Monday
24 Jun 2019

തോല്‍ക്കാത്ത മനസ്സുമായി മുന്നോട്ട്

By: Web Desk | Sunday 14 April 2019 8:10 AM IST


ഇളവൂര്‍ ശ്രീകുമാര്‍

ആശുപത്രി കിടക്കയില്‍ നിശ്ശബ്ദനായി കിടക്കുമ്പോഴും അയാളുടെ മുഖത്ത് അക്ഷമയും അസ്വസ്ഥയും പടരുന്നത് അന്ന അറിയുന്നുണ്ടായിരുന്നു. ഇടയ്ക്കയാള്‍ പറഞ്ഞു: ”വല്ലാത്ത ഉഷ്ണം. എന്റെ ഷൂ ഒന്നഴിച്ചു മാറ്റൂ. എനിക്ക് ടൊയ്‌ലറ്റിലേക്ക് പോകണം.” ”ഡെറക്, നിങ്ങള്‍ക്ക് നടക്കാന്‍ കഴിയില്ല. നിങ്ങള്‍ അപകടത്തില്‍പെട്ട് കിടക്കുകയാണ്.” അന്ന സങ്കടത്തോടെ പറഞ്ഞു.
”എനിക്ക് ഇങ്ങനെ കിടക്കാന്‍ വയ്യ. എനിക്ക് എഴുന്നേറ്റ് നടക്കണം.” അന്നയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവള്‍ കണ്ണീരൊഴുക്കുകയായിരുന്നു. ”എന്തു പറ്റീ അന്ന? നീ എന്തിനാണ് കരയുന്നത്?” ഡെറക്, നിങ്ങള്‍ക്കിനി നടക്കാന്‍ കഴിയില്ല.” വിതുമ്പിക്കൊണ്ട് അവള്‍ പറഞ്ഞു. ”എന്തുകൊണ്ട്?” അമ്പരപ്പോടെയുള്ള അയാളുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല. പകരം തന്റെ മൊബൈലില്‍ ഡെറക്കിന്റെ ഒരു ഫോട്ടോ പകര്‍ത്തി അവള്‍ അയാളെ കാണിച്ചു. അയാള്‍ നടുങ്ങിപ്പോയി. അയാളുടെ കാല്‍മുട്ടുമുതല്‍ താഴോട്ടുള്ള ഭാഗം അപ്രത്യക്ഷമായിരുന്നു!!
1999-ലായിരുന്നു ഡെറക് ഡീറെനലാഗി ബ്രിട്ടീഷ് ആര്‍മിയില്‍ചേര്‍ന്നത്. സാഹസികതകളോട് കുട്ടിക്കാലത്തേ ഉള്ള പ്രിയമായിരുന്നു അതിനയാളെ പ്രേപരിപ്പിച്ചത്. 2007 ജൂലൈയില്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഡെറക്കിന്റെ പട്ടാളവാഹനം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചരുന്ന മറ്റൊരു വാഹനയുമായി കൂട്ടിയിടിച്ചു. ഡെറക്കിനെയും ഒപ്പമുണ്ടായിരുന്നവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്കുശേഷം ഡെറക്കിന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പൊതിയുന്ന ബാഗിനുള്ളിലേക്ക് ശരീരം കയറ്റുമ്പോള്‍ ഒരു ഡോക്ടര്‍ക്ക് തോന്നി ഡെറക്കിന്റെ പള്‍സ് പൂര്‍ണമായും നിലച്ചിട്ടില്ലെന്ന്! ഉടന്‍തന്നെ ഡെറക്കിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടാഴ്ച കോമ സ്റ്റേജിലായിരുന്ന ഡെറക്കിന് ബോധം വീണ്ടുകിട്ടുമ്പോള്‍, ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ഡെറക്കിന്റെ രണ്ടു കാലും മുട്ടിനു മുകളില്‍വച്ച് മുറിച്ചു മാറ്റിയിരുന്നു!

