October 2, 2022 Sunday

പല്ലുകളുടെ കഥ

ഡോ. മണികണ്ഠൻ ജി ആർ
(കൺവീനർ, കൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത്, ഇന്ത്യൻ ദന്തൽ അസോസിയേഷൻ, തിരുവനന്തപുരം)
August 1, 2021 8:27 pm

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് പല്ലുകൾ. ചിരിക്കാൻ സഹായിക്കുന്ന മുൻനിരപ്പല്ലുകളും നന്നായി ഭക്ഷണം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പിൻനിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളർത്തുന്നതിലും സൗന്ദര്യം നിലനിർത്തുന്നതിലും പല്ലുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. അത് മാത്രവുമല്ല പല്ല് നന്നായാൽ പാതി നന്നായെന്ന് പറയാറുണ്ട്. പല്ലിന്റെ ആരോഗ്യത്തിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെ ആരോഗ്യവുമായും ബന്ധമുണ്ട്. പല്ലിലെയും മോണയിലെയും അണുബാധയുണ്ടാക്കുന്ന അണുക്കൾ പുറന്തള്ളുന്ന സ്രവങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗത്തേക്കും രക്തത്തിലൂടെ കലർന്ന് നീർവീക്കവും തുടർന്ന് പല മാരക രോഗങ്ങളിലേക്കും നയിക്കുന്നു.

പല്ലുകൾ എത്ര തരം?

രണ്ട് കൂട്ടം പല്ലുകളാണ് മനുഷ്യനുണ്ടാവുന്നത്. പാൽപ്പല്ലുകൾ 20 എണ്ണവും സ്ഥിരമായി രണ്ടാമത് വരുന്ന സ്ഥിരദന്തങ്ങൾ 32 എണ്ണവും ഉണ്ടാകും. ഏറ്റവും മുന്നിലായി ചിരിക്കാൻ സഹായിക്കുന്ന Incisors അഥവാ ഉളിപ്പല്ലുകൾ, അതു കഴിഞ്ഞ് Canines അഥവാ കോമ്പല്ലുകൾ, അവയ്ക്കു പുറകിലായി മുന്നണപ്പല്ലുകൾ അഥവാ Pre­mo­lars, അവസാനമായി അണപ്പല്ലുകൾ അഥവാ Molars എന്നിവ അടങ്ങിയതാണ് per­ma­nent teeth. Milk teeth ഗണത്തിൽ Pre­mo­lars ഉണ്ടാവില്ല. ആറു മാസം പ്രായമുള്ളപ്പോഴാണ് ആദ്യത്തെ പാൽപ്പല്ല് കീഴ്ത്താടിയിലെ മുൻനിരയിൽ വരുന്നത്. 12 വയസോടെ 28 സ്ഥിരദന്തങ്ങൾ വരും. അവസാനത്തെ അണപ്പല്ലുകൾ 18–25 വയസിനുള്ളിലാണ് വരുക. ഇവയെ വിവേകദന്തങ്ങൾ അഥവാ Wis­dom teeth എന്ന് പറയുന്നു.

ഓരോ തരം പല്ലുകൾക്കും വെവ്വേറെ ജോലികളാണോ?

