18 April 2024, Thursday

കത്തിക്കുത്ത് റാത്തീബ്

വിജിഷ വിജയൻ
October 7, 2021 4:35 pm

അന്നും ഭക്ഷണപ്രിയയല്ലായിരുന്നു. വായിൽ ആദ്യം ചൂണ്ടുവിരൽ തിരുകിക്കയറ്റി മറ്റുവിരലുകള്‍ക്കൊണ്ട് ഭക്ഷണം കുത്തിക്കയറ്റുന്ന പ്രത്യേകരീതി അമ്മ റിസർച്ച് നടത്തുന്നത് കടിഞ്ഞൂൽ പ്രസവത്തിന് ശേഷമായിരുന്നത്രെ…
ഇന്നും ഭക്ഷണത്തോട് ആർത്തി തോന്നാറില്ല.. ഉണ്ടാക്കിയ ഏത് ഭക്ഷണവും ഏറ്റവും നല്ല മുഖത്തോടെ ആരെങ്കിലും വിളമ്പി തരുന്നത് ഇഷ്ടമാണ്, പ്രിയപ്പെട്ട കൈകളാൽ വായിൽവച്ച് തരുന്നത് അതിലേറെ ഇഷ്ടവും.
അന്നൊക്കെ വളരെ മെലിഞ്ഞിട്ടാണ്. ചോറ് വിളമ്പിയാലും അതിന്റെ മുൻപിൽ ചിന്തിച്ചിരിക്കും. എല്ലാരും എഴുന്നേറ്റാലും എന്റേത് കഴിയില്ല. “ഭക്ഷണകാര്യത്തിൽ അല്പം ഒസുവാസുള്ളത് അന്റെ മൂത്തേനാണ്” എന്ന് എല്ലാരും അമ്മയോട് പറയും. ഞാനെന്റെ ചോറിൽ മൂന്നാല് വരമ്പൊക്കെ വരച്ച്, ബാക്കിവച്ച് എഴുന്നേറ്റു പോകും..

ഭക്ഷണം കഴിക്കാത്ത കുഞ്ഞുനാളിലെ ഓർമ്മകൾ അമ്മയെന്ന രീതിയിൽ അമ്മയെ മടുപ്പിക്കുമെങ്കിലും മകളെന്ന രീതിയിൽ എനിക്ക് ഓർക്കാൻ ഇഷ്ടമുള്ളതാണ്. കഥകൾ ഇഷ്ടമായിരുന്ന എന്റെ മുന്നിലേക്ക് പൂച്ചയേയും കോഴിയേയും അണ്ണാൻ കുഞ്ഞുങ്ങളെയും ചേർത്ത് പറയാൻ അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മ കുറേ നാട്ടുകഥകളാണ് ആഹാരം തരുന്നതിനൊപ്പം നിരത്താറുള്ളത്. അത്തരമൊരവസരത്തില്‍ കേട്ട പേരാണ് ‘കത്തിക്കുത്ത് റാത്തീബ്!’
ഓവുങ്ങൽ പാറാൾ പള്ളിയിലാണ് കുത്ത് റാത്തീബ് ഉള്ളത്. ചോറ് തിന്നാത്ത മക്കളെ റാത്തീബ് കത്തി കൊണ്ട് കുത്തുമെന്നായിരുന്നു അമ്മേടെ വാദം. പോരാത്തേന് വെട്ടി നുറുക്കി കഷണങ്ങളാക്കുമത്രെ. അല്പസ്വല്പം ഭയമുള്ള കൂട്ടത്തിലായതിനാൽ ഞാനത് വിശ്വസിച്ച് വേണ്ടാഞ്ഞിട്ടും വെള്ളം കുടിച്ചിറക്കിയ എത്ര ഉരുളകളാണ് തേഞ്ഞുതീരാതെ വായിലിരിക്കുന്നത്.
സംശയരോഗിയായ എന്റെ ആകുലതകൾ തീർക്കുന്ന ചില സ്വകാര്യയിടങ്ങൾ ഞാൻ കരുതിവയ്ക്കാറുണ്ട്.. അമ്മച്ഛനാണ് കഥകളുടെ ആശാൻ.
