23 November 2024, Saturday
KSFE Galaxy Chits Banner 2

കെ രേഖയുടെ ഒതുക്കിലെ വല്യമ്മ എന്ന കഥയുടെ വിശകലനം

ദീപ ഗോപകുമാര്‍
March 7, 2022 12:39 pm

ചിലപ്പോൾ അത് അങ്ങനെയാണ് … ഭൂതകാലങ്ങളിലെപ്പോഴൊ നെഞ്ചിൽത്തൊട്ടു കടന്നു പോയ ജീവിതമുഹൂർത്തങ്ങൾ, മറവിയുടെ  ചേറ്റിക്കൊഴിക്കലുകളിൽപ്പെടുത്താതെ എന്തുകൊണ്ടോ മാറ്റിനിർത്തിയ പ്രിയമുഖങ്ങൾ, ആത്മാവിലെപ്പോഴോ തൂവൽ കൊണ്ടു തഴുകിയ ലോല സ്പർശങ്ങൾ …ഓർമ്മയുടെ ഈടുവയ്പിൽ മാറാല ചൂടിയും, ക്ലാവു പിടിച്ചും കിടപ്പുണ്ടാവും ഇവയൊക്കെ. ഓരോരോ ജീവിതത്തിരക്കുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള പലായനങ്ങളിൽ ആ ഓർമ്മകളൊക്കെ ഇടയ്ക്കെടുത്തോമ നിച്ച് പൊടി തുടച്ചു തിരികെ വയ്ക്കാൻ മന:പൂർവ്വമല്ലെങ്കിൽപ്പോലും, ആരും മെനക്കെടാറില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ യാദൃച്ഛികമായി വന്നുഭവിക്കുന്ന ചില കാരണങ്ങളുടെ, അല്ലെങ്കിൽ പ്രേരണകളുടെ ഇടപെടലിൽ ഉപബോധ തലങ്ങളുടെ ഇരുട്ടിൽ നിന്നും മാറാല ചൂടി, ക്ലാവു പിടിച്ചു കറുത്ത ചില ഓർമ്മകൾ വെയിലത്തേക്കിറങ്ങും  ഓർമ്മപ്പിശകിന്റെ കടുംപച്ചക്ലാവ് ചുരണ്ടിനീക്കുന്ന മാത്രയിൽ  അവ കോൽപ്പുളിയും ചാരവും തേച്ചുരച്ചു കഴുകിയെടുത്ത ഓട്ടു കിണ്ണത്തിന്റെ ശോഭ കൈവരിക്കുന്നു. മറന്നു എന്ന് നമ്മൾ പോലും സ്വയം കരുതിയിരുന്ന കാര്യങ്ങളൊക്കെ വേണ്ടപ്പോൾ തിരിച്ചെടുക്കാനാവും വിധം എത്ര സൂക്ഷ്മതയോടെ, എത്ര കൃത്യതയോടെയാണ് നമ്മുടെ മനസ്സിന്റെ നിഗൂഢഅറകളിൽ വിന്യസിക്കപ്പെട്ടിരുന്നതെന്ന് അത്തരം സന്ദർഭങ്ങളിൽ നമ്മൾ സ്വയം അതിശയം കൊള്ളുകയും ചെയ്യുന്നു..      തേച്ചുമിനുക്കിയ ഓട്ടുകിണ്ണം പോലുള്ള വിലോലമായൊരോർമ്മയുടെ ദീപ്തിയാണ് ശ്രീമതി. രേഖ കെ രചിച്ച, _ഒതുക്കിലെ_ _വല്യമ്മ_ എന്ന കഥയുടെ ചാരുത. കഥയിലെ ദീപക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെയാണ് ഒതുക്കിലെ വല്യമ്മ ഈ കഥയിൽ നിറയുന്നത്. തന്റെ അച്ഛന്റെ സഹോദരസ്ഥാനത്തുള്ള ഒരാളുടെ ഭാര്യയായ ആ സ്ത്രീയെ ആദ്യം ഒതുക്കിലെ വല്യമ്മ എന്ന് വിളിച്ചത് ദീപക്കുട്ടൻ എന്ന ദീപയാണ്. ( യഥാർത്ഥ പേര് അങ്ങനെയായിരിക്കാമെന്നു