Monday
25 Mar 2019

അഭിനയ ശോഭ

By: Web Desk | Saturday 29 December 2018 11:29 AM IST


sobha
Renjini

രഞ്ജിനി രാമചന്ദ്രന്‍

മുകേഷിന്റെ നായികയായി 1982ല്‍ ബലൂണ്‍ എന്ന സിനിമയിലൂടെ  വെള്ളിത്തിരയിലെത്തിയ നടിയാണ് ശോഭാ മോഹന്‍.  സിനിമാ ലോകം അവര്‍ക്ക് പുതിയൊരു അറിവായിരുന്നില്ല . അച്ഛന്റെ ലൊക്കേഷനുകളില്‍ ഒരു കുട്ടി കുറുമ്പിയായി പാറി നടന്നിട്ടുണ്ട് ഈ കലാകാരി. ആ അച്ഛനേയും കുടുംബത്തേയും എല്ലാവര്‍ക്കുമറിയാം. അച്ഛന്‍ അഭിനയത്തിന്റെ മികവ് തെളിയിച്ച കലാകാരന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍. ഒരേ സമയം സ്വഭാവനടനായും വില്ലനായും അരങ്ങില്‍ തിളങ്ങിയ നടനാണ് അദ്ദേഹം. മകന്‍ സായികുമാര്‍ ഏത് വേഷവും തന്റെ കൈകളില്‍ ഭദ്രമെന്ന് തെളിയിച്ചു കഴിഞ്ഞു.
സ്വഭാവികമായ അഭിനയ മികവിന് ഉടമയായ ശോഭ ഏറെയും തിളങ്ങിയിട്ടുള്ളത് അമ്മ വേഷങ്ങളിലാണ്.
കുടുംബം
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ – വിജയലക്ഷമി ദമ്പതികള്‍ക്ക് എട്ട് മക്കളാണ്. ഏഴ് പെണ്ണും ഒരാണും. ശോഭയുടെ സഹോദരിമാരും അഭിനയത്തിലും നൃത്തത്തിലും കഴിവുതെളിയിച്ചവരാണ്. എന്നാല്‍ വെള്ളിത്തിരയിലിങ്ങനെ തിളങ്ങാനുള്ള നിയോഗം ശോഭയ്ക്കായിരുന്നു. അച്ഛന്‍ ശ്രീധരന്‍ നായര്‍ സിനിമാ നടനായിരുന്നെങ്കിലും ആ പാതയിലേക്ക് വരാന്‍ മക്കളെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. അരങ്ങില്‍ മാത്രം വില്ലനായിരുന്ന അച്ഛന്‍ വീട്ടില്‍ വാല്‍സല്യനിധിയായിരുന്നു എന്ന് പറയുമ്പോള്‍ മകളുടെ കണ്ണുകളില്‍ ഓര്‍മ്മകളുടെ തിരയിളക്കം.

family

 മക്കള്‍ അനുവും വിനുവും വെള്ളിത്തിരയിലെ മികച്ച താരങ്ങളാണ്. കലയോട് ഏറെ സ്‌നേഹവും ആദരവുമുണ്ടായിരുന്ന ഭര്‍ത്താവ് കെ മോഹന്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നൊഴിഞ്ഞെങ്കിലും അദ്ദേഹം പകര്‍ന്ന ഊര്‍ജ്ജം ശോഭയുടെ ജീവിതത്തിന് വഴിവിളക്കായി.
സിനിമയിലേയ്ക്ക്
1965ല്‍ തൊമ്മന്റെ മക്കളില്‍ ബേബി ശോഭ ആയി അരങ്ങേറ്റം കുറിച്ചു. അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ശോഭയുടെ കൂടെ സഹോദരി ലൈലയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

