18 April 2024, Thursday

കണക്കുപഠിത്തം

മേഴ്‌സി ടി കെ
കുഞ്ഞമ്മിണിക്കഥകൾ
January 25, 2022 2:34 pm

കൊറേ നിറോള്ള ആകാശോം മേഘോം കാണണ്ത് വൈകുന്നേരാണ്. പേരമരത്തീ ക്കേറീരുന്നാ നല്ലോണം ആകാശം കാണാം. മഞ്ഞ, നീല, ചാരം, ഓറഞ്ച്… അങ്ങനെ പലനിറോള്ള ആകാശോണ് കുഞ്ഞമ്മിണിക്കിഷ്ടം. ചില മേഘങ്ങള്‍ വേഗത്തില്‍ പറക്കും. ചിലത് ഒരു ചൊടീല്ലാതെ ഇഴഞ്ഞിഴഞ്ഞ്.. നോക്കീരിക്ക്യാലെ മേഘങ്ങള്‍ ആനേം കുതിരേമാവും. അപ്പത്തന്നെ ആന കുതിരേം കുതിര മൂരീമാവും. സിംഹത്തെ കാണണോ ന്ന്‍ വിചാരിച്ചാ അപ്പത്തന്നെ കാണാം. വിചാരിക്കണോക്കെ കാണാന്‍ പറ്റും. അതാ ആകാശക്കാഴ്ച്ചേടെ മായാജാലം.! മേഘോണ് മഴയായി പെയ്യണേത്രേ.! സൂര്യന്‍റെ ചൂടുകൊണ്ട് വെള്ളം നീരാവിയായി മോളീപ്പോയി മേഘാവൂന്നും മേഘങ്ങള്‍ തമ്മീ കൂട്ടിമുട്ടുമ്പോ ഇടിവെട്ടും മിന്നലും ഉണ്ടാവൂ ന്നോക്ക്യാ കൊച്ചേട്ടന്‍ പറയണേ. ഒന്നുമങ്ങ് പിടികിട്ടാണ്ട് കൊച്ചേട്ടനെ അന്ധാളിപ്പോടെ നോക്കി. ‘അതേ ഈ മാങ്ങണ്ടി പോലത്തെ തലേല്‍ വല്ല്യ ബുദ്ധ്യോന്നുണ്ടാവാന്‍ വഴീല്ല്യ, ചെലപ്പോ വലുതാവ്മ്പോ തല വെല്‍തായാ രക്ഷപ്പെടും’ന്ന്‍ പറഞ്ഞു കൊച്ചേട്ടന്‍. പക്ഷേ തല വെല്‍തായില്ല, മാങ്ങണ്ടി പോലെ തന്നെ, അതോണ്ട് ബുദ്ധീണ്ടായില്ല.! 

ആകാശക്കാഴ്ച കാണണേനെടക്ക് പേരക്ക പറിച്ചുതിന്നു. കൊറേ മാനിനേം ഒരു കുതിരേനേം കണ്ടു. ആന അകലേന്നും വന്നപ്പേക്കും കുതിരേനേ കാണാണ്ടായി. എന്തു സുഖാണീ മേഘങ്ങക്ക്, ആകാശ ത്തൂടെ പറക്കാം. ചോപ്പും നീലേ മാകാം. ആനേം കുതിരേമാവാം. കിളീടെ കൂടേം വിമാനത്തിന്‍റൂടേം പറക്കാം. കുഞ്ഞമ്മി ണിക്കും പറക്കണോന്ന് തോന്നി. അപ്പഴേക്കും ജെസ്സി വന്ന്‍ പേരേടെ താഴത്തെ കൊമ്പീക്കേറീരുന്നു. വിറകുകീറിക്കൊണ്ടുനിന്ന കുഞ്ഞനാശാരീടെ അടുത്തേക്ക് അമ്മ വന്നപ്പോ ‘അമ്മേ നമുക്ക് പര്‍ക്കാന്‍ പറ്റോ’ന്ന്‍ ചോദിച്ചു. ‘പിന്നേ പര്‍ക്കാ ലോ, എന്താ പര്‍ക്കണോ, ഇനി അതിന്‍റൊരു കുറവേള്ളൂ. നീയാ പേരേന്നെറങ്ങ്യേ, പെങ്കുട്ട്യോള് മരത്തുമ്മേല്ല, താഴെ നിക്കണം. കക്കുപേരക്ക തിന്ന് വയറു നൊമ്പരോന്നും പറഞ്ഞു വന്നാ തല തല്ലിപ്പൊളിക്കും’ന്ന്‍ അമ്മ. വെറുത്യാ,സൂക്കേട് വന്നാ ചക്കരയിട്ട് ചുക്കുകാപ്പീണ്ടാക്കി കുടിപ്പിക്കും. ചുമ്മാ പേടിപ്പിക്കണ അമ്മേ നോക്കി അവള്‍ ‘ആക്കി’ ചിരിച്ചു. ‘കിണിക്കാണ്ട് പോയ് വല്ലതും വായിച്ചു പടിച്ചേ, മരംകേറി നടക്കാണ്ട് ചെന്നിരുന്നു പടിക്ക്, കുഞ്ഞേട്ടന്‍ അന്വേഷിക്കണുണ്ട് പഠിപ്പിക്കാന്‍’ അമ്മ പറഞ്ഞു. 

‘കുഞ്ഞമ്മിണീ’ വിളി വന്നു, ഒരു മാഷ് വന്നേക്കണ്.! അവള്‍ക്ക് ദ്വേഷ്യം വന്നു. ചീങ്കണ്ണീനെ കണ്ട സന്തോഷ ത്തിലാണവള്‍. അത് ചീങ്കണ്ണ്യല്ലെന്നു പറഞ്ഞ് ജെസ്സി വാദിച്ചു, കുഞ്ഞമ്മിണി സമ്മതിച്ചില്ല. ചീങ്കണ്ണീനെ ആദ്യായി കാണണത് മൂരീനെ വാങ്ങാന്‍ വന്ന ആള്‍ക്കടേ ഫോറിന്‍ ബനിയനിലാ. ‘ക്രൊക്കഡൈല്‍സ്’ന്നെഴുതിയ ബനിയനിലെ പടം ചീങ്കണ്ണീടേന്ന് പറഞ്ഞത് കൊച്ചേട്ടനാ. ഒരു സിംഹത്തെ നോക്കീ രിക്കുമ്പഴാ കുഞ്ഞേട്ടന്‍റെ വിളി! സിംഹത്തെ കാണാണ്ട് പോവൂല്ല്യന്നുറപ്പിച്ചു. ‘നീ വരണുണ്ടോ’ ഓ…പിന്നേം വിളി. വിളീടെ കനം കേട്ട് പേടിച്ച് ജെസ്സി ഓടിപ്പോയി. ‘ഒരു കുഞ്ഞേട്ടന്‍മാഷ്.! സിംഹത്തെ കാണാന്‍ സമ്മതിക്കാണ്ട്…’ പൊറുപൊറുത്തു കൊണ്ട് പേരമരത്തീന്നിറങ്ങി, അല്ലാതെ രക്ഷേല്ല്യ. കുഞ്ഞേട്ടന്‍ തല്ലും. രണ്ടു പേര മരങ്ങള്‍ ഉണങ്ങിപ്പോയത് കുഞ്ഞമ്മിണി കാരണോന്നാ പറച്ചില്‍, തല്ലാന്‍ വടിയൊ ടിച്ചതാത്രേ. തല്ലുകൊണ്ടതും പോര, മരം ഉണങ്ങിപ്പോയേന്‍റെ കുറ്റോം അവള്‍ക്ക്! എന്തൊരു അന്യായോന്നോക്ക്..!