അമ്മച്ഛനിശ്വാസങ്ങളിലെ ബീഡി മണം എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല. അക്ഷരങ്ങളിലൂടെ പുറത്തേയ്ക്ക് പറക്കുന്ന കള്ളിന്റെ ഗന്ധം സഹിക്കാൻ ഞാൻ പര്യാപ്തയായിരുന്നു.. കാരണം കഥ കേൾക്കണം. അതായിരുന്നു എന്റെ ആദ്യത്തെ കള്ള്കഥകൾ. പുരാണേതിഹാസങ്ങളിൽ തുടങ്ങി കള്ള്ഷാപ്പ് വരെ എത്തുന്ന എത്രയെത്ര കഥകൾ…
അമ്മച്ഛൻ പക്ഷേ മെയിൽഷോവനിസ്റ്റ് ആയിരുന്നു. മനുസ്മൃതി അരച്ച് കുടിച്ച്
“ന സ്ത്രീ സ്വാതന്ത്ര്യമർഹതി ”
ഉച്ചത്തിൽ ചൊല്ലും..
അവിടുന്നാണ് എന്നിലെ പെണ്മ ഉയർന്നു വന്നതെന്ന് തോന്നുന്നു. കുറെ ആശയ ചേരായ്മകൾ ഉണ്ടായിരുന്നെങ്കിലും ഞാനൊന്നും തിരിച്ചു പറഞ്ഞിരുന്നില്ല. കൂടുതൽ ഇഷ്ടമുള്ളോർക്ക് കയറിയിരുന്നു അടിമപ്പെടുത്താനുള്ള സ്നേഹസ്വാതന്ത്ര്യം കൊടുക്കുന്ന എന്റെ സ്വഭാവം എനിക്ക് ദോഷം ചെയ്യുമെന്ന് പലരും പറയാറുണ്ടെങ്കിലും ഞാനത് ആസ്വദിക്കാറുണ്ട്.
ആരാണ് ‘കത്തിക്കുത്ത് റാത്തീബ്?’ സർപ്പക്കാവിലെ പൂജ കഴിഞ്ഞ അന്ന് രാത്രി അമ്മച്ഛൻ നല്ല ഫിറ്റ് ആയിരുന്നു. തക്കം പാർത്തിരുന്ന ഞാൻ ആ ചോദ്യമുന്നയിച്ചു. അമ്മ പറ്റിക്കുകയാണോ എന്നറിയണമല്ലോ.
അല്ലേലും ചുമ്മാ അങ്ങനെ കുട്ടികളെ തിന്നാനൊക്കുമോ? പൊലീസ് പിടിക്കില്ലേ?
“ആര് പറഞ്ഞു കുഞ്ഞോളെ ഇക്കഥ?” നാവ് വഴങ്ങാതെ കൃഷ്ണമണികളെ ഊഞ്ഞാലാട്ടുന്ന കണ്ണുകളെ ചുരുട്ടിപ്പിടിച്ച് പുരികങ്ങളാൽ വില്ലുകുലച്ച് അമ്മച്ഛൻ സംസാരം തുടങ്ങി.
“കേറിപ്പോടീ അകത്ത്…” അമ്മ കനത്തു.
ഉമ്മറത്തെ ഇപ്പോഴത്തെ ഭുവനേശ്വരിയുടെ മുറിയിലാണ് അന്ന് അമ്മച്ഛന്റെ കിടപ്പ്. തേക്ക് വാതിലുകൾ ചേർത്തടച്ച അരമ നീക്കി അമ്മയെന്റെ സംശയത്തിന് കടിഞ്ഞാണിട്ടു. ഉറക്കത്തെ കാത്ത്കാത്ത് ഞാനെന്നെ ഉറങ്ങാതെ ഉറക്കി.
അമ്പലത്തിൽ പൂജ കഴിഞ്ഞ് നടതുറന്നപ്പോൾ, ഞാൻ പ്രാർത്ഥിച്ചു.
