Janayugom Online
smartphone

സ്മാര്‍ട്ട്‌ഫോണ്‍

Web Desk
Posted on November 04, 2018, 9:42 am

നവീന്‍ എസ്
ഗോവിന്ദന്‍ മാഷിനു ദുബായിലുള്ള മകന്‍ അപ്പു പിറന്നാള്‍ സമ്മാനമായി അയച്ചു കൊടുത്തത് ഒരു സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു.
അമ്മയും മകളും രണ്ടു മുറികളിലിരുന്നു ചാറ്റ് ചെയുന്ന വീട്ടിലും, വാട്ട്‌സാപ്പ് മെസ്സേജുകളുടെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും അതിപ്രസരമുള്ള സ്റ്റാഫ് റൂമിലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത തനിക്ക് ഒരു ‘അന്യഗ്രഹ ജീവി’ പരിവേഷമുള്ളത് മാഷിനു നന്നായറിയാം.
ഇന്നേതായാലും സരോജിനി ടീച്ചറും ഗോപി മാഷുമൊക്കെയൊന്നു ഞെട്ടും. ബാഗിലെ തടിപ്പില്‍ കയ്യമര്‍ത്തി മാഷ് ഊറിചിരിച്ചു.
സത്യം പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ വെക്കാന്‍ വേണ്ടി മാത്രമാണ് അയാളീ ബാഗ് കയ്യിലെടുത്തത്. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ അയാള്‍ക്ക് കീശയിലോ അരയിലോ വെച്ച് കയ്യും വീശി നടക്കാന്‍ സാധിക്കുന്നത്ര ചെറുതായിരുന്നു. എന്നാല്‍ വിദേശത്തുള്ള മകന്റെ കഴിഞ്ഞ വരവിലുണ്ടായ ഒരു സംഭവം അയാളുടെ ആ സൗകര്യത്തിന്റെ കടക്കല്‍ കത്തി വെച്ചു.
പഴയ വീട് പൊളിച്ച് അതിന്റെ സ്ഥാനത്തൊരു ഇരുനില മാളിക പണിതത് മകന്റെ കാശു കൊണ്ടാണ്. ഗൃഹപ്രവേശത്തിന്റെ സമയത്ത് അവനു ലീവ് കിട്ടാഞ്ഞതിനാല്‍ ഈ വരവില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായൊരു സത്കാരം ഏര്‍പ്പാട് ചെയ്തിരുന്നു. അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലിരുന്നു ഐസ്‌ക്രീം നുണയുന്നതിനിടയിലാണ് ഗോവിന്ദന്‍ മാഷിന്റെ കീശയില്‍ കിടന്ന് മൊബൈല്‍ റിംഗ് ചെയ്തത്. അയാള്‍ കുറച്ചധികം മെനക്കെട്ടിട്ടാണ് പരമാവധി ഉച്ചത്തില്‍ മുഴങ്ങിയ ‘നോക്കിയ ട്യൂണ്‍’ നിലച്ചത്.
‘കസ്റ്റമര്‍കയറീന്നാ.’
അല്‍പം ജാള്യത പടര്‍ന്ന മുഖത്തോടെ എല്ലാവരെയും നോക്കി പറഞ്ഞു കൊണ്ട് അയാള്‍ ഫോണ്‍ തിരികെ കീശയിലിട്ടു.
‘ഈ ഫോണൊക്കെ ഇപ്പഴും മനുഷന്മാരുപയോഗിക്കുന്നുണ്ടല്ലേ?’
മകന്റെ ടെക്കി സുഹൃത്ത് മൊട്ടത്തലയില്‍ തടവി കൊണ്ട് ചോദിച്ചു.
‘എന്തായാലും ആ റിംഗ് ടോണ്‍…അത് വല്ലാത്തൊരു നൊസ്റ്റാള്‍ജിയ ക്രിയേറ്റ് ചെയ്തു. താങ്ക്യൂ അങ്കിള്‍.’
പറഞ്ഞതെന്താണെന്നു മുഴുവന്‍ മനസിലായില്ലെങ്കിലും മകന്റെ പെണ്‍സുഹൃത്ത് കൈ പിടിച്ച് കുലുക്കിയപ്പോള്‍ അയാളും ചിരിച്ചു.