‘രാമന്‍റെ കയ്യില്‍ ഏഴ് ആപ്പിളുണ്ട്. കൃഷ്ണന്‍റേല് അഞ്ചും സുമതീടേല് മൂന്നും ആപ്പിളുണ്ട്. ആകെ ആപ്പിളെത്ര?’ കണക്കു ബുക്കില്‍ നോക്കി കുഞ്ഞേട്ടന്‍റെ ചോദ്യം. ഈ കുഞ്ഞേട്ടനെന്താ, വല്ലോര്ടേം കയ്യിലെ ആപ്പിളിന്‍റെ കാര്യമറിഞ്ഞിട്ട്… രാമനും കൃഷ്ണനും സുമതീം എണ്ണട്ടേന്ന് അവളോര്‍ത്തു. ‘ഉത്തരം കിട്ട്യോ’ന്ന്‍ ചോദിച്ച പ്പോ കുഞ്ഞേട്ടനെ മിഴിച്ചുനോക്കി, ‘ഇല്ലെ’ന്ന് തോളുപൊക്കിതാഴ്ത്തി കണ്ണടച്ചു. ‘കൂട്ടണോ കുറയ്ക്കണോ’ ചോദ്യം കേട്ടപ്പോ കുഞ്ഞേട്ടന് അറീല്ല്യാരിക്കൂന്ന് കരു തി, ‘കുഞ്ഞേട്ടന്‍ പറയ്’ന്നായി അവള്‍. ‘നീയെന്നേണോ ഞാന്‍ നിന്നേണോ പഠിപ്പിക്ക്യണേ’ കുഞ്ഞേട്ടന്‍റെ ചോദ്യം അവള്‍ കേട്ടില്ല. രാമനെന്നു കേട്ടപ്പോ രാമച്ചോനേ ഓര്‍ത്തു. പയ്യേ വര്‍ത്ത്വാനം പറയണ, വാല്‍സല്യത്തോടെ തലേല്‍ തൊടുന്ന രാമ ച്ചോനേ അവക്കിഷ്ടോണ്. ‘നീയെവിട്യാ ശ്രദ്ധിക്കണേ’ന്ന ചോദ്യവും അടിയും ഒപ്പം കഴിഞ്ഞു. തോളിലാ തല്ലീത്. തോള് പൊകഞ്ഞുപോയി. അവളുറക്കെ കരഞ്ഞു. ‘വെറുതേ കരഞ്ഞിട്ടൊരു കാര്യോല്ല്യ. കണക്ക് ചെയ്യാണ്ട് ഇവിടുന്നനങ്ങ്യാ എന്‍റേ ന്നിനീം കിട്ടും.’ കുഞ്ഞേട്ടന്‍ തല്ലുംന്നു പറഞ്ഞാ തല്ലും. അവള്‍ സ്ലേറ്റിലെഴുതി, രാമന്‍-7, കൃഷ്ണന്‍-5, സുമതി–3. രാമനെന്നെഴുതീപ്പൊ പിന്നേം രാമച്ചോനേ ഓര്‍മ്മ വന്നു. സ്ലേറ്റിലേക്ക് വീണ കണ്ണീരുകൊണ്ട് അവള്‍ വട്ടം വരച്ചു, കണ്ണിന്‍റെ സ്ഥാനത്ത് രണ്ടു കുത്തിട്ടു. ‘എടീ…’ ദ്വേഷ്യപ്പെട്ട് കുഞ്ഞേട്ടന്‍ അവളെ അമര്‍ത്തി തോണ്ടി. പെട്ടെന്നവള്‍ കണക്കിലേക്ക് വന്നു. ‘കൂട്ടണൊ കുറക്കണോ’ ചോദ്യം. ‘കൂട്ടണം’ന്ന്‍ പറഞ്ഞ് കൈവിരലും കാല്‍വിരലുമെണ്ണി 15 എന്നെഴുതി. ‘ങാഹാ കിട്ടീല്ലോ, അതേ ഈ തലമണ്ട അനങ്ങണം. അതിന് ചുട്ട അടി കിട്ടുമ്പോ ഒക്കെ ശര്യാവും.’ന്നു പറഞ്ഞു തലപിടിച്ചുകുലുക്കി. ‘അതിന് കണക്ക് വല്ലോം അറിയോടാ’ കുഞ്ഞമ്മി ണീടേ കണക്കുപ്രാവീണ്യത്തില്‍ അമ്മയ്ക്ക് സംശ്യം. ‘പിന്നില്ലാതെ, ഒരടി കിട്ടീപ്പോ മണിമണി പോലെ കണക്ക് ചെയ്തൂ’ന്ന്‍ വീമ്പിളക്കി കുഞ്ഞേട്ടന്‍.

‘ഇനി കുളിക്കാന്‍ വന്നേ’ന്ന്‍ പറഞ്ഞ് അമ്മ വെളിച്ചെണ്ണക്കുപ്പീടുക്കാന്‍ പോയി. ആ തക്കത്തിന് അവളോടി ക്കളഞ്ഞു. ഇന്നലെ കുളിച്ചാല്ലേ, എന്നുമെന്തിനാ കുളി ക്കണേ, തണുത്തുവെറയ്ക്കാന്‍.! ‘കുഞ്ഞമ്മിണീ…’ അമ്മ വിളിയോട് വിളി. വിളി കേക്കാതെ പതുങ്ങീരുന്നു. പെട്ടെന്നാണത് സംഭവിച്ചത്,പോസ് പൊറകീക്കൂടെവന്ന്‍ അവള്‍ടെ മേത്തേക്ക് വെള്ളൊഴിച്ചു. അവള്‍ ചാടിപ്പെടഞ്ഞെണീറ്റ് പോസിനെ തല്ലാനോടിച്ചു. പോസ് കാറ്റുപോലെ പാഞ്ഞു. ‘നന്നായെ’ന്ന്‍ പറഞ്ഞുവന്ന അമ്മ കയ്യിലെ വെളിച്ചെണ്ണ തലേലും മോത്തും തേച്ചു. ‘അനങ്ങാണ്ട്നിന്നി ല്ലെങ്കീ ന്‍റെ കയ്യീന്നുകിട്ടും. പണ്ട് കാര്‍ന്നോമ്മാര് പറേണൊരു ചൊല്ലുണ്ട്, വളത്താന്‍ പിടി ച്ചാലും കൊല്ലാന്‍ പിടിച്ചാലും പോര്‍ക്ക് മോങ്ങൂന്ന്‍.! അതുപോലായല്ലോ ദൈവ മേയിതിന്റെ കാര്യം. അഞ്ചാറെണ്ണത്തിനെ വരച്ചവരേ നിര്‍ത്തീതല്ലേ, ഇതെന്തായിങ്ങനെ ദൈവം തമ്പുരാനെ.!’ അമ്മേടെ ആത്മഗതം കേട്ട് അവളുടെ സങ്കടം കണ്ണീരായൊഴുകി, ഇനി നന്നാവാമെന്നുറപ്പിച്ചു.

