പ്രകൃത്യുപാസനയുടെ വര്‍ണ്ണരാജികള്‍

Web Desk
Posted on April 21, 2019, 8:00 am

സൂര്‍ദാസ് രാമകൃഷ്ണന്‍
ഇരുപത്തഞ്ചുവര്‍ഷമായി വരച്ചുകൊണ്ടിരുന്ന ഒരു ചിത്രകാരന്‍. എന്നിട്ടും അംഗീകാരത്തിന്റെ ഭാഗ്യവഴികളൊന്നും അയാള്‍ക്ക് മുന്നില്‍ തുറന്നില്ല. നാല്‍പത്തിയെട്ട് വയസ്സായിരിക്കുന്നു. ജീവിതം ദുരന്താത്മകമായൊരുവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ക്ഷയരോഗത്താല്‍ പീഡിതയായ ഭാര്യ. രോഗാതുരനായി മരണത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന മൂത്തപുത്രന്‍. ഒന്നിനും പണം തികയാതെ ദുഃഖിതനായി തളര്‍ന്നുനില്‍ക്കവെ ചിത്രകാരന്റെ അരികില്‍ ഒരാളെത്തി. പെയിന്റിംഗുകള്‍ വിലയ്‌ക്കെടുക്കുന്ന ഒരു ഫ്രഞ്ചുവ്യാപാരി. ചിത്രകാരന്റെ സ്റ്റുഡിയോയില്‍ അയാള്‍ വരച്ച കാന്‍വാസുകള്‍ കൂടിക്കിടക്കുകയാണ്. വ്യാപാരി അതിലൊന്ന് തെരഞ്ഞെടുത്തു. ചിത്രകാരന്‍ ഏറ്റവും പ്രിയപ്പെട്ട സ്വന്തം രചന, ആറടി വലിപ്പമുള്ള ആ കാന്‍വാസില്‍ മനോരഹരമായ ഒരു പ്രകൃതി ദൃശ്യമായിരുന്നു വരച്ചിരുന്നത്. 350 ഡോളറിന് സ്വന്തം കുഞ്ഞിനെ ബലിനല്‍കുന്നതുപോലെ ഹൃദയം നീറിക്കൊണ്ടാണ് ചിത്രകാരന്‍ അത് കൊടുത്തത്. 1824ല്‍ ഇംഗ്ലണ്ടിലായിരുന്നു ഈ സംഭവമുണ്ടായത്. വ്യാപാരി ആ വര്‍ഷം അവസാനം ചിത്രം പാരീസ് സലോണില്‍ പ്രദര്‍ശിപ്പിച്ചു. ഒരൊറ്റ ദിവസം കൊണ്ട് ആ ചിത്രം കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. ജനങ്ങള്‍ വിസ്മയഭരിതരായി ചിത്രത്തിന് മുന്നില്‍ തടിച്ചുകൂടി. ജീവിത ദുരന്തത്തിന്റെ നടുവില്‍ നില്‍ക്കവേ പൊടുന്നനേ ചിത്രകാരന്‍ അംഗീകരിക്കപ്പെട്ടു. പ്രശസ്തിയിലേക്കുയര്‍ത്തപ്പെട്ടു. ഇംഗ്ലണ്ടിലെ ഒരു വേനല്‍ക്കാല