അതെ, അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം *lncisors അഥവാ ഉളിപ്പല്ലുകൾ:* ഭക്ഷണപദാർത്ഥങ്ങൾ കത്രിക കൊണ്ട് മുറിക്കുന്നത് പോലെ രണ്ടായി കടിച്ചു മുറിക്കാൻ സഹായിക്കുന്നു. ചിരിയിലും ഈ പല്ലുകൾ നിർണായകമായ പങ്ക് വഹിക്കുന്നു. *Canines അഥവാ കോമ്പല്ലുകൾ* പ്രധാനമായും മാംസാഹാരം കഴിക്കാൻ സഹായിക്കുന്നു. ചിരിയിലെ സ്വാഭാവികത നിലനിർത്താനും ഇവയുടെ സ്ഥാനം വലിയ പങ്ക് വഹിക്കുന്നു. *Pre­mo­lars അഥവാ മുന്നണപ്പല്ലുകൾ:* പ്രധാനമായും ചവച്ചരയ്ക്കാനും കടിച്ചു പൊട്ടിക്കാനും സഹായിക്കുന്നവയാണിത്. പല്ലിൽ കമ്പിയിടുന്നവരിൽ സ്ഥലപരിമിതി മൂലം പല്ലുകൾ നീക്കം ചെയ്യേണ്ടി വരുമ്പോൾ സ്ഥിരമായി എടുത്തു കളയുന്നതും ഈ ഗണത്തിൽപ്പെട്ട പല്ലുകളാണ് *Molars/അണപ്പല്ലുകൾ:* ഭക്ഷണം ചവച്ചരയ്ക്കുന്നതിൽ വലിയ പങ്ക് അണപ്പല്ലുകൾക്കാണുള്ളത്. കമ്പിയിടുമ്പോൾ അണപ്പല്ലുകളിലാണ് ബാന്റ് ഘടിപ്പിച്ച് തളളി നിൽക്കുന്ന മുൻനിരപ്പല്ലുകളെ നേരാംവണ്ണം ക്രമീകരിച്ചെടുക്കുന്നത്.

എന്താണ് പല്ലിന്റെ ഘടന

നമ്മുടെ പല്ലുകൾക്ക് പ്രധാനമായും നാലു ഭാഗങ്ങളാണുള്ളത്. പല്ലിന്റെ ക്രൗൺ അഥവാ പുറത്തു കാണുന്ന മകുട ഭാഗത്തിനും വേരിനും പൊതുവായുള്ള ഭാഗമാണ് ഡെന്റിൻ അഥവാ ദന്ത വസ്തു (Dentin) ക്രൗണിൽ ഇതിനു മുകളിലായി ഇനാമലും (Enam­el) വേരിൽ ഇതിനു മുകളിലായി സിമന്റവും (Cemen­tum) കാണപ്പെടുന്നു. ഏറ്റവും ഉൾഭാഗത്താണ് നമുക്ക് ഇന്ദ്രിയസംവേദനം സാധ്യമാക്കുന്ന ഞരമ്പുകളും രക്തക്കുഴലുകളും സ്ഥിതി ചെയ്യുന്ന ദന്ത മജ്ജ അഥവാ പൾപ്പ് (Pulp). പൾപ്പ് സ്ഥിതി ചെയ്യുന്ന വേരിന്റെ ഭാഗത്തെ റൂട്ട് കനാൽ (Root canal) എന്നും ക്രൗണിന്റെ ഭാഗത്തെ പൾപ്പ് ചേമ്പർ (pulp cham­ber) എന്നും പറയുന്നു. ഈ ഭാഗങ്ങളിൽ അണുബാധയുണ്ടാവുമ്പോൾ അത് ദന്തക്ഷയം അഥവാ പല്ലിലെ പോടായി മാറുന്നു. പൾപ്പിലേയ്ക്ക് അണുബാധയെത്തുമ്പോഴാണ് നീരും വേദനയും ഉണ്ടാവുന്നത്. പല്ലിനെ ഉൾക്കൊള്ളുന്ന അസ്ഥിയുടെ ഭാഗത്തെ ആൾവിയോളാർ ബോൺ (Alve­o­lar bone) എന്നും പല്ലിനും അസ്ഥിക്കും ഇടയിലെ മൃദു കലയെ അസ്ഥിബന്ധം അഥവാ പെരിയോഡോണ്ടൽ ലിഗമെന്റ് (Peri­odon­tal Lig­a­ment) എന്നും പറയുന്നു. ഇവിടെ വളരെ മൃദുവായതും എന്നാൽ പല്ലുകൾക്ക് ക്ഷതം വരാതെ തടയുന്നതുമായ നേർത്ത തന്തുക്കളും സ്നായുക്കളും സ്ഥിതി ചെയ്യുന്നു. ഇവയിൽ സംഭവിക്കുന്ന അപാകതകൾ മോണരോഗത്തിന് കാരണമാവുന്നു.

