Web Desk

ബ്യൂണസ് ഐറിസ്

November 26, 2020, 10:08 pm

മറയില്ല മറഡോണ

Janayugom Online

ഡീഗോ മറഡോണ… പന്ത് അവന്റേതാണ്… കളിക്കളം അവന്റേതാണ്… ഇത് മറഡോണയുടെ ലോകമാണ്… മറ്റുള്ളവർ അതിൽ ജീവിക്കുകയായിരുന്നു… അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോക ഫുട്‌ബോളിലെ ഇതിഹാസമായിരുന്നു. കാൽപന്തുകളിയിലെ കവിതയും കലാപവുമായിരുന്നു.

അന്താരാഷ്ട്രഫുട്‌ബോളിൽ അർജന്റീനക്ക് വേ­ണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ കളിച്ചു. ആരാധകർക്ക് ഫുട്ബോള്‍ എന്നാൽ മറഡോണയായി മാറിയപ്പോൾ ജനങ്ങള്‍ക്ക് കാൽപന്തുകളിയിലൂടെ സന്തോഷം പകരുക ജീവിതദൗത്യമായി അദ്ദേഹം കണക്കാക്കി.

ബ്യൂണസ് അയേഴ്‌സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. മറഡോണയുടെ കുടുംബം അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും കുടിയേറിയതായിരുന്നു. പത്താം വയസിൽ തദ്ദേശീയ ക്ലബ്ബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയേഴ്‌സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി.

അർജന്റീനോസ് ജൂനിയേഴ്‌സിൽ കളിക്കുമ്പോൾ മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ അവസാനത്തെ ആയുധമായി കളിക്കാനിറക്കുമായിരുന്നു. 1976 മുതൽ 1980 വരെ അർജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിച്ചു. 111 ഗോളുകൾ സ്കോർ ചെയ്ത മറഡോണ താരപ്രഭയിലേക്ക് ഉയരാൻ തുടങ്ങി. ബൊകാ ജൂനിയേഴ്‌സിലേക്ക് മാറിയ അദ്ദേഹം ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി.

രാജ്യാന്തര ഫുട്ബോളിൽ ഹംഗറിക്കെതിരെ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിക്കാൻ മറഡോണയ്ക്കായി. 1979 ലെ യൂത്ത് ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ചു. അർജന്റീനയ്ക്കായി നാല് ലോകകപ്പുകളിലായി 21 മത്സരങ്ങൾ കളിച്ചു. അഞ്ചുതവണ ലാറ്റിനമേരിക്കയിലെ മികച്ച കളിക്കാരനായി. രണ്ടുതവണ ലോക ഫുട്‌ബോളറായി. 1991 ൽ ലോകകപ്പ് ഫുട്‌ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. തുടർന്ന് 15 മാസത്തേക്ക് ഫുട്‌ബോളിൽ നിന്ന് വിലക്കി. 1997 ൽ 37-ാം വയസിൽ അദ്ദേഹം ബൂട്ടഴിച്ചു.

2008 ൽ അര്‍ജന്റീനയുടെ പരിശീലകനായി ഫുട്ബോളിലേക്ക് തിരിച്ചെത്തിയെങ്കിലും കളിക്കളത്തിലെ പ്രകടനം അദ്ദേഹത്തിന് കാഴ്ചവയ്ക്കാനായില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോളറെ കണ്ടെത്താന്‍ ഫിഫ നടത്തിയ ഇന്റര്‍നെറ്റ് പോളില്‍ പെലെയെ പിന്തള്ളി മറഡോണ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത് ഫുട്ബോൾ ലോകം ഈ നിഷേധിയെ സ്നേഹിച്ചതിന്റെ അളവുകോൽ കൂടിയായി.

Eng­lish sum­ma­ry; sto­ry on maradona