kottakara sreedharan nair

1982ല്‍ നാനയുടെ നിര്‍മ്മാണത്തിലായിരുന്നു ബലൂണിന്റെ പിറവി. നാനയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ഈ കുടുംബത്തിന്. അതുകൊണ്ട് തന്നെ നായികയായി അഭിനയിക്കാമോന്ന് ചോദിച്ചെത്തിയ അണിയറ പ്രവര്‍ത്തകരോട് അവള്‍ക്കിഷ്ടമുണ്ടെങ്കില്‍ അഭിനയിക്കട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത് അങ്ങനെ സ്വന്തം ഇഷ്ടവും സിനിമയോടുള്ള ഹരവും ശോഭയെ വെള്ളിത്തിരയിലെത്തിച്ചു.
 ഇതിനുശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടുനിന്ന ശോഭ  2001ല്‍ സായ് വര്‍ തിരുമേനി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. പിന്നീട് ഒട്ടേറെ പ്രമുഖ ചിത്രങ്ങളില്‍ സഹതാരമായി അഭിനയിച്ചു. ക്ലാസ് മേറ്റ്‌സ്, ഓം ശാന്തി ഓശാന, ചാന്ത്‌പൊട്ട്, വീരപുത്രന്‍ തുടങ്ങിയവയാണ് അഭിനയിച്ച ചില പ്രധാന ചിത്രങ്ങള്‍.
ഇടവേള
വിവാഹത്തോടെ ശോഭാ മോഹന്‍ കുറച്ച് കാലത്തേക്ക് കുടുംബിനിയുടെ റോളിലേക്കൊതുങ്ങി, എങ്കിലും ഭര്‍ത്താവ് മോഹന്‍കുമാറിന്റെ നാടകട്രൂപ്പില്‍ സജീവ സാന്നിധ്യമായി. കുട്ടികള്‍ മുതിര്‍ന്നതോടെ അടുക്കളയില്‍ നിന്നും വീണ്ടും അരങ്ങിലേക്കെത്തി.ഇതിനിടയില്‍ മക്കള്‍ അനുമോഹനും വിനു മോഹനും വെള്ളിത്തിരയിലെത്തി. ജിവിതത്തിലെന്ന പോലെ അരങ്ങിലും സ്വന്തം മക്കളുടെ അമ്മയായി.
സിനിമാലോകം- പ്രശ്‌നങ്ങള്‍
 സിനിമാ ലോകത്തെ പ്രശ്‌നങ്ങള്‍ ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നു. തനിക്ക് പക്ഷേ ഇതുവരെ മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലായെന്നും നമ്മള്‍ നമ്മളായി തന്നെ പെരുമാറിയാല്‍ മതിയെന്നും ശോഭ പറയുന്നു. നായിക കുളിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്ന സിനിമയില്‍ ആ സീന്‍ അഭിനയിക്കാനുള്ള ബുദ്ധിമുട്ട് സംവിധായകനോട് തുറന്ന് പറഞ്ഞു ശോഭ. പിന്നാലെ സംവിധായകന്‍ ആ സീന്‍ ഒഴിവാക്കി കൊടുക്കുകയും ചെയ്തു. പക്ഷേ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ പലപ്പോഴും അഭിനയിക്കേണ്ടി വരും. അല്ലെങ്കില്‍ അഭിനയിക്കാന്‍ പോകരുതെന്നാണ് ഈ കലാകാരിയുടെ പക്ഷം. സിനിമയില്‍ നിന്ന് കുറച്ചു കാലം വിട്ട് നിന്നതിന് ഇതും ഒരു കാരണമാണെന്ന് ശോഭ വെളിപ്പെടുത്തി.

sobha mohan

സിനിമാ ലോകം ഒരുപാട് മാറി
പഴയതിനെക്കാളേറെ സിനിമാ ലോകം മാറി. ഇന്നത്തെ തലമുറയ്ക്ക് വിദ്യാഭ്യാസവും പ്രതികരണ ശേഷിയും കുടുതലാണ്. എന്തിനെയും എതിര്‍ക്കാനുള്ള കരുത്ത് നേടിയവരാണ്. എന്നിട്ടും മീ റ്റൂ പോലുള്ള പ്രശ്‌നങ്ങളില്‍ എത്തി നില്‍ക്കുന്നു സിനിമാ ലോകമെന്നതിന്റെ തെല്ല് വിഷമം തുറന്നുകാട്ടാനും ശോഭ മടിച്ചില്ല.
സത്യജിത് റേ ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാഡമിയും ഭാരത് ഭവനും സംയുക്തമായി നടത്തിയ ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് ശോഭ മോഹന്‍ അര്‍ഹയായി.
സിനിമാ ലോകത്തിന്റെ അമ്മ വേഷങ്ങള്‍ക്ക് ശോഭ പകര്‍ന്ന കലാകാരിയ്ക്ക് ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ.
Related News