ഗ്രാമീണ ദൃശ്യത്തിനു നേരേ പിടിച്ച കണ്ണാടിപൊലെയായിരുന്നു ആ ചിത്രം. ‘വയ്‌ക്കോല്‍ വണ്ടി’ (ഠവല ഒമ്യ ണമശി) എന്നായിരുന്നു, ചിത്രകാരനെ ലോകപ്രശസ്തനായക്കിയ ആ ചിത്രത്തിന്റെ പേര്. ചിത്രകാരന്‍, ഇംഗ്ലണ്ടിലെ എക്കാലത്തെയും വലിയ പ്രകൃതിദൃശ്യചിത്രകാരനായി മാറിയ ജോണ്‍കോണ്‍സ്റ്റബിള്‍. അസഹ്യമായ അതിന്റെ സൗന്ദര്യത്തിനു മുന്നില്‍ ഫ്രഞ്ചുകലാലോകം ആരാധനയോടെ നിന്നു. കോണ്‍സ്റ്റബിളിന്റെ നാച്വറലിസം പാരമ്പര്യത്തിന്റെ വിരസമായ എല്ലാ കാഴ്ചപ്പാടുകളെയും മറികടക്കുന്ന മൗലികതയാല്‍ ശ്രേഷ്ഠമാണെന്ന് നിരൂപകര്‍ വിലയിരുത്തി. ഫ്രാന്‍സിലെ ചിത്രകാരന്മാരുടെ കൂട്ടം വിടര്‍ന്ന കണ്ണുകളോടെയാണ് ഇംഗ്ലീഷുകാരനായ കോണ്‍സ്റ്റബിളിന്റെ ചിത്രത്തെ നോക്കിനിന്നത്. ചിത്രം കണ്ട് സന്തുഷ്ടനായ ഫ്രാന്‍സിലെ രാജാവ് കോണ്‍സ്റ്റബിളിന് സ്വര്‍ണ്ണമെഡല്‍ കൊടുക്കാന്‍ കല്പിച്ചു. ഫ്രഞ്ച് ഗവണ്‍മെന്റ് ചിത്രം നാഷണല്‍ മ്യൂസിയത്തിനുവേണ്ടി വിലയ്ക്കുവാങ്ങാനും തീരുമാനിച്ചു. പക്ഷേ ചിത്രം ആദ്യം വാങ്ങിയ ഫ്രഞ്ച് വ്യാപാരി ഇതിനെ എതിര്‍ക്കുകയും പെയിന്റിംഗുകളുടെ സ്വകാര്യശേഖരമുണ്ടായിരുന്ന ഒരാള്‍ക്ക് രണ്ടായിരം ഡോളറിന് വില്‍ക്കുകയും ചെയ്തു.
1776‑ല്‍ ഇംഗ്ലണ്ടിലെ കിഴക്കന്‍ ബെര്‍ഹോള്‍ട്ടിന്റെ ഭാഗമായ സഫോള്‍ക്ക് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലാണ് കോണ്‍സ്റ്റബിള്‍ ജനിച്ചതും വളര്‍ന്നതും. അവിടെ കുട്ടിക്കാലം മുതല്‍ക്കേ കണ്ടുവളര്‍ന്ന പ്രകൃതിയുടെ ഭാവഭേദങ്ങളാണ് തന്നെ ചിത്രകാരനാക്കി മാറ്റിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് ആ പ്രദേശം ‘കോണ്‍സ്റ്റബിള്‍ കോണ്‍ട്രി’ എന്നപേരില്‍ പ്രസിദ്ധമായിരിക്കുന്നു.
