Thursday
21 Feb 2019

തീയുണ്ടകള്‍ക്ക് മുന്നിലൂടെ

By: Web Desk | Sunday 1 July 2018 7:30 AM IST

ഗിരീഷ് അത്തിലാട്ട്

‘ അനന്തന്‍മാഷ് നാരായണനെ കടന്നുപിടിച്ചു.
ഇങ്ങനെ നിക്കല്ല. കിടക്ക് നിലത്ത് കമഴ്ന്ന് കിടക്ക്. അത് പറഞ്ഞു തീരുമ്പോഴേക്കും വെടിയുതിര്‍ന്നു. മാഷുടെ വെള്ളയുടുപ്പില്‍ ചോരത്തുള്ളികള്‍ ആയിരം വിടര്‍ന്നു. മാഷ് പിറകോട്ട് മറിഞ്ഞു. താങ്ങാനുയരുമ്പോള്‍ ഒരു വെടിയുണ്ട നാരായണന്റെ കാല്‍വണ്ണ തുളച്ചുകൊണ്ട് പാഞ്ഞുപോയി. വീണ്ടും വെടി വരുംമുമ്പ് നിലത്ത് കമിഴ്ന്നു. ഭൂമിയിലേക്ക് മുഖമാഴ്ത്തി. ഇനി ഒന്നും കാണുക വയ്യ.
തീമഴയുടെ ഇരമ്പം പതുക്കെ നിലച്ചു. രംഗം ശാന്തമായെന്നറിഞ്ഞപ്പോള്‍ നാരായണന്‍ പതുക്കെ മണ്ണില്‍ നിന്ന് മുഖമുയര്‍ത്തി. അവന്റെ ചുറ്റിലും ചോര പരന്നുകിടക്കുകയാണ്. കാല് അറ്റുപോയതുപോലെ അവനു തോന്നി. തലയുയര്‍ത്തി അവന്‍ പതിയെ വലിഞ്ഞ് എഴുന്നേറ്റു.
ശരീരങ്ങള്‍ ചിതറിക്കിടക്കുകയാണ്. ചിലര്‍ ഇപ്പോഴും പിടയുന്നുണ്ട്. അവന്‍ ചുറ്റിലും നോക്കി. അനന്തന്‍മാഷില്‍നിന്നും കുറച്ചകലെയായി ചോരയില്‍ കുളിച്ചുകിടക്കുന്നത് അച്ഛന്റെ ശരീരമാണ് എന്ന് അവന് തോന്നി. കാല് വലിച്ച് അവന്‍ നിരങ്ങിനീങ്ങി.
നെറ്റിയിലൂടെയും കഴുത്തിലൂടെയും നെഞ്ചിലൂടെയുമൊക്കെ ചോരയൊഴുകുന്ന വലിയ ദ്വാരങ്ങളോടെ അച്ഛന്‍ കിടക്കുന്നു. അവന്റെ കാഴ്ച പതിയെ ഇരുണ്ടു. ഇരുട്ട് കൂടിക്കുടി വന്നു. ‘
പിന്നെ മുഴുവന്‍ ഇരുട്ടായി.
പകല്‍ അപ്പോഴും തീര്‍ന്നിരുന്നില്ല. ‘

(മണ്ണ്- സതീഷ്ബാബു, പയ്യന്നൂര്‍)

