Sunday
17 Nov 2019

വസുന്ധരെയുടെ പരിപാടി കെങ്കേമമാക്കാന്‍ അധ്യാപകര്‍ക്ക് വിചിത്ര നിര്‍ദ്ദേശങ്ങള്‍

By: Web Desk | Tuesday 4 September 2018 9:59 PM IST


vasundhara-raje

ജയ്പൂര്‍: മധ്യപ്രദേശ് തലസ്ഥാനമായ ജയ്പൂരില്‍ ഇന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഴുവന്‍ അധ്യാപകരെയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നതിനായി പുറപ്പെടുവിച്ചിരിക്കുന്ന വിചിത്ര ഉത്തരവുകള്‍ വിവാദമാകുന്നു. 2013 ന് ശേഷം ജോലിയില്‍ ചേര്‍ന്ന അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണമെന്നാണ് ഒരു ഉത്തരവ്. എന്തുകൊണ്ടാണ് ആ വര്‍ഷം കാലയളവ് നിശ്ചയിച്ചതെന്നതിന് പ്രത്യേക കാരണമൊന്നും വിശദീകരിക്കുന്നില്ല. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറിയ വര്‍ഷമാണതെന്നതാണ് യഥാര്‍ഥ കാരണമായി പറയപ്പെടുന്നത്.
അധ്യാപക ദിനത്തില്‍ നടത്തുന്ന പരിപാടി ആയതിനാലാണ് അധ്യാപകര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കുന്നതെന്നാണ് മറ്റൊരു വിശദീകരണം. പങ്കെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും യാത്രാക്കൂലി, ദിനബത്ത എന്നിവ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി വസുന്ധരെ രാജെയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമെതിരെ അടുത്തിടെ കരിങ്കൊടി പ്രതിഷേധമുണ്ടായതുകൊണ്ടാണോ എന്നറിയില്ല, ഹനുമാന്‍ഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയിരിക്കുന്നത് വിചിത്രമായ മറ്റൊരു നിര്‍ദ്ദേശമാണ്. പങ്കെടുക്കുന്ന അധ്യാപകര്‍ ആരും തന്നെ കറുത്ത നിറമുള്ള ഒന്നും ധരിച്ചുകൂടെന്നാണത്. വസ്ത്രം, ചെരുപ്പ്, സോക്‌സ്, തൂവാല, എന്തിന് അരപ്പട്ട പോലും കറുത്ത നിറത്തിലായിരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ ഒരു ദിവസത്തെ വേതനം തടയുമെന്നാണ് ഭരത്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവുകള്‍ വിവാദമായതിനെ തുടര്‍ന്ന് വസ്ത്രത്തെ കുറിച്ചോ വേതനം തടയുമെന്നോ നിര്‍ദ്ദേശമില്ലെന്ന വിശദീകരണവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നരേഷ് ഗാംഗ്‌വാര്‍ രംഗത്തെത്തി. എല്ലാ അധ്യാപകരും പങ്കെടുക്കണമെന്നു മാത്രമായിരുന്നു നിര്‍ദ്ദേശമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വാക്കാല്‍ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്.
പരിപാടിയില്‍ ഓരോ അധ്യാപകരും പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ചുമതലയാണ്. അത് വ്യക്