സമ്പത്തും സന്തോഷും നിറഞ്ഞതായിരുന്നു കോണ്‍സ്റ്റബിളിന്റെ ജന്മഗൃഹം. പിതാവ് ഗോള്‍ഡിംഗ് ധാന്യമില്ലുകളുടെ ഉടമയും വ്യാപാരിയും ചെറുകപ്പല്‍ സ്വന്തമായുള്ളയാളും ആയിരുന്നു. അല്ലലറിയാത്ത ജീവിതം. ബാല്യകൗമാരങ്ങളില്‍ ജോണ്‍ കോണ്‍സ്റ്റബിള്‍ ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയിലൂടെ അലസമായി അലഞ്ഞുനടന്നിരുന്നു. പ്രകൃത്യുപാസകനായ ആ ചിത്രകാരന്റെ ഉത്ഭവകാലമായിരുന്നു അത്. പിതാവിന് ജോണ്‍ തന്റെ വ്യാപാര ഇടപാടുകള്‍ നോക്കി നടത്തണമെന്നായിരുന്നു താല്‍പര്യം. എന്നാല്‍ മകന്റെ മനസ്സ് പ്രകൃതിയിലും ചിത്രകലയിലും ആഴ്ന്ന് കിടന്നു. 1795ല്‍ ജോണ്‍ തന്റെ പത്തൊമ്പതാം വയസില്‍ യാദൃച്ഛികമായി കണ്ടുമുട്ടിയ സര്‍ ജോണ്‍ ബ്യൂമണ്ട് ആണ് ഉള്ളിലെ ചിത്രകാരനെ ഉണര്‍ത്തിവിട്ടത്. അമേച്വര്‍ ചിത്രകാരനും ഉത്തമനായ ചിത്രകലാ പ്രണയിയുമായിരുന്നു ബ്യൂമണ്ട്. ചിത്രകലയെ സംബന്ധിക്കുന്ന അടിസ്ഥാന പാഠങ്ങള്‍ പലതും അദ്ദേഹത്തില്‍ നിന്നും ജോണ്‍ സ്വായത്തമാക്കി. ചിത്രകല തന്നെയാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞും തുടങ്ങിയിരുന്നു അദ്ദേഹം. ഒടുവില്‍ മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒട്ടും ലാഭകരമല്ലാത്ത സുരക്ഷിതമല്ലാത്ത ചിത്രകല പഠിക്കാന്‍ ഇംഗ്ലണ്ടിലെ റോയല്‍ അക്കാദമി സ്‌കൂളില്‍ ചേര്‍ത്തു. മാസച്ചെലവുകള്‍ക്കായി ഒരു നിശ്ചിത തുക മകന് അനുവദിക്കുകയും ചെയ്തു അദ്ദേഹം.
പഠനത്തില്‍ അതീവ ശ്രദ്ധാലുമായിരുന്നു ജോണ്‍. മനസ്സുനിറയെ സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകളായിരുന്നു. അവയൊകകെ ജലഛായത്തിലും എണ്ണഛായത്തിലും ചാലിച്ചെടുത്ത് ജോണ്‍ മനോഹ ചിത്രങ്ങളാക്കി. പക്ഷേ, റോയല്‍ അക്കാദമിയില്‍ ജോണിന്റെ ചിത്രങ്ങള്‍ നിരന്തരം തഴയപ്പെട്ടു. അക്കാദമിയില്‍ അംഗീകരിക്കപ്പെട്ടിരുന്നത് ചരിത്രത്തെയും വേദപുസ്തകത്തെയും ആധാരമാക്കിയുള്ള ചിത്രങ്ങളും ഛായാചിത്രങ്ങളും മാത്രമായിരുന്നു. ചിത്രങ്ങള്‍ രാജകീയ പ്രൗഢിയുള്ളവയായിരിക്കണമെന്ന യാഥാസ്ഥിതിക വിശ്വാസമാണ് റോയല്‍ അക്കാദമിയിലെ വിധികര്‍ത്താക്കള്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അക്കാദമി അംഗത്വത്തിനായി സമര്‍പ്പിക്കപ്പെട്ട, ജോണിന്റെ അപേക്ഷകള്‍ നിരസിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍, അന്‍പത്തിമൂന്നാം വയസിലാണ് അദ്ദേഹത്തിന് ചിരകാല അംഗത്വം ലഭിച്ചത്. പക്ഷേ, ഏറ്റവും അഭിമാനകരമായ ആ നിമിഷത്തെ ആഘോഷിക്കാന്‍ ജോണിന് കൂട്ടായി ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, ഭാര്യ, അവരുടെ മാതാപിതാക്കള്‍, മുത്തച്ഛന്‍, അങ്ങനെ എല്ലാവരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞിരുന്നു. ഏറ്റവും അഭിമാനകരവും ഒപ്പം ഏറ്റവും സങ്കടകരവുമായ നിമിഷം.