നമ്മുടെ പല്ലുകൾ പോലെയാണോ മറ്റ് ജീവികളുടേയും പല്ലുകൾ?

മനുഷ്യരുടെ പല്ലുകൾ പോലെ തന്നെ മറ്റു ജീവജാലങ്ങളുടെ പല്ലുകളുടെ കാര്യത്തിലും ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. മാംസഭുക്കുകളായ ജീവികൾക്ക് കൂർത്ത കോമ്പല്ലുകൾ ഉണ്ടാവും. കടുവയെയും സിംഹത്തെയും ഇനി കാണുമ്പോൾ അവയുടെ കൂർത്ത കോമ്പല്ലുകൾ ശ്രദ്ധിക്കാൻ കൂട്ടുകാര്‍ മറക്കണ്ട. ആനയുടെ മുൻനിര പല്ല് (ശരിക്കും പറഞ്ഞാൽ മനുഷ്യരിലെ ലാറ്ററൽ ഇൻസൈസർ പല്ലുകൾക്ക് തുല്യം) ആണ് അവയുടെ നീണ്ട കൊമ്പുകളായി രൂപം പ്രാപിച്ചിട്ടുള്ളത്. മനുഷ്യരിലെ പോലെ കേടും പൊട്ടലും ഇവയിലും ബാധിക്കാറുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നെടുകെ പൊട്ടിയ ആനക്കൊമ്പ് നാം മനുഷ്യരിൽ പല്ല് അടയ്ക്കുന്ന പോലെ അതേ പദാർത്ഥം ഉപയോഗിച്ച് രണ്ടര മണിക്കൂർ കൊണ്ട് അടച്ചെടുത്തിട്ടുണ്ട്. കുതിരയുടെ തലയോടിനേക്കാൾ ബലമുള്ളതാണ് അവയുടെ പല്ലുകൾ. മനുഷ്യന്റേതു പോലെ 32 പല്ലുകളാണ് ജിറാഫിനുമുള്ളത്. പക്ഷെ മേൽത്താടിയിലെ മുൻനിര പല്ലുകൾ അവയിൽ കാണാറില്ല. ഒച്ചുകൾക്ക് അവയുടെ നാവിൽ ഇരുപത്തി അയ്യായിരത്തോളം ചെറിയ പല്ലുകൾ ഉണ്ട്. ഇത് നഗ്നനേത്രങ്ങളാൽ ദൃശ്യമാവാറില്ല. എലി, മുയൽ, അണ്ണാൻ തുടങ്ങിയവയ്ക്കൊക്കെ എപ്പോഴും വളരുന്ന പല്ലുകളാണുള്ളത്. സ്രാവിനാകട്ടെ എല്ലാ ആഴ്ചയിലും പല്ലുകൾ പൊഴിഞ്ഞ് പുതിയവ വരാറുണ്ട്. നമ്മെ സ്ഥിരമായി ഉപദ്രവിക്കുന്ന കൊതുകുകൾക്ക് വരെ 47 പല്ലുകൾ ഉണ്ട്. വിശ്വാസം വരുന്നില്ല അല്ലേ. എന്നാൽ സംഗതി സത്യമാണ്. മരത്തിന്റെ പ്രായം അതിൽ കാണുന്ന വളർച്ചാ വളയങ്ങൾ നോക്കി അനുമാനിക്കാൻ കഴിയുന്നതു പോലെ ഡോൾഫിനുകളുടെ പല്ലിൽ കാണുന്ന വളയങ്ങൾ നോക്കി അവയുടെ പ്രായവും നമുക്ക് നിർണയിക്കാനാവും.

Eng­lish Sum­ma­ry: The sto­ry of tooth

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.