വലിയശാല രാജു

July 19, 2021, 5:08 am

വാട്സ്ആപ്പിന്റെ ഉത്ഭവവും ചരിത്രവും; ദരിദ്രനായ ഒരു ചെറുപ്പക്കാരന്റെ മഹാ കണ്ടെത്തല്‍!

Janayugom Online

ന്ന് വാട്സ്ആപ്പിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ സന്തതസഹചാരിയാണിത്. ദരിദ്രനായ ഒരു ചെറുപ്പക്കാരന്റെ ബുദ്ധിയിലുദിച്ച ആശയവിനിമയ സംവിധാനമാണിത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 20 വയസുവരെ മൊബെെല്‍ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചിട്ടില്ലാത്ത ഒരാളുടെ അടങ്ങാത്ത അന്വേഷണത്വരയാണ് വാട്സ് ആപ്പെന്ന ഈ ലളിതമായ മെസഞ്ചര്‍.

ലോകത്ത് 130 കോടിയില്‍പ്പരം ആളുകളാണ് ദിനംപ്രതി വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ കെെമാറുന്നത്. ഒരുദിവസം ഏതാണ്ട് 7000 കോടി സന്ദേശങ്ങള്‍ കെെമാറുന്നതായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ചെലവില്ലാതെ സന്ദേശങ്ങള്‍ വളരെ ലളിതമായി കെെമാറാന്‍ വാട്സ്ആപ്പ് എന്ന ആശയം പ്രായോഗികമാക്കിയ ജാന്‍‍കോം വലിയ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഇത്തരമൊരു മഹാവിജയം കെെവരിച്ചത്. വിജയിക്കുംവരെയും പരിശ്രമം അതായിരുന്നു ഈ സംരംഭത്തിന് പിന്നില്‍.

ഒരിക്കല്‍ തന്നെ തിരസ്കരിച്ച ഫേസ്ബുക്കിന്റെ അമരത്തേക്ക് ജാന്‍കോമിന് എത്താനായത് സ്വപ്രയത്നംകൊണ്ട് മാത്രമാണ്. സ്വന്തമായി ഫോണോ കമ്പ്യൂട്ടറോ മറ്റ് ആശയവിനിമയ ഉപാധികളോ ആശയവിനിമയം നടത്താന്‍ കാരണക്കാരനായി.

സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ 1976ല്‍ ജനിച്ച ജാന്‍കോമിന്റെ ബാല്യകാല ജീവിതം പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു. വെെദ്യുതി പോലുമില്ലാത്ത വാടകവീട്ടില്‍ അതിശെെത്യത്തെ അതിജീവിച്ച് വളര്‍ന്ന ജന്മം. അമ്മയും മുത്തശ്ശിയും 1992ല്‍ അമേരിക്കയിലേക്ക് കുടിയേറി. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തി ഈ നശിച്ച പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും കരകയറുക എന്ന പരിമിതമായ ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. അമേരിക്കയില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ സാമൂഹ്യസഹായ പദ്ധതിയുടെ ഭാഗമായി കാലിഫോര്‍ണിയയിലെ മൗണ്ടന്‍വ്യൂവില്‍ അവര്‍ക്ക് ഒരു പാര്‍പ്പിടം ലഭ്യമായി. കുടുംബം പുലര്‍ത്താന്‍ മാതാവ് ഒരു ബേബിസ്റ്റോറില്‍ ജോലി തേടി. ജാന്‍കോമും വെറുതെയിരുന്നില്ല. അയാള്‍ക്ക് ഒരു പലചരക്കുകടയില്‍ തറ തുടയ്ക്കുന്ന സ്വീപ്പര്‍ പണി കിട്ടി. അങ്ങനെയൊരു ജോലിയെ അന്വേഷണത്തില്‍ ലഭിച്ചുള്ളു. കിട്ടിയത് കളയാതെ അത് സ്വീകരിച്ചു. എങ്ങനെയും ഈ ദുരിതംപിടിച്ച ജീവിതത്തില്‍ നിന്നും കരകയറുകയായിരുന്നു ഉദ്ദേശം. അയാള്‍ക്ക് 16 വയസേ ഉണ്ടായിരുന്നുള്ളു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ താല്പര്യം ജനിച്ച ജാന്‍ കിട്ടിയ ശമ്പളത്തില്‍ അത്യാവശ്യ ചെലവുകള്‍ കഴിച്ച് മിച്ചം വന്ന പണം ഉപയോഗിച്ച് പഠിച്ചു. പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കാശില്ലാത്തതുകൊണ്ട് പഴയ പുസ്തകങ്ങള്‍ വില്ക്കുന്ന കടകളെ ആശ്രയിച്ചു. പിന്നീട് ഡാന്‍ ജോസ് സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്നു. ഇതിനിടയില്‍ ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിയില്‍ സെക്യൂരിറ്റി ടെസ്റ്ററുടെ ജോലി ചെയ്തു. പഠനം തുടരുകയും ചെയ്തു. 1999ല്‍ യാഹുവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറായി ചേര്‍ന്ന ജാന്‍ ഒന്‍പത് കൊല്ലം അവിടെ തുടര്‍ന്നു.