കരുതുന്നു) എന്തുകൊണ്ടാണ് അങ്ങനെ വിളിക്കാൻ തോന്നിയത് എന്നകാര്യം ദീപയ്ക്കോർമ്മയില്ല. അവരെ അത്രയേറെ ഇഷ്ടമായിരുന്നു എന്നു മാത്രമേ അവൾക്കറിയൂ.. ഏറെക്കാലത്തിനു ശേഷം, അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഒതുക്കിലെ വല്യമ്മയുടെ ഓർമ്മകളിലൂടെ   ഇപ്പോൾ അവൾ സഞ്ചരിക്കുന്നതിനും ആകസ്മികമായ ഒരു കാരണം ഉണ്ട്. തറവാട്ടു സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് ലഭിക്കേണ്ട ഒരു തീർപ്പിന്റെ ഭാഗമായി, ശാന്തിമതിയമ്മ എന്ന ഒരു സ്ത്രീയെ അന്വേഷിച്ച് ദീപയുടെ വീട്ടിലെത്തുന്ന അപരിചിതനായ ഒരാൾ, താൻ അന്വേഷിക്കുന്ന സ്ത്രീയുടെ പഴയ ഒരു ബ്ളാക്ക് & വൈറ്റ് ചിത്രം അവളെക്കാണിക്കുന്നു. ഏതാനും വർഷങ്ങൾ മുൻപ് ‚ഒതുക്കിലെ വല്യമ്മയുടെ മരഅലമാരിയിൽ അവൾ കാണാനിടയായ അവരുടെയൊരു ചിത്രത്തിന്റെ പകർപ്പു തന്നെയായിരുന്നു അത്. അങ്ങനെയാണ് അപരിചിതൻ അന്വേഷിക്കുന്ന ശാന്തിമതിയമ്മ , താൻ ഒതുക്കിലെ വല്യമ്മ എന്നു വിളിച്ചിരുന്ന അതേ സ്ത്രീ തന്നെയാണെന്നും,- അവർക്ക് അങ്ങനെയൊരു പേരുണ്ടെന്നു പോലും — അവൾ അറിയുന്നത്. പേരു മാത്രമല്ല, ഒതുക്കിലെ വല്യമ്മയെക്കുറിച്ച്  ഇതുവരെ അറിയാത്ത ചില കാര്യങ്ങളും അയാളിൽ നിന്നറിയാൻ ദീപയ്ക്ക് കഴിഞ്ഞു. അവൾക്കറിയാവുന്ന ഒതുക്കിലെ വല്യമ്മയ്ക്ക് അക്ഷരാഭ്യാസമില്ല. നോട്ടുകൾ തന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അക്കങ്ങളും വലിയ പിടിയില്ല. ഒട്ടും സമ്പന്നയല്ല. പഴകിക്കീറിയ വസ്ത്രങ്ങൾ മാത്രമാണ്  അവർ  ധരിച്ചു കണ്ടിട്ടുള്ളത്. വലിയ ശുണ്ഠിക്കാരിയാണ്. ആഴ്ചയിലൊരിക്കൽ ഏകമകനായ ശ്രീധരന് ഒരു കത്തെഴുതണം എന്ന കാര്യത്തിൽ നിർബന്ധബുദ്ധിയുണ്ട്.  എഴുതാൻ അറിയില്ല എന്ന കാരണം പറഞ്ഞ് കത്തുകൾ ദീപയുടെ അമ്മയെക്കൊണ്ടാണ് എഴുതിപ്പിക്കുന്നതും. എന്നാൽ വല്യമ്മയെ തിരക്കിയെത്തിയ അപരിചിതനിൽ നിന്നും അവൾക്കറിയാൻ കഴിഞ്ഞ കാര്യങ്ങൾ തികച്ചും മറ്റൊന്നായിരുന്നു. ശാന്തിമതിയമ്മ അക്ഷരാഭ്യാസമില്ലാത്തവൾ ആയിരുന്നില്ല എന്നുമാത്രമല്ല, മദ്രാസിൽ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരുമായിരുന്നു. അവർക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാമായിരുന്നു. കോടികളുടെ സ്വത്തുക്കൾ ഉള്ള ഒരു തറവാട്ടിലെ അംഗമാണവർ. സിംഗപ്പൂരിൽ വളർന്ന അവർ അതിപരിഷ്കൃതയായിരുന്നു. എല്ലാത്തിനുമുപരി ‚അവർ ആർക്കാണോ ആഴ്ചയിലൊരിക്കൽ കൃത്യമായി കത്തുകൾ എഴുതിപ്പിച്ച് അയച്ചു കൊണ്ടിരുന്നത്, ആ ആൾ — അതായത്  ശ്രീധരൻ എന്നു പേരുള്ള അവരുടെ ഏകമകൻ — ആറോ, ഏഴോ വയസ്സുള്ളപ്പോൾ മരണപ്പെട്ടു പോയതാണ്. ഈ ലോകത്ത് ഇല്ലാത്ത മകന് ആണ് അവർ കത്തെഴുതിച്ചു കൊണ്ടിരുന്നത്..  കഥാപാത്രസൃഷ്ടിയിലെ അതിസൂക്ഷ്മദർശനത്തിന് ഉദാഹരണമാണ് ഒതുക്കിലെ വല്യമ്മ എന്ന ഈ കഥാപാത്രത്തിന്റെ സ്വഭാവ ചിത്രീകരണം എന്ന് നിസ്സംശയം പറയാം. കാരണം, ചില മനുഷ്യർ അങ്ങനെയാണ്. ഓർമ്മിക്കാൻ ഭയപ്പെടുന്ന കാര്യങ്ങൾ അവർ മനസ്സിൽത്തന്നെ കുഴിച്ചുമൂടുന്നു; എന്നിട്ട്, അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല എന്ന മട്ടിൽ പെരുമാറുന്നു. മകന്റെ വേർപാട് എന്ന അപ്രിയ യാഥാർത്ഥ്യത്തെ അംഗീകരിക്കാനുള്ള വൈമുഖ്യത്താൽ ശാന്തിമതിയമ്മയുടെ അബോധ മനസ്സ് കണ്ടുപിടിച്ച ഒരു പ്രതിരോധ മാർഗ്ഗമാവാം അത്. അങ്ങനെ , വളരെച്ചെറുപ്പത്തിൽ അവർക്ക് നഷ്ടമായ ആ മകൻ പക്ഷേ അവരുടെ മനസ്സിൽ വളർന്നു യുവാവും ഗൃഹസ്ഥനും, ജോലിക്കാരനുമൊക്കെയായി എവിടെയോ കഴിയുന്നു. ആ മകന് കത്തെഴുതി അവർ തന്നിലെ അമ്മയെ സാന്ത്വനിപ്പിക്കുന്നു; ഒരിക്കലും വരാനിടയില്ലാത്ത മകൻ്റെ മറുപടികൾ വന്നുവെന്നും, വായിച്ചു കേട്ടെന്നും മറ്റുള്ളവരെ ധരിപ്പിക്കുന്നു. ഒരു പക്ഷേ, അക്ഷരാഭ്യാസമില്ലെന്നു ധരിപ്പിച്ച് ദീപയുടെ അമ്മയെക്കൊണ്ട് മകന് കത്തെഴുതിക്കുന്നതും മകൻ ഉണ്ടെന്നുള്ള ഭ്രമാത്മക വിശ്വാസം ഒന്നുകൂടി സ്ഥാപിച്ചെടുക്കുന്നതിനുള്ള അവരുടെ പാവം മനസ്സിന്റെ ദീനമായ ഉപായങ്ങളിലൊന്നാവാം.. അതുപോലെ, അളവറ്റ വാത്സല്യം മനസ്സിൽ കൊണ്ടു നടക്കുമ്പോഴും ശുണ്ഠിക്കാരി എന്ന ഇമേജ്‌ നിലനിർത്താൻ അവർ ബദ്ധപ്പെടുന്നു. പരിമിതികൾ മാത്രം ഉണ്ടായിരുന്ന  ജീവിതത്തിൽ ഭൂതകാല ജീവിതത്തിലനുഭവിച്ച ആർഭാടങ്ങളുടെ ലാഞ്ചന അബദ്ധത്തിൽപ്പോലും വെളിപ്പെടുത്തുന്നില്ല അവർ. ഹിതകരമായ എല്ലാറ്റിനെയും ന്യസിക്കുന്ന സന്യാസം എന്ന അവസ്ഥ, സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആ കഥാപാത്രത്തിൽ കാണാം. തനിക്കേറ്റവും പ്രിയപ്പെട്ട ഇരുമ്പു ചീനച്ചട്ടിയും, ദോശക്കല്ലും ഒരു സ്നേഹ ലിഖിതം സഹിതം ഏറ്റവും പ്രിയപ്പെട്ടൊരാൾക്ക് വേണ്ടി മാറ്റി വയ്ക്കുമ്പോൾ, പിന്നീട് അവശേഷിച്ച ഐഹിക ബന്ധനങ്ങളെ പുറകിലുപേക്ഷിച്ച്  തീർത്ഥാടനം പോയ വാഹനത്തിൽ നിന്നും ഇടയ്ക്കിറങ്ങിറങ്ങി നടന്നുമറയുമ്പോൾ അവരുടെ സന്യാസം പൂർണ്ണമാകുന്നു.        കഥാപാത്രങ്ങൾ രചയിതാവിന്റെ സൃഷ്ടികൾ ആണ്. എന്നാൽ കഥാപാത്രത്തിന്റെ ചിന്തകൾക്കും, പ്രവൃത്തികൾക്കും വ്യക്തമായ ന്യായീകരണം വായനക്കാർക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് രചയിതാവിനല്ലാതെ മറ്റാർക്കുമല്ല. ഇവിടെ രചയിതാവ്  അറിഞ്ഞോ അറിയാതെയോ  ശാന്തിമതിയമ്മയെപ്പോലൊരാളുടെ മനസ്സിലൂടെ  യാത്ര ചെയ്ത് കുറിച്ചിട്ടപോലെ , ഒതുക്കിലെ വല്യമ്മ എന്ന കഥാപാത്രത്തിന്റെ ചിത്രണത്തിന് മന:ശ്ശാസ്ത്ര പരമായ ഒരു സാധൂകരണവും, പൂർണ്ണതയും, കൃത്യതയും കൈവന്നിരിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ്.       കഥാഗതിയുടെ കാര്യത്തിലും, മറ്റു കഥാപാത്രങ്ങളുടെ കാര്യത്തിലും ഇതേ കൃത്യത നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ദീപയുടെ അച്ഛനായ വിജയ കൃഷ്ണന്റെ ചിത്രീകരണം തന്നെ നോക്കൂ. അദ്ദേഹം ഒരേസമയം കടുപ്പക്കാരനും, പരോപകാരിയും, നിസ്വാർത്ഥനും, ഉദാരനും മനസ്സിൽ ഉന്നതമൂല്യങ്ങൾ സൂക്ഷിക്കുന്നവനും ഒക്കെയാണ്. അദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ ഗുണങ്ങൾ സാധൂകരിക്കുന്ന വിവരണങ്ങളാണ് കഥയിൽ സ്ഥാനം പിടിച്ചിട്ടുള്ളതും. അദ്ദേഹത്തിന്റെ കരുതലിന്റെ ബലത്തിൽ ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ തറവാട്ടിൽ അഭിമാനത്തോടെ കഴിയുന്നു; പരോപകാരിയായ ഒരു രാഷ്ട്രീയ പ്രവർത്തകനായതിനാൽ അവരുടെ ഭൂസ്വത്തിൻ്റെ അതിരുകൾ ചുരുങ്ങിച്ചുരുങ്ങിവരുകയും, ജനകീയത ഏറുകമൂലം അദ്ദേഹത്തിൻ്റെ ലോകം “വിശാല വിശാല“മാവുകയും ചെയ്യുന്നു; അഭയാർത്ഥികളെപ്പോലെ വീട്ടിൽക്കയറി വന്ന ഒതുക്കിലെ വല്യമ്മയ്ക്കും, അവരുടെ ഭർത്താവും തൻ്റെ അകന്ന സഹോദരനുമായ കുമാരനും താമസിക്കാനൊരിടവും, ചെലവിനുള്ള