“കത്തിക്കുത്ത് റാത്തീബ് ഉണ്ടാവരുതേ!” ഉണ്ടെങ്കിൽ അയാള് കുത്തിക്കുടലെടുത്ത എന്റെ ശരീരം തറവാട്ട് ശവപ്പറമ്പിൽ കുഴിച്ചിടുന്നത് എത്ര ഭീകരമായിരിക്കും.
പിറ്റേന്നും അമ്മച്ഛനെക്കാത്ത് കണ്ണും നട്ടിരുന്നു. ബേബിമോൾ ചേച്ചി കളിക്കാൻ കൂട്ടുവിളിച്ചു, പോയില്ല. “മുത്തച്ഛന്റെ വായിന്റെ ചോട്ടിലിരിക്കാതെ നിനക്ക് വേറെ പണിയൊന്നുമില്ലെടെയ്” എന്നു പറഞ്ഞു ചേച്ചി കളിക്കാൻ പോയി. ഞാനൊന്നും മിണ്ടീല, പകരം ഒരു കണ്ണെടുത്ത് മറ്റേ കണ്ണിലേക്ക് വലിച്ചിടുന്ന പ്രത്യേകതരം മുഖത്തെ കലാപരിപാടി പ്രദർശിപ്പിച്ചു. ഇനിയും കണ്ണുമ്മലെടുത്തിടുന്നത് ആരോടേലും കാണിച്ചാൽ കണ്ണിന് കുത്തുകിട്ടുമെന്ന് അതുകണ്ട അമ്മ ഭീഷണിപ്പെടുത്തി. ഞാൻ കേൾക്കാത്ത മട്ടിലിരുന്നു. റാത്തീബായിരുന്നു മനസു നിറയെ.
അടുത്തദിവസം അമ്മച്ഛൻ പഴനിക്ക് പോയി. പഴനിമല കയറി തിരിച്ചു വരുംവരെ റാത്തീബിനെക്കൊണ്ട് ഞാൻ ഭക്ഷണം കഴിച്ചു, അടുക്കളപ്പണിയിൽ പാത്രങ്ങൾ കഴുകിയത് കൊണ്ടുവപ്പിച്ചും പച്ചക്കറികൾ എടുത്തു കൊടുത്തും പേൻ നോക്കിച്ചും മുടി കെട്ടറുത്തും പുറം ചൊറിഞ്ഞു കൊടുത്തും കാല് മസ്സാജ് ചെയ്യിപ്പിച്ചും ഞാൻ പീഡിപ്പിക്കപ്പെട്ടു.
മൂന്നാല് ദിവസം കഴിഞ്ഞ് അമ്മച്ഛൻ എത്തി.
റാത്തീബ് ഉണ്ടെന്നും നമ്മുടെ വെളിച്ചപ്പാടുകളെപ്പോലെയാണെന്നും മൊഴിഞ്ഞു. അതോടെ ഉണ്ടെന്ന ഉറപ്പ് കിട്ടി. പേടിക്കണം. പുത്യാപ്ലക്കോര കഴിക്കാത്ത അച്ഛനെ സാദാ കറുത്ത കോരയാണിതെന്നും പറഞ്ഞു മൊരിച്ച് കൊടുക്കുന്ന അമ്മയുടെ പറ്റിപ്പൻ ബിസിനസ് അല്ല ഇത് എന്ന് മനസ്സിലായി.
ഇനി അടുത്ത ലക്ഷ്യം അയാൾ കുട്ടികളെ കൊല്ലുമോ എന്നതിന്റെ ഉത്തരമായിരുന്നു. പക്ഷേ പിറ്റേന്ന് അമ്മച്ഛന്റെ മൂഡ് മാറി, അടിച്ചു മിന്നിവന്ന് മാമന്മാർക്കിട്ട് വഴക്ക് തുടങ്ങി. അമ്മമ്മ എന്നേം വിളിച്ചോണ്ട് പടിഞ്ഞറ്റിയിലേക്ക് നടന്നു. പകല് അമ്മച്ഛനെ കാണാൻ കിട്ടുകയേ ഇല്ല. പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ മൂന്ന് വലിയ കാവുകൾക്കും അമ്പലത്തിനുമിടയിലെ വിശാലമായ പൂമുഖമുള്ള ആ പഴയ വീട്ടിൽ പാലപ്പൂ മണത്തും പൊട്ടക്കാളം പൊട്ടിത്തെറിച്ച് വീണത് നോക്കിയും സെക്കോയ പോലുള്ള പടുകൂറ്റൻ മരങ്ങളുടെ കീഴെ നടന്നും കിളിക്കൊഞ്ചലുകൾ കേട്ടും നടക്കുകയാണ് പതിവ്.
