെ പി ജി, പ്രേംജി, ഒളപ്പമണ്ണ തുടങ്ങിയവരുമായി മികച്ച ബന്ധം വളർത്തി. സഭയുടെ വർക്കിങ് പ്രസിഡന്റായി. അക്കാലത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റായിരുന്ന ഐ പി സി നമ്പൂതിരിപ്പാടുമായുള്ള അടുപ്പം അക്കിത്തത്തെ കമ്യൂണിസ്റ്റാക്കി. വി ടി നടത്തിയ ധിവേദ നിരോധം, ഘോഷാ ബഹിഷ്കരണം, വിധവാ വിവാഹ പ്രോത്സാഹനം, മിശ്ര വിവാഹ പ്രോത്സാഹനം, മിശ്ര ഭോജനം തുടങ്ങിയവയിലെല്ലാം അക്കിത്തവുമുണ്ടായിരുന്നു. ‘വി ടി ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാൻ ഉണ്ടാകുമായിരുന്നില്ല’ എന്ന് കവി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

പുരോഗമന പ്രക്രിയകളിലൂടെ മനുഷ്യനായ നമ്പൂതിരി ക്രമേണ മൃഗീയ ജീവിതത്തിലേക്കുപോകുന്നുവെന്ന് മനസിലാക്കിയപ്പോൾ വി ടി തന്നെ ‘മനുഷ്യനെ നമ്പൂതിരിയാക്കേണ്ടതുണ്ടെന്ന്’ തിരുത്തിയിട്ടുണ്ട്. പലരും വി ടി യെ പരിഹസിച്ചപ്പോൾ, ‘നമ്പൂതിരിയെന്ന് വി ടി ഉദ്ദേശിച്ചത് ബ്രാഹ്മണൻ എന്നാണ്. അത് ബ്രാഹ്മണ കുലത്തിൽ ജനിച്ചവരെയല്ല കർമം കൊണ്ട് ബ്രാഹ്മണരായവരെയാണ്’ എന്ന് അക്കിത്തം പിന്തുണച്ചു. ‘അച്ഛന്റെ വിശ്വാസങ്ങളിലും ചിന്താരീതികളിലും ഒരുതരം കൗണ്ടർ പോയിന്റുകൾ എന്നും നിലനിന്നിട്ടുണ്ട്. ഒരുതരത്തിൽ മുന്നോട്ടു പോകുമ്പോൾ അതിനു വിപരീതമായി ചിന്തിക്കുന്ന, അവനവനെത്തന്നെ ചോദ്യംചെയ്യുന്ന ഒരു ശീലം’ എന്ന് കവിയുടെ മകൻ അക്കിത്തം വാസുദേവൻ നിരീക്ഷിക്കുന്നതും ഈ വൈരുദ്ധ്യങ്ങളെത്തന്നെയാണ്.

പൊന്നാനിക്കളരിയിലെ ഇടശ്ശേരിയുടെയും എം ഗോവിന്ദന്റെയും സാന്നിധ്യവും ഇടപെടലും, സാമൂഹികവും രാഷ്ട്രീയവുമായി മേൽപ്പറഞ്ഞ ബന്ധങ്ങളും അക്കിത്തത്തിന്റെ കാവ്യരീതികളെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കുറ്റിപ്പുറം പാലവും കറുത്ത ചെട്ടിച്ചികളുമെഴുതിയ ഇടശ്ശേരിയും കവിതയിലെയും സാമൂഹിക മണ്ഡലത്തിലെയും നവീന ആശയങ്ങൾ സ്വാംശീകരിച്ച എം ഗോവിന്ദനും ആ കാവ്യാനുശീലനത്തിന് ഊർജമായി. അങ്ങനെയാകണം അക്കിത്തത്തിന്റെ കാവ്യമാർഗം കൂടുതൽമാനവികമായ ചിന്തകളിലേക്ക് എത്തിയത്. ഇടക്ക് പഠിത്തം നിർത്തേണ്ടിവന്ന അക്കിത്തത്തെ ഇല്ലത്ത്വെച്ച്് പഠിപ്പിച്ചിരുന്ന തൃക്കണ്ടിയൂർ ഉണ്ണികൃഷ്ണമേനോൻ എന്ന അധ്യാപകനാണ് അക്കിത്തത്തിലെ കാവ്യസിദ്ധി കണ്ടറിഞ്ഞത്. തന്റെ ശിഷൻ കവിതയിൽ മുന്നേറുമോ എന്നറിയാൻ ഉണ്ണികൃഷ്ണമേനോൻ ഇടശ്ശേരിയുടെ അഭിപ്രായം തേടി. അങ്ങനെ അദ്ദേഹവുമൊത്ത് പൊന്നാനിയിലേക്ക് നടത്തിയ യാത്രകൾ അക്കിത്തത്തിന്റെ കാവ്യചിന്തകളിൽ പുതുവഴികൾ വെട്ടുകയായിരുന്നു. പുന്നശ്ശേരിയുടെ വൈദിക പാരമ്പര്യവും പൊന്നാനിക്കളരിയുടെ പുതുചുവടുകളും ചേർന്ന് ജ്ഞാനപീഠം കീഴടക്കിയത് ചരിത്രമാവുകയും ചെയ്തു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.