കാവുമ്പായിലെ വീട്ടില്‍ ഇപ്പോഴുമുണ്ട്; അച്ഛനും ഗുരുനാഥനും വെടിയേറ്റു വീഴുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന ഒരു കൗമാരക്കാരന്‍. കാവുമ്പായിയിലെ സമരക്കുന്നിലും സേലം ജയിലിലെ ഇരുട്ടറയിലും തീയുണ്ടകള്‍ക്ക് മുന്നില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നാരായണന്‍; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും തീക്ഷ്ണമായ സമരങ്ങളുടെ കാലംമുതല്‍ ഇന്നുവരെ സിപിഐ എന്ന പ്രസ്ഥാനത്തിന്റെ കൂടെയുള്ള ഇ കെ നാരായണന്‍ നമ്പ്യാര്‍.
പറഞ്ഞുതീരാത്ത കഥകളാണ് അച്ഛന്‍ എന്നാണ് മകള്‍ രമണിയുടെ വാക്കുകള്‍. ജീവിതത്തെക്കാള്‍ വലുതാണ് പോരാട്ടമെന്ന് ശീലിച്ച ഒരു തലമുറയുടെ പ്രതിനിധിക്ക് കഥകളെയും അതിശയിക്കുന്ന ജീവിതാനുഭവങ്ങള്‍ ഒരുപാടുണ്ട്.
95 വര്‍ഷങ്ങളുടെ സമ്പന്നാനുഭവങ്ങളുമായി പാര്‍ട്ടിക്ക് കരുത്തായി നില്‍ക്കുന്ന അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങ് വൈകാരിക വേലിയേറ്റമായിരുന്നു. കാവുമ്പായിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന ആദരണചടങ്ങില്‍ പ്രായം തളര്‍ത്താത്ത ഊര്‍ജ്ജവുമായി പഴയ ഓര്‍മ്മകള്‍ ഇ കെ പങ്കുവെച്ചു.
‘ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ആ കുട്ടികളാണ്. ‘
സേലം ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരെക്കുറിച്ചാണ് ഇ കെ ഓര്‍മ്മിക്കുന്നത്. 1950 ഫെബ്രുവരി 11ന് സേലം ജയിലില്‍ നടന്ന കമ്മ്യുണിസ്റ്റ് വേട്ടയില്‍ കാലില്‍ വെടിയേറ്റതിനുശേഷം സേലം ജനറല്‍ ആശുപത്രിയിലുള്‍പ്പെടെയുള്ള ചികിത്സകളുടെ ഓര്‍മ്മകള്‍. ഭീകരമര്‍ദ്ദനങ്ങളും വെടിച്ചില്ലുകളും ശരീരത്തിലേല്‍പ്പിച്ച മുറിവുകള്‍ അത്ര ഗുരുതരമായിരുന്നു.
അച്ഛന്‍ തളിയന്‍ രാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ പഴയ ഇരിക്കൂര്‍ ഫര്‍ക്കയിലെ എള്ളരഞ്ഞിയില്‍ കര്‍ഷകസംഘം പ്രവര്‍ത്തിക്കുന്ന കാലത്ത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ത്ഥി സംഘടനപ്രവര്‍ത്തനങ്ങളിലൂടെ ഇ കെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. കാട്ടുരാജാവ് എന്നറിയപ്പെട്ടിരുന്ന കരക്കാട്ടിടം നായനാര്‍ എന്ന ജന്മിയുടെ കാലമായിരുന്നു അത്. 1942-46 കാലത്തെ ലോകമഹായുദ്ധത്തെത്തുടര്‍ന്ന് പട്ടിണി ബാധിച്ച ജനങ്ങള്‍ക്കുവേണ്ടി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തരിശുനിലം കയ്യേറി കൊത്തി പുനംകൃഷി തുടങ്ങി. തുടര്‍ന്ന് ജന്മിയും ഗുണ്ടകളും കര്‍ഷകരെ ഭീകരമായി മര്‍ദ്ദിച്ചൊതുക്കാന്‍ നോക്കി. 1946 ഡിസംബര്‍ 30ന് കാവുമ്പായി സമരക്കുന്നില്‍ ഒത്തുകൂടിയ കര്‍ഷകസമരഭടന്‍മാര്‍ക്കുനേരെ എംഎസ്പി വെടിയുതിര്‍ത്തു. അഞ്ച് പേര്‍ രക്തസാക്ഷികളായി.