Derek_Derenlagi

മരണത്തെ തോല്പിച്ച് ആശുപത്രിക്കിടക്കയില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി കഴിയുമ്പോഴാണ് 2008 ലെ ബീജിംഗ് ഒളിമ്പിക്‌സിന്റെ ദൃശ്യങ്ങള്‍ ഡെറക് ടെലിവിഷനില്‍ കാണുന്നത്. ഏറെനേരം വിവിധ മത്സരങ്ങള്‍ വീക്ഷിച്ചുകിടന്ന ഡെറക് ഭാര്യയെ അടുക്കലേക്ക് വിളിച്ചു പറഞ്ഞു, ”അന്ന, 2012 ലെ പാരാലിമ്പിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ഒരാള്‍ ഞാനായിരിക്കും.” സാഹസികപ്രിയനായിരുന്ന ഡെറക് പെട്ടന്നൊരാവേശത്തില്‍ അങ്ങനെ പറഞ്ഞെങ്കിലും ഏതു വിഭാഗത്തിലാണ് താന്‍ മത്സരിക്കുകയെന്നോ ഏതിനമായിരിക്കും തനിക്കഭികാമ്യമെന്നോ ഒന്നുംതന്നെ അപ്പോള്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ അന്നുമുതല്‍ പാരാലിമ്പിക്‌സ് ഡെറക്കിന്റെ ലക്ഷ്യമായി മാറി. ഒരു കാര്യം നാം അതിതീവ്രമായി ആഗ്രഹിച്ചാല്‍ സാഹചര്യങ്ങള്‍ നമ്മെ അവിടെക്കൊണ്ടെത്തിക്കുകതന്നെ ചെയ്യും എന്ന വിശ്വാസം ഡെറക്കിന്റെ കാര്യത്തിലും ശരിയാവുകയായിരുന്നു. ഡിഫന്‍സ് ബാറ്റില്‍ ബായ്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഒരു ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഡെറക് തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോര്‍ണിയയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് ട്രെയിനിംഗ് സെന്റിലായിരുന്നു പരിശീലനം. ഇവിടെവച്ച് പല അത്‌ലറ്റിക് ഇനങ്ങളും പരീക്ഷിച്ചുനോക്കിയ ഡെറക് ഒടുവില്‍ ഡിസ്‌ക്കസ് ത്രോ തന്റെ ഇനമായി തെരഞ്ഞെടുക്കുകയായിരുന്നു.
പിന്നീട് ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള കഠിന പ്രയത്‌നത്തിന്റെ കാലമായിരുന്നു. ദിവസവും എട്ടു മണിക്കൂര്‍ പരിശീലനം. രാവിലെ നാലു മണിക്കൂര്‍. വൈകിട്ട് നാലുമണിക്കൂര്‍. ശനിയാഴ്ച ജിംനേഷ്യത്തില്‍ പോകും. ഞായറാഴ്ച പൂര്‍ണവിശ്രമം. ”വിജയം മാത്രമായിരുന്നു എന്റെ ലക്ഷ്യം.” ഡറക് പറയുന്നു. സ്റ്റേഡിയത്തില്‍ തിങ്ങിനിറയുന്ന കാണികളെ സാക്ഷി നിര്‍ത്തി അകലങ്ങളിലേക്ക് ഡിസ്‌ക് വീശിയെറിഞ്ഞ് ബ്രിട്ടനുവേണ്ടി മെഡലണിയുന്ന ആ സുദിനമായിരുന്നു ഡെറക്കിന്റെ മനസ്സു നിറയെ.

Derek_Derenlagi

2012 ല്‍ നെതര്‍ലെന്റില്‍ നടന്ന അത്‌ലറ്റിക്‌സ് യൂറോപ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയതോടെ ഡെറക്കിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആശുപത്രിക്കിടക്കയില്‍വച്ചു പറഞ്ഞതുപോലെതന്നെ 2012 ലെ പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഡെറക് യോഗ്യത നേടുകതന്നെ ചെയ്തു. ആശുപത്രി വാസത്തിനുശേഷം വെറും നാലു വര്‍ഷത്തെ പരിശീലനം കൊണ്ടാണ് ഡെറക് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ എണ്‍പതിനായിരം കാണികളെ സാക്ഷി നിര്‍ത്തി ഡിസ്‌ക്കസ് ത്രോയില്‍ പങ്കെടുക്കുമ്പോള്‍ മരണത്തിനുപോലും തോല്പിക്കാന്‍കഴിയാത്ത ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു ഡെറക്. ഷോട്ട്പുട്ടിലും ഡെറക് തന്റെ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ക്കായി പുതിയ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഡെറക്. 2011 ല്‍ സ്‌പോട്ടിംഗ് എന്‍ഡ്യൂവര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി രാജ്യം ഡറക്കിനെ ആദരിച്ചു.
”ആദ്യം മനസ്സില്‍ ഒരു ലക്ഷ്യം കാണുക. അതില്‍തന്നെ ഫോക്കസ് ചെയ്യുക. എപ്പോഴും പോസിറ്റീവ് ആകുക. സ്വയം പ്രചോദിതരാവുക. സമര്‍പ്പണ ബുദ്ധിയുണ്ടാവുക. ഓരോ ദിവസവും പുരോഗതിയിലേക്കാണ് നാം നീങ്ങുന്നതെന്ന് വിശ്വസിക്കുക. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയണമെന്ന് ആഗ്രഹിക്കുക. ആത്മവിശ്വാസമുള്ളവരായി മാറുക. നിങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തുകതന്നെ ചെയ്യും.” ഡറക് തന്റെ വിജയരഹസ്യം വിശദീകരിക്കുന്നു. ഏതൊരാളും ജീവിതത്തില്‍ പകര്‍ത്തേണ്ട സന്ദേശമാണിത്. താന്‍ ഇന്നും യുദ്ധഭൂമിയിലാണെന്ന് ഡറക് വിശ്വസിക്കുന്നു. ആയുധം കൊണ്ടുള്ള യുദ്ധമല്ലത്. ഇച്ഛാശക്തിയും ആത്മവിശ്വാസവും ഉപയോഗിച്ച് നടത്തുന്ന അതിജീവനത്തിന്റെ യുദ്ധമാണത്. അവിടെ വിജയം തന്നോടൊപ്പമാണെന്ന് ഡെറക് തെളിയയിച്ചുകഴിഞ്ഞു. ഇന്ന് അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ ട്രെയിനര്‍ കൂടിയാണ് ഡെറക്. വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൈനികര്‍ക്കും ഡെറക് നല്‍കുന്ന പരിശീലനക്ലാസുകള്‍ അവരില്‍ പുതിയ പ്രതീക്ഷയും ഉള്‍ക്കാഴ്ചയും വളര്‍ത്തുന്നു. അസാദ്ധ്യമായി ഒന്നുമില്ല എന്ന വിശ്വാസത്തിലേക്ക് ഡെറക്കിന്റെ മാസ്മരികശക്തിയുള്ള വാക്കുകള്‍ അവരെ നയിക്കുന്നു.