‘ഒന്നൂല്ലേല്‍ നീയൊരു ഗള്‍ഫുകാരനല്ലെടാ.…അച്ഛനൊരു നല്ല ഫോണ്‍ വാങ്ങിച്ചു കൊടുത്തൂടെ…?’
കൂട്ടത്തിലാരുടെയോ ചോദ്യത്തിന് മറുപടിയായി മകന്‍ വികൃതമായൊരു പുഞ്ചിരി നല്‍കിയത് അയാള്‍ ശ്രദ്ധിച്ചിരുന്നു.
ഏതായാലും, അന്നത്തെ സംഭവത്തില്‍ അയാളുടെ മൊബൈല്‍ ഫോണോളം ചെറുതായി പോയതിനാലാവണീ, ഇതേ വരെ പതിവില്ലാഞ്ഞിട്ടും, മാഷിന് പിറന്നാള്‍ സമ്മാനമെന്ന പേരില്‍ പുതിയൊരു മൊബൈല്‍ മകന്‍ അയച്ചത്. കൈപ്പത്തിയേക്കാള്‍ വലിപ്പമുള്ള അത് സൂക്ഷിക്കാന്‍ അയാളുടെ ചെറിയ കീശയില്‍ സ്ഥലമില്ലാത്തതിനാല്‍ അയാള്‍ക്ക് ബാഗ് എടുക്കേണ്ടി വന്നു.
ട്രെയിനില്‍ കയറിയപ്പോ തന്നെ മാഷിനു സീറ്റ് കിട്ടി. സാധാരണ ഗതിയില്‍ കണ്ണൂര് എത്തും വരെ പത്രത്തില്‍ തല പൂഴ്ത്തിയിരിക്കുന്ന ആളാണ്. ഇന്ന് പത്രം എടുക്കാന്‍ തന്നെ മറന്നു.
മാഷ് കീശയില്‍ നിന്നും ശ്രദ്ധയോടെ ഫോണ്‍ എടുത്തു. തങ്കമണിയെ ഒന്ന് ഞെട്ടിച്ചിട്ടു തന്നെ കാര്യം. ഇന്നലെ കുറച്ചു ബാലപാഛങ്ങള്‍ അമ്മൂട്ടിയോടു ചോദിച്ചു പഠിക്കുമ്പോള്‍ എന്തായിരുന്നു അവള്‍ടെ പരിഹാസം.
‘നായക്ക് മുഴു തേങ്ങ കിട്ടിയ പോലെ കളിക്കണ കളി കണ്ടില്ലേ?’
പണ്ടേ ‘സ്മാര്‍ട്ട്’ ആയതിന്റെ അഹങ്കാരം. അല്ലാണ്ടെന്താ പറയ്വാ.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി ഫേസ്ബുക്കും വാട്‌സാപ്പും ജീമെയിമൊക്കെ പഠിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും അയാളുടെ പഴക്കം ചെന്ന ‘പ്രോസ്സസര്‍’ അതിനൊന്നും വഴങ്ങിയില്ല. ഒടുവില്‍ കാള്‍ ചെയ്യാന്‍ മാത്രം പഠിച്ചു. എന്തായാലും തങ്കമണിയെ ഒന്നു വിളിച്ചിട്ടു തന്നെ കാര്യം. ഇതവള്‍ ഒട്ടും പ്രതീക്ഷിക്കില്ല.
ഫോണ്‍ മുഖത്തിന് നേരെ പിടിച്ചു ചുണ്ണാമ്പ് തേക്കും പോലെ പതുക്കെയൊന്നു തോണ്ടണം.എന്നാലെ അണ്‍ലോക്ക് ആവുള്ളൂത്രേ.
ഇടത്തോട്ടോ വലത്തോട്ടോ? മാഷിനു സംശയമായി.
രണ്ടും കല്പിച്ച് വലത്തോട്ട് തോണ്ടി. സ്‌ക്രീന്‍ ആകെ കറുപ്പ് നിറമായി. പിന്നെ പതുക്കെ ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു.
ഏതാ ഈ കുട്ടി. നല്ല മുഖ പരിചയം തോന്നുന്നല്ലോ.
മാഷ് മനസ്സില്‍ കരുതി.
‘ഡാ കള്ള കെളവാ… പെമ്പിള്ളേരുടെ പടം പിടിക്കാന്‍ ഇറങ്ങിയതാണല്ലേ?
മാഷിന്റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി കൊണ്ടാ ചെറുപ്പക്കാരന്‍ അലറി.
പിന്നെ നടന്നതൊന്നും മാഷിനോര്‍മ്മയില്ല. ഒരു തള്ളലില്‍ മറിഞ്ഞു വീണ മാഷിന് ഏതോ കാലിനടിയില്‍ ഞെരിഞ്ഞമരുന്ന സ്മാര്‍ട്ട്ഫോണിന്റെ ദീനരോദനം കേള്‍ക്കാമായിരുന്നു.