വകകളും, ഉപജീവനോപാധികളും സ്വന്തം സൻമനസ്സാൽ ഒരുക്കിക്കൊടുക്കുന്നു; നഖം വെട്ടിക്കൊടുത്തും, കുളിപ്പിച്ചും നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചും കുമാരൻ എന്ന മനുഷ്യനെ ആഴ്ചതോറും പുതുക്കിയെടുക്കുന്നു; കുമാരന്റെ വൃത്തിയില്ലായ്മയെ അപഹസിച്ച സ്വന്തം മകനെ ചുണ്ടത്ത് ഞൊട്ടി, പ്രായശ്ചിത്തമായി അദ്ദേഹം ചായ കുടിച്ച അതേ ഗ്ലാസ്സിൽത്തന്നെ രണ്ട് ഗ്ലാസ് ചായ കുടിപ്പിക്കുന്നു.. മരണത്തോടെ അദ്ദേഹം ഇല്ലാതായപ്പോൾ, “അച്ഛനില്ലാതെ മുന്നോട്ടു പിച്ചവയ്ക്കാൻ കഴിയാത്ത ഒരു വയസ്സുകാരിയായി ഞാൻ  നിന്നു പതറി ” എന്ന് ദീപക്കുട്ടൻ എന്ന കഥാപാത്രം പറയുന്നുമുണ്ട്. ആ തോന്നൽ വായനക്കാർ ശരിവയ്ക്കുന്നുണ്ടെങ്കിൽ അത് കഥാപാത്ര ചിത്രീകരണത്തിൽ കഥാകൃത്തിനുള്ള കൈയടക്കം തന്നെയാണ്.     ശാന്തിമതിയമ്മയെ തിരക്കിയെത്തുന്ന അപരിചിതന്റെ മട്ടും, ഭാവവും, പ്രതികരണങ്ങൾ എന്നിവയ്ക്കും തികഞ്ഞ സ്വാഭാവികതയുണ്ട്. അനന്തരാവകാശികൾ ആരുമില്ലാത്ത ശാന്തിമതിയമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ അവരുടെ വിഹിതമായ ഭാരിച്ച സ്വത്തിന്റെ ഒരു ഭാഗം അയാൾക്ക് കിട്ടിയേക്കാം. ആ മധുര പ്രതീക്ഷ ഉള്ളതുകൊണ്ടാകാം അവർ മരിച്ചു കാണുമോ എന്ന അയാളുടെ പ്രതീക്ഷാനിർഭരമായ ചോദ്യത്തിന് മറുപടിയായി ദീപയിൽ നിന്ന് ലഭിക്കുന്ന ഒട്ടും ശുഭകരമല്ലാത്ത മറുചോദ്യങ്ങളിൽ അയാൾ ഈർഷ്യ കൊള്ളുന്നത്. അയാൾ അയാൾക്ക് അറിയേണ്ടുന്ന കാര്യങ്ങൾ മാത്രം തിരക്കി; അറിയേണ്ടത് ഒട്ടറിഞ്ഞുമില്ല; മറ്റൊന്നും അയാൾക്ക് അറിയണമെന്നുമില്ല‑മറ്റു വിഷയങ്ങൾ സംസാരിപ്പിക്കാതെ, കുശലാന്വേഷണങ്ങൾക്ക് അവസരം നൽകാതെ വന്നയാളുടെ കാര്യമാത്ര പ്രസക്തമായ വരവും ചോദ്യവും, ഉദ്ദിഷ്ട കാര്യം നടക്കാനിടയില്ലെന്നറിഞ്ഞ് അരിശപ്പെട്ട് പോകുന്ന പോക്കും സ്വാഭാവികമായി.    മനോജ്ഞമായ ചില നിരീക്ഷണങ്ങളും ഈ കഥയിൽ ഇടം പിടിച്ചിട്ടുണ്ട്‌. അവയിങ്ങനെ: “രണ്ടു പേരും അയഞ്ഞും മുറുകിയും മറ്റുള്ളവരുടെ വസ്ത്രങ്ങളിൽ അങ്ങനെ കഴിഞ്ഞു.. ”
” ബീഡി കുടി ക്ക്യാ ”