കൂട്ടലും കൊറയ്ക്കലും ഒരുവിധം തലേക്കേറിവരുമ്പഴാ, റേച്ചല്‍ സിസ്റ്റ് ‘ല.സാ.ഗു’ വുമായി വരുന്നത്. ഇംഗ്ലീഷില്‍ ‘LCM’ന്ന്‍ പറയൂത്രെ. കേക്കാന്‍ നല്ല ശേലുണ്ട്. ഇനിയിത് പഠിക്കാനെത്ര ദേഹണ്ണമേല്‍ക്കണോ എന്തോ.! രണ്ടു സംഖ്യേടെ പൊതു ഗുണിതങ്ങളില്‍ ഏറ്റോം ചെറിയ സംഖ്യേണത്രേ ല.സാ.ഗു. സിസ്റ്റ് ബോര്‍ഡിലെഴുതി, 3,4… ഇതിന്‍റെ ഗുണിതങ്ങളില്‍ ചെറിയ സംഖ്യ… സിസ്റ്റിന്‍റെ ഒച്ച കാതില്‍ കിളി ചെല ക്കണ പോലെ ചിലമ്പണുണ്ട്. തല യ്ക്ക് വല്ലാത്ത കനം. തലേക്കോടെ പലവിചാരങ്ങള്‍ മൂളിപ്പറന്നു. ജനാലേക്കോടെ നോക്കീപ്പോ പാടത്ത് ഒരു കര്‍ത്ത പശൂം ഒരു പുള്ളിപ്പശൂം പുല്ല് തിന്നണു, പുള്ളിപ്പശൂന്‍റെ പൊറത്ത് ഒരു കിളിയിരിക്കണ്.! മാടത്തേണെന്നാ തോന്നണേ… പെട്ടെ ന്നാണത് സംഭവിച്ചത്. സിസ്റ്റ് വന്ന്‍ കൈയ്യി ലൊരു പിച്ച്.! വെറും പിച്ചല്ല, പിച്ചീട്ട് ഒരു തിരിക്കല്‍.! വേദന കൊണ്ട് ‘ങ്ഹാ അമ്മേ…’ന്ന്‍ കരഞ്ഞു പോയി. ‘ക്ളാസ്സില്‍ ശ്രദ്ധിക്കാതെ നീയെന്തു നോക്കീരിക്ക്യാ’ന്ന് പിച്ചിപ്പിടിച്ചുള്ള സിസ്റ്റിന്‍റെ ചോദ്യം. വേദനേം ദ്വേഷ്യോം കൊണ്ട് ‘പിശാശ്’ന്ന്‍ മനസ്സില്‍ സിസ്റ്റിനെ തെറി വിളിച്ചു. അപ്പഴാ അമ്മ പറഞ്ഞ കാര്യ മോര്‍ത്തത്, ‘തെറി പറയുന്ന നാവ് പുഴുത്തുപോവൂന്ന്.!’ സ്കൂളീന്നു വന്നപ്പാടെ കണ്ണാടീല് നോക്കി, നാവിന് കുഴപ്പോന്നൂല്ല്യ, പക്ഷേ ഒരു സമാധാനോല്ല്യ. അവസാനം സിസ്റ്റി നെ തെറി പറഞ്ഞെന്ന് അമ്മ്യോട് പറഞ്ഞു. ദാ അമ്മ തൊടങ്ങീ വഴക്ക്… ‘മാതാപിതാഗുരുദൈവം’ ന്നാ പ്രമാണം. അമ്മേനേം അപ്പനേം പോലെത്തന്നെ ടീച്ചര്‍മാരേം ബഹുമാനിക്കണം. അല്ലെങ്കീ കുരുത്തമില്ലായ്മയാ, അറിവ് പറഞ്ഞുതരണോരെ നിഷിച്ചാല് ജീവിതത്തില്‍ ഗതി പിടിക്കില്ലെന്നാ..’ അമ്മേടെ ശകാരം കേട്ട് കുറ്റബോധം കൊണ്ട് അവള്‍ കുറേ കരഞ്ഞു. 