Derek_Derenlagi

അവനവന്റെ ആന്തരികശക്തിയില്‍ വിശ്വാസമര്‍പ്പിക്കലാണ് വിജയത്തിന്റെ രഹസ്യം. സ്വന്തം കഴിവില്‍ എപ്പോള്‍ നാം സംശയമനസ്‌കരാകുന്നുവോ ആ നിമിഷം മുതല്‍ നാം പരാജയത്തിന്റെ വഴിയിലേക്ക് നീങ്ങാന്‍ തുടങ്ങുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ യഥാര്‍ത്ഥത്തില്‍ പരിമിതശേഷിയുള്ളവരായല്ല കാണേണ്ടത്. മറിച്ച് ഭിന്നശേഷിക്കാരായാണ്. വേണ്ടത്ര ശ്രദ്ധയും പരിശീലനവും പ്രചോദനവും നല്‍കിയാല്‍ അവരില്‍ ഏറെപ്പേരുടെയും കഴിവുകളെ ആളിക്കത്തിക്കാന്‍ നമുക്ക് കഴിയും. അതിന് ആദ്യം വേണ്ടത്ത് പതറാത്ത, തളരാത്ത ഒരു മനസ്സ് അവരില്‍ രൂപപ്പെടുത്തുകയാണ്. പലപ്പോഴും കൃത്യമായ ഒരു ലക്ഷ്യമില്ലാത്താണ് നമ്മെ പിന്നിലാക്കുന്നത്. എന്തു പരിമിതിയുണ്ടെന്നുള്ളതല്ല, അതിനുള്ളില്‍നിന്നുകൊണ്ട് നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. അങ്ങനെ പ്രായോഗികമായി ചിന്തിച്ച് അതിജീവനത്തിന്റെ വഴി കണ്ടെത്തിയവരില്‍ ചിലരെയാണ് ഈ പംക്തിയിലൂടെ പരിചയപ്പട്ടത്. തോല്‍ക്കാത്ത മനസ്സുകളുടെ ഉടമകളായ അവരുടെ ജീവിതം എക്കാലത്തും ഏവര്‍ക്കും പ്രചോദനമാണ്. ”നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ ഓടണം. നിങ്ങള്‍ക്ക് ഓടാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ നടക്കണം. നിങ്ങള്‍ക്ക് നടക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ ഇഴയണം. എങ്ങനെയായാലും നിങ്ങള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകതന്നെവേണം.” മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പ്രസിദ്ധമായ ഈ വാക്കുകളില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നമുക്ക് മുന്നോട്ട് നീങ്ങാം. പിന്‍മാറാന്‍ വിസമ്മതിക്കുന്ന മനസ്സും തീവ്രമായ ഇച്ഛാശക്തിയുമായാണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നതെങ്കില്‍ അവിടെ നിങ്ങളെ തോല്‍പിക്കുവാന്‍ നിങ്ങള്‍ക്കു മാത്രമേ കഴിയൂ എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഈ പരമ്പര അവസാനിപ്പിക്കുന്നു.

പരമ്പര അവസാനിക്കുന്നു