” പെണ്ണുങ്ങളുടെ കോപം അവരുടെ ഇഷ്ടമാണെന്ന്, അവരുടെ പ്രതിഷേധം അവരുടെ കരുതലാണെന്ന് ആണുങ്ങളൊന്നും മനസ്സിലാക്കില്ല.. ”      ഒരാൾ മറ്റുള്ളവരിൽ നിന്ന് സ്വയം മാറി നിൽക്കുമ്പോൾ അതിനെ ഒറ്റപ്പെടൽ എന്നു വിളിക്കാനാവില്ല. എന്നാൽ ഒരാളെ മറ്റുള്ളവർ ബോധപൂർവ്വം നീക്കി നിറുത്തുമ്പോഴാകട്ടെ, ഒറ്റപ്പെടുത്തപ്പെടൽ എന്ന അസഹനീയമായ അവസ്ഥയുണ്ടാകുന്നു. ഈ കഥയിലെ, ഒതുക്കിലെ വല്യമ്മ ജീവിതത്തിലുടനീളം അഭിമുഖീകരിച്ച അവസ്ഥ അതാണ്. ഭീകരവും ഭീതിദവുമാണത്.. അവരുടെ ആദ്യഭർത്താവ് പ്രവാസത്തിലൂടെ അവരെ ഒറ്റപ്പെടുത്തി;അവരുടെ അച്ഛനും അമ്മയും മകനും മരണത്തിലൂടെ ഒറ്റപ്പെടുത്തി; ബന്ധുക്കൾ നിസ്സഹകരണത്തിലൂടെ ഒറ്റപ്പെടുത്തി;അവർക്ക് ഒരിക്കലും അംഗീകരിക്കാനാവാതിരുന്ന രണ്ടാം ഭർത്താവ് ജീവിതം കൊണ്ടും പിന്നെ മരണം കൊണ്ടും അവരെ ഒറ്റപ്പെടുത്തി;അവസാനം അവർ തന്നെ അവരെ ഒറ്റപ്പെടുത്തി..    ഓർമ്മകൾ അക്ഷരങ്ങളുടെ ചെരിപ്പുകളിട്ട് പിന്നോട്ടു നടക്കുമ്പോഴാണ് ഓർമ്മക്കുറിപ്പുകൾ പിറവി കൊള്ളുന്നത്. എല്ലാ ഓർമ്മക്കുറിപ്പുകൾക്കും ഗൃഹാതുരതയുടെ  ഇളം നനവു കാണും. ഈ കഥയുടെ കൂടുതൽ ഭാഗവും ആത്മകഥന രൂപത്തിലുള്ള ഓർമ്മക്കുറിപ്പിന്റെ ഭാവം പേറുന്നു. ഈ കഥാപരിസരത്തെ നൊമ്പരങ്ങളും, സംഭവങ്ങളും ‚കഥാപാത്രങ്ങളും വായനക്കാർക്ക് ഒട്ടും അപരിചിതമല്ല. രചനാശൈലിയാകട്ടെ ലളിതവും മനോഹരവും.. നേരെ ചൊവ്വേ വായിച്ചു മനസ്സിലാക്കാവുന്ന രചനയായതിനാൽ വ്യാഖ്യാനങ്ങളുടെ അലങ്കോലങ്ങളും ഇല്ല.  ഒറ്റ വായനയിലും, രണ്ടാമത്തെ വായനയിലും, മൂന്നാമത്തെ വായനയിലും വായനക്കാർ മനസ്സിലാക്കിയെടുക്കാൻ പാടില്ല എന്ന നിർബന്ധബുദ്ധിയോടെ കഥകളെഴുതുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ കഥ. ബന്ധങ്ങളുടെ ഗൃഹാതുരമായ ഓർമ്മകൾ പ്രമേയമായ കഥകൾ ഒട്ടും വിരളമല്ല മലയാളത്തിൽ . വായിച്ചു കഴിഞ്ഞാലും കൂടെപ്പോരുന്നു എന്ന സവിശേഷതയാൽ അത്തരം കഥകൾ എല്ലാക്കാലത്തും സ്വീകാര്യമാണ് താനും. അക്കാരണം കൊണ്ടുകൂടി, _ഒതുക്കിലെ വല്യമ്മ_ എന്ന ഈ കഥ അനുവാചക മനസ്സുകളിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമേയില്ല.    നല്ലൊരു കഥ വായിക്കാൻ അവസരം നൽകിയതിന് രേഖക്ക് നന്ദി, സ്നേഹം ..

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.