അക്കാദമി മെമ്പറായതിനു ശേഷം നടന്ന ഒരു ചിത്രപ്രദര്‍ശനത്തില്‍ ജോണിന്റെ ചിത്രം കണ്ട് അക്കാദമി ജൂറി പച്ചപ്പ് നിറഞ്ഞ ആ പ്രകൃതി ദൃശ്യരചനയെ ‘വൃത്തികെട്ട പച്ചസാധനം’ എന്ന് വിളിച്ചാക്ഷേപിച്ചു. അത് കേട്ടിരിക്കേണ്ടിവന്ന ജോണ്‍ ‘നിരര്‍ത്ഥകമായ എന്റെ ഏകാന്ത ജീവിതം’ എന്നുറക്കെപ്പറഞ്ഞ് പൊട്ടിക്കരയുകയുണ്ടായി.
എല്ലാ വേദനകളും ജോണ്‍ മറന്നിരുന്നത് പ്രകൃതിയുമായി സമരസപ്പെടുമ്പോഴാമ്. സമയബോധത്തില്‍ നിന്നും മുക്തനായി പ്രകൃതിയുടെ ദൈവിക ചൈതന്യത്തിലേയ്ക്ക് ധ്യാനനിരതനാവും അദ്ദേഹം. പ്രകൃതി നിരന്തരം പുനരുജ്ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രകൃതി തന്നെയാണ് ജീവിതമെന്നും പ്രകൃതിയിലേക്കുള്ള ഓരോ കാല്‍വയ്പ്പും തനിക്കുതോന്നിയിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അത്രത്തോളം താദാത്മ്യഭാവത്തിലായിരുന്നു ആ പ്രകൃത്യുപാസകന്‍. പ്രകൃതിക്കു മുമ്പില്‍ അദ്ദേഹം സ്വയം നഷ്ടപ്പെടും. ഒരിക്കല്‍ ദീര്‍ഘമായ പ്രകൃതി ധ്യാനത്തില്‍ നിന്നുണര്‍ന്ന് പാന്റ്‌സിന്റെ പോക്കറ്റില്‍ കൈയിട്ടപ്പോഴാണ് അറിയുന്നത് ഒരു എലി അതിനുള്ളില്‍ കടന്നുകൂടിയിരിക്കുന്നത്.
ജോണിന്റെ പ്രകൃതി ദൃശ്യചിത്രങ്ങളിലെല്ലാം പ്രകൃതി പ്രസാദാത്മകമാണ്. അത് കാഴ്ചക്കാരന്റെ ഹൃദയത്തെ ശാന്തമായൊരു സൗന്ദര്യാനുഭൂതിയിലേക്ക് നയിക്കുന്നു. കാഴ്ചക്കാരന് അതിന്റെ മുന്നില്‍ നിന്നും മാറിപ്പോകാന്‍ കഴിയില്ല. കാരണം ജോണിന്റെ ചിത്രങ്ങള്‍ നമ്മുടെ ഹൃദയത്തെ അതിലേക്ക് നാമറിയാതെ ലയിപ്പിക്കുന്നു.
കാലം ഒരുപാട് ദുരനുഭവങ്ങളിലൂടെ ജോണിനെ കൊണ്ടെത്തിച്ചത് അനശ്വരതയുടെ ലോകത്തായിരുന്നു. ഇന്നും ജോണ്‍കോണ്‍സ്റ്റബിളിന്റെ പ്രകൃതി ദൃശ്യരചനകളെ അതിശയിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടില്ല. ചിത്രകലാനിരൂപകനായ കെന്നത്ത് ക്ലാര്‍ക്ക് പറഞ്ഞതാണ് ശരി- ”ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ വരയ്ക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തായ ചിത്രങ്ങള്‍ ജോണ്‍ കോണ്‍സ്റ്റബിളിന്റേതാണ്”

ജോണ്‍ കോണ്‍സ്റ്റബിള്‍ (1776–1837)