‘കണക്കെ’ന്നു കേട്ടാ വേദനിക്കണ തലേണ്, പിന്നെ പലവിചാരോം.! അപ്പഴാ ബ്രീസിയ സിസ്റ്റ് ‘ആള്‍ജിബ്ര’ന്ന്‍ ബോര്‍ഡിലെഴുതി അടിവരേട്ടത്. കേട്ടപ്പോ എന്താന്നറി യാന്‍ കൌതുകമായി. (a+b)2=a2+b2+2ab എന്നൊക്കെ സിസ്റ്റ് പറേണകേട്ട് തലയൊന്നനങ്ങി, ഒപ്പം പെരുപ്പും കേറിവന്നു. കൂട്ടാനും കുറയ്ക്കാനും വിരലെണ്ണി ഉത്തര മെഴുതും പോലെ വഴിക്കണക്ക് ചെയ്യാന്‍ പറ്റാതെ സിസ്റ്റിന്‍റേന്നും കുഞ്ഞേട്ട ന്‍റേന്നും തല്ലുകൊണ്ട് ഒരു വഴിക്കായിനില്‍ക്കാണ് കുഞ്ഞമ്മി ണി. അപ്പഴാ വായീക്കൊള്ളാത്ത പേരുമായി പച്ച പരിഷ്ക്കാരി ‘ആള്‍ജിബ്രേ’ടെ വരവ്.! രണ്ടൂന്നു ദിവസം ‘(a+b)2=a2+…’ന്ന്‍ കേട്ടപ്പോ പെരുപ്പ് തലവേദനയായി. ‘എ+ബി ഹോള്‍സ്ക്വയര്‍’ എന്നൊക്കെ നാക്കുളുക്കാതെ പറേണ സിസ്റ്റിനെ ആദരവോടെ നോക്കി അന്തിച്ചി രുന്നു. അന്തിപ്പിലെ പന്തികേട് കണ്ടിട്ടോ എന്തോ സിസ്റ്റ് ചോദ്യം ചോദിച്ചു. ഉത്തരം കിട്ടാത്തതിന് കിട്ടിയ ചൂടുള്ള അടിയില്‍ തല പിന്നേം ചെറുതായി ഒന്നന ങ്ങീങ്കിലും ഒന്നുമങ്ങേറ്റില്ല. ആള്‍ജിബ്രയോട് അടിയറവ് പറഞ്ഞതന്നാണ്.

പിന്നെയേതൊക്കെ ക്ലാസില്‍ ആള്‍ജിബ്ര പഠിച്ചോ എന്തോ.! നിര്‍ബന്ധബുദ്ധീല്ലാത്ത ജോസ്മാഷിന്‍റെ ക്ളാസ്സിലെ ആള്‍ജിബ്രേല്‍നിന്ന്‍ നൈസായി രക്ഷപ്പെട്ടു. പിന്നീട് രാധാകൃഷ്ണന്‍ മാഷിന്‍റെ ക്ലാസ്സിലാണ് ആള്‍ജിബ്ര യെ മുഖാമുഖം കണ്ടത്. ‘പഠിപ്പിച്ചേ യടങ്ങൂ’ന്ന അദ്ധ്യാപക ഗുണോള്ള മാഷ് തലക്കിട്ടുതന്ന കിഴുക്കില്‍ തല നന്നായൊന്നനങ്ങി, ആ തക്കം നോക്കി ആള്‍ജിബ്ര തലേല്‍ കേറീരുന്നെങ്കിലും എന്തോ പെട്ടെന്നിറങ്ങിപ്പോയി. ടൂഷന്‍ക്ലാസിലെ ആള്‍ജിബ്ര പാവമായിരുന്നു, ശല്യം ചെയ്തില്ല. ഹോ.. സ്കൂള്‍ക്കടമ്പ കഴിഞ്ഞു.! കണക്കറിയാത്ത, ഒന്നിനുമൊരു കണക്കും കുണുക്കുമില്ലാത്ത കുഞ്ഞമ്മീണീടെ കണക്കുപഠിത്തം പിന്നേം ബാക്കിയായി, അനന്തമായി നീണ്ടുപോയി, എല്ലാം വിധിവിളയാട്ടം.!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.