തുടര്‍ന്ന് വേട്ടയാടലിന്റെ ദിനങ്ങളായിരുന്നു. കാവുമ്പായിയിലെ വീടുകളില്‍ പുരുഷന്‍മാരില്ലാത്ത അവസ്ഥ. എല്ലാവരും ഒളിവിലായിരുന്നു. ജന്മിയുടെ ഗുണ്ടകള്‍ വീടിന് തീവെച്ചു. അതറിഞ്ഞ് വീട്ടിലേക്ക് രാത്രി വരികയായിരുന്ന അച്ഛന്‍ രാമന്‍ നമ്പ്യാരെ എംഎസ്പി പിടികൂടി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മകനെയും. തുടര്‍ന്ന് ആറരവര്‍ഷത്തോളം ജയില്‍ ജീവിതം.
ആദ്യം വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. പിന്നീട് സേലം ജയിലിലേക്ക് മാറ്റി. അച്ഛന്‍ രാമന്‍ നമ്പ്യാര്‍, ഒ പി അനന്തന്‍മാസ്റ്റര്‍, എ കുഞ്ഞിക്കണ്ണന്‍, മാടായി ചന്തുക്കുട്ടി, കെ പി കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍, മാടായി കുഞ്ഞ്, മഠപ്പുര കുഞ്ഞമ്പു തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു.
1950 ഫെബ്രുവരി 11. ഉച്ചയ്ക്ക് 12 മണിയോടെ ബ്യൂഗിള്‍ മുഴങ്ങി. തുടര്‍ന്ന് വാര്‍ഡന്‍മാര്‍ ജനലിന് പുറത്തുനിന്ന് തോക്കുകള്‍ അകത്തേക്കിട്ട് നിര്‍ത്താതെ വെടിയുതിര്‍ത്തു. ജാലിയന്‍വാലാബാഗിന്റെ തനിയാവര്‍ത്തനം. ഭൂരിപക്ഷം പേര്‍ക്കും വെടിയേറ്റു. നാരായണന്റെ കാലിനാണ് വെടിയേറ്റത്. അച്ഛനും അനന്തന്‍മാസ്റ്റര്‍ക്കുമെല്ലാം വെടിയേറ്റതായി തിരിച്ചറിഞ്ഞു. പിന്നീട് ബോധമില്ലാതായി.
തുടര്‍ന്ന് സേലം ജനറല്‍ ആശുപത്രിയില്‍. നാല് ദിവസത്തിന് ശേഷമാണ് അച്ഛനും ഗുരുനാഥന്‍ ഒപി അനന്തന്‍മാസ്റ്ററുമടക്കം 22 പേര്‍ മരിച്ച വിവരം അറിയുന്നത്. അവസാനമായി അച്ഛന്റെ മൃതദേഹം കാണാന്‍ പോലും സാധിച്ചില്ല ആ മകന്. ആറരമാസക്കാലം പൊലീസ് കാവലില്‍ ആശുപത്രിയില്‍ കഴിഞ്ഞു…
‘ എന്റെ കയ്യില്‍ തോക്കുണ്ടായിരുന്നപ്പോള്‍ മൂന്നുവട്ടം നിന്നെ ഞാന്‍ പരതിയിരുന്നു. അപ്പോള്‍ കാണാഞ്ഞത് നിന്റെ ഭാഗ്യം’ എന്ന് വാര്‍ഡന്‍ പിന്നീട് പറഞ്ഞത് ഇകെ അനുസ്മരിക്കുമ്പോള്‍ പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ജീവിതംതന്നെ അവഗണിച്ച് പോരാട്ടത്തിനിറങ്ങിയവരുടെ ചരിത്രമാണ് കേട്ടുനിന്നവരുടെ മനസ്സില്‍ നിറഞ്ഞത്. പോരാട്ടത്തിന്റെ ജ്വാല കെടാതെ സൂക്ഷിച്ചുകൊണ്ട്, നിലപാടുകളിലുറച്ചുനിന്ന് പുതിയ കാലത്ത് സിപിഐയെ നയിക്കുന്ന കാനം രാജേന്ദ്രനുള്‍പ്പെടെയുള്ളവരായിരുന്നു വേദിയില്‍. അന്ന് സേലം ജയിലില്‍ വെടിയേറ്റുവീണ ഒ പി അനന്തന്‍മാഷുടെ ചെറുമകനായ പി സന്തോഷ്‌കുമാറാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ചടങ്ങിന്റെ അധ്യക്ഷനുമെന്നതും മറ്റൊരു നിയോഗം.
പോരാട്ടത്തിന്റെ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ഇ കെ നാരായണന്‍നമ്പ്യാരെപ്പോലെ നിരവധി പേരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ ഓര്‍മ്മകളില്‍ കണ്ണുനിറയുമ്പോഴും കരള്‍ പിടയുമ്പോഴും, പുതിയ അധിനിവേശവഴികള്‍ തേടുന്ന സാമ്രാജ്യത്വത്തിനും പുതിയ കാലത്തെ ജന്മിമാര്‍ക്കുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് മനസ്സുറപ്പ് നല്‍കുന്ന ഊര്‍ജ്ജദായിനി കൂടിയാവുകയാണ്..