സ്ഫടികത്തിലെ തിലകൻ ഡയലോഗിൽ മക്കളേക്കാൾ നല്ലത് മരമാണെന്നും പറഞ്ഞ് അമ്മച്ഛൻ വളർത്തി വലുതാക്കിയ ഉറുമാമ്പഴമരത്തിൽ പറഞ്ഞത് അന്വർത്ഥമാം വിധം ചോപ്പ്കായ്കൾ നിറയെ കായ്ച്ചിട്ടുണ്ട്.
ചേച്ചി രണ്ടെണ്ണം പൊട്ടിച്ചു.
ഞങ്ങള് രണ്ടാളും കഴിച്ചു.
ഞങ്ങടെ കഴിപ്പു കണ്ട് അമ്മായിമാർക്ക് കൊതിമൂത്ത് അവരും പൊട്ടിച്ച് കഴിച്ചു. പോരേ പൂരം… അന്നത്തെ കള്ള് വയറ്റിൽ കിടക്കാതെ എല്ലാരും ചീത്തവിളിയാല്‍ നനഞ്ഞുകുതിർന്നു. പൂരം കൊടിയിറങ്ങാതെയായപ്പോൾ എല്ലാരും ഓരോരോഅകം കയറി. എന്റെ റാത്തീബ് ഭീതി വീണ്ടും ബാക്കിയായി.
പിറ്റേന്ന് നാരങ്ങാമിഠായിയും കടലയുമൊക്കെ ഒന്നിച്ച് നുണഞ്ഞ് അമ്മച്ഛൻ ഒരു മുഴുനീള കഥ പറഞ്ഞു. രത്നാകരൻ വാല്മീകിയായ കഥ. രാമായണം വായിക്കാൻ ഉപദേശവും.
ആദ്യമായി തീണ്ടപ്പാട്ട് പറമ്പിലെ രാധാലക്ഷ്മി കള്ള് കുടിക്കാൻ ഷാപ്പിൽ വന്നതും ആൾക്കാര് കൂക്കുവിളിച്ചതും തെങ്ങിൽ ചൊറിഞ്ഞ് എല്ലാരും കൂടി രാധ ഈക്വൽ ടു കള്ള് ലക്ഷ്മി എന്നെഴുതിയതും. ഒട്ടേറെ കഥകൾക്ക് നടുവിൽ റാത്തീബ് മൂടപ്പെട്ടു.
കുളിക്കാൻ തോർത്തുമുണ്ട് തോളിലിട്ട് പോകുന്ന അമ്മച്ഛനെ മാടി വിളിച്ച് വൈകിക്കാതെ
ചോദ്യമാങ്ങട് പാസാക്കി. “കത്തിക്കുത്ത് റാത്തീബ് കുട്ടികളെ കൊല്ലുമോ?”
“ഹഹഹ.. മോള് പോയിരിക്കവിടെ, ഞാൻ കുളിച്ച് വരാം”.
കുറേ കാത്തിരുന്നു. കുളി കഴിഞ്ഞ് പ്രാർത്ഥനയും ചിട്ടവട്ടങ്ങളും കഴിഞ്ഞപ്പോഴേക്കും ഏതോ ഒരാൾ അമ്മച്ഛനെ കാണാൻ വന്നു. അയാൾ അന്ന് പോയില്ല. എനിക്കമ്മച്ഛനെ കിട്ടിയതുമില്ല.
അന്ന് രാത്രി അച്ഛൻ വിളിക്കാൻ വന്നു. ഇഷ്ടമല്ലാത്ത കൊത്തമര ഉപ്പേരിയും നെത്തോലിക്കറിയും കൂട്ടിക്കുഴച്ച് റാത്തീബിനെപ്പേടിച്ച് അന്നും ചോറുണ്ടു.
തറവാട്ടിലേക്ക് തിരിച്ച് നടുക്കുമ്പോൾ പകുതിയഴിഞ്ഞ സംശയക്കുടുക്കുകൾ കൊളുത്തി വലിച്ചു. ചുരുളഴിക്കാൻ തക്ക മുഖങ്ങളൊന്നും പിന്നെ ഉണ്ടായില്ല. ഉണ്ടായിരുന്ന അമ്മച്ഛൻ ഞങ്ങളുടെ അടുത്ത വിരുന്നുപാർപ്പിനു മുൻപേ കഥ നിറഞ്ഞു നിറഞ്ഞു ഹൃദയത്തിന് ആഘാതം സംഭവിച്ചു ഇഹലോകം വെടിഞ്ഞു. ഇന്നും അവിടുത്തെ അമ്പലത്തിൽ ശശിമാമൻ വെളിച്ചപ്പെടുമ്പോൾ അമ്മച്ഛൻ വെളിച്ചപ്പാടിലൂടെ വന്ന് അമ്മയോട് സംസാരിക്കാറുണ്ട്. എനിക്കെപ്പോഴും അമ്മച്ഛന്റെ അനുഗ്രഹമുണ്ടാവുമെന്നും പറയാറുണ്ട്.
അക്കാലയളവിൽ മെലിഞ്ഞ ശരീരത്തെ പുഷ്ടിപ്പെടുത്താൻ അമ്മ കൊണ്ടുവച്ച നെയ്യ് ഞാൻ ആരും കാണാതെ തിന്നുമായിരുന്നു. നെയ്യിന്റെ രുചി ഇഷ്ടമല്ലാത്തതിനാൽ ഒരു സ്പൂൺ നെയ്യെടുത്ത്‍ നാവിൽ വച്ച് വെള്ളം കുടിച്ചിറക്കുകയായിരുന്നു പതിവ്. കാര്യം ഇന്നേവരെ ആരും അറിഞ്ഞിട്ടില്ല. ഇന്ന് തടികുറയ്ക്കാൻ ആശിക്കുന്നത്
കാലത്തിന്റെ കാവ്യനീതി..!
പക്ഷേ പകുതിയറിഞ്ഞ റാത്തീബിനെക്കൊണ്ട് പൊറുതി മുട്ടി പലരെയും മുട്ടി. നെറ്റി വെട്ടിമുറിവേൽപ്പിക്കുന്ന വെളിച്ചപ്പാടുകളെപോലെ ബെയ്ത്ത് തുടങ്ങുമ്പോൾ നെഞ്ച് വെട്ടി മുറിവേൽപ്പിക്കുന്ന റാത്തീബുമാരെക്കുറിച്ച്, കേരളത്തിൽ അത്തരം കത്തിക്കുത്ത് നിർത്തലാക്കിയതിനെക്കുറിച്ച്, പലസ്തീനിലും മറ്റും ഇന്നും അത്തരം ആചാരങ്ങൾ നിലനിൽക്കുന്നതിനെക്കുറിച്ചുമൊക്കെ അന്വേഷിച്ചു. ചോറുണ്ണാൻ അമ്മ പറഞ്ഞ ഒരു കുഞ്ഞിക്കഥ ഇത്രയും വിശാലമാണെന്ന് അന്ന് തോന്നിയില്ല.
ഏതായാലും റാത്തീബിനെ കേൾക്കാനിരുന്ന് എന്തോരം കഥകളും തട്ടുമുട്ടു പാട്ടുകളുമാണ് അനുഭവിച്ചത്. അതൊക്കെത്തന്നെയാണ് ബാല്യത്തിന്റെ സമൃദ്ധി.

(അധ്യാപികയും കവയത്രിയുമാണ് എഴുത്തുകാരി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.