യാഹുവിലെ ജോലിക്കിടയില്‍ സൗഹൃദം സ്ഥാപിച്ച ബ്രയാന്‍ ആക്ടുമായുള്ള ബന്ധം സോഫ്റ്റ്‌വേര്‍ സംബന്ധമായ പുതിയ കാര്യങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും വഴിയൊരുക്കി. ഇതിനിടയില്‍ കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചത് ജാനിനെ മാനസികമായി തളര്‍ത്തി. 2000‑ത്തിലായിരുന്നു ആ ദുരന്തം. ജീവിതത്തില്‍ താങ്ങുംതണലുമായിരുന്ന മാതാവിന്റെ അകാലവിയോഗം വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ഇതില്‍ നിന്നും കരകയറിയതും ബ്രയാന്‍ ആക്ട‌ുമായുള്ള സൗഹൃദമായിരുന്നു.

2009 ജനുവരിയില്‍ ജാന്‍ വാങ്ങിയ ഒരു ഐഫോണാണ് ജാനിന്റെ ജീവിതം മാറ്റിമറിച്ചത്. ഐഫോണിലൂടെ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വേറുകള്‍ സൃഷ്ടിച്ച് വിപണനം ചെയ്യുന്നതിന്റെ സാധ്യത മനസിലാക്കി. മനസിലൂടെ മിന്നിമറഞ്ഞ വാട്സ്ആപ്പ് എന്ന ആശയം തന്റെ ജന്മദിനമായ ഫെബ്രുവരി 24ന് ഒരു സംഭവമായി തുടക്കംകുറിച്ചു.

2009 ഓഗസ്റ്റ് മാസം വരെ വന്‍ പ്രതിസന്ധിയിലും കടക്കെണിയിലും ഇഴഞ്ഞുനീങ്ങിയ വാട്സ്ആപ്പിനെ ഉയര്‍ത്തെഴുന്നേല്‍പ്പ് നല്കിക്കൊണ്ട് സുഹൃത്ത് ബ്രയാനും കൂടെച്ചേര്‍ന്നു. പിന്നീട് കണ്ടത് ഒരു വന്‍മുന്നേറ്റമായിരുന്നു.

2012ല്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി സൗഹൃദത്തിലായി. 2014 ഫെബ്രുവരിയില്‍ ടെക്നോളജി രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഫേസ്ബുക്ക് നടത്തി. 19 ബില്യന്‍ അമേരിക്കന്‍ ഡോളറിന് വാട്ട്സാപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തു. അതോടെ വന്‍ ധനസമ്പാദനത്തോടൊപ്പം ഫേസ്ബുക്കിന്റെ ഒരു ഡയറക്ടര്‍ സ്ഥാനത്തേക്കും ജാന്‍കോം ഉയര്‍ന്നു. അതിസമ്പന്നനായി ജാന്‍ മാറി. അമേരിക്കയിലെ അതിസമ്പന്നരായ 100 പേരുടെ പട്ടികയില്‍ ജാന്‍ 62-ാമത്തെ ആളായി.

ദാരിദ്ര്യം എന്തെന്ന് അറിഞ്ഞ് പട്ടിണിയെ മുഖാമുഖം കണ്ട അദ്ദേഹം തന്റെ സ്വത്തിന്റെ വലിയ ഭാഗം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.

നിങ്ങള്‍ ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുമ്പോള്‍ ഓര്‍ക്കുക ഈയൊരു വലിയ സാധ്യത നമുക്ക് മുന്നില്‍ തുറന്നിട്ടത് ദാരിദ്ര്യവും പട്ടിണിയും വേട്ടയാടിയ ഒരു മഹാ മനുഷ്യനാണെന്ന്. വിധിയെ പലവട്ടം തോല്‍പ്പിച്ചാണ് അദ്ദേഹം ഇത് നേടിയത്. വാട്സ് ആപ്പിന്റെ ഉപജ്ഞാതാവായ ജാന്‍കോമിന് ഒന്നേ നിങ്ങളോട് പറയാനുള്ളു.

‘നിരന്തരം പരിശ്രമിക്കുക; വിജയംവരെ അത് തുടരുക. നൂറാമത്തെ പ്രാവശ്യമെങ്കിലും നിങ്ങള്‍ വിജയിക്കും. പരാജയം, നിരാശ എന്നിവ പരിശ്രമശാലികളുടെ നിഘണ്ടുവിലില്ല. അവസാനവിജയം അവര്‍ക്കുള്ളതാണ്.’