September 28, 2022 Wednesday

സുരേന്ദ്രന്‍ മുതല്‍ സിഐ സതീഷ് കുമാര്‍ വരെ; പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി അനില്‍ മടങ്ങി

Janayugom Webdesk
ഇടുക്കി
December 25, 2020 8:14 pm

മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു അന്തരിച്ച അനില്‍ നെടുമങ്ങാട്. ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ കിട്ടുന്നത്. ഫ്രെഡി കൊച്ചാച്ചന്‍ എന്ന ക്യാരക്ടര്‍ ഏറെ പ്രശംസ നേടിയതോടെ കമ്മട്ടിപ്പാടത്തിലും രാജീവ് രവി അനിലിനെ ഒപ്പം ചേര്‍ത്തു.

അനിലിന്റെ കരിയറിലെ ടേണിംഗ് പോയിന്റ് എന്ന് പറയാന്‍ കഴിയുന്ന കഥാപാത്രമാണ് കമ്മട്ടിപ്പാടത്തിലെ വില്ലന്‍ പരിവേഷമുള്ള  സുരേന്ദ്രന്‍. അന്തരിച്ച സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന പൊലീസ് കഥാപാത്രം അനിലിന്റെ ഉള്ളിലെ അഭിനേതാവിനെ മലയാള സിനിമ ലോകത്തിന് കാണിച്ചു കൊടുത്തു. പാവാട, പൊറിഞ്ചു മറിയം ജോസ്, ആമി, കിസ്മത് തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

തൊടുപുഴ മലങ്കര ജലാശയത്തില്‍ ഷൂട്ടിങ്ങിനിടെ സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചത് .വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്‍‍ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു.

Eng­lish sum­ma­ry: Sto­ry of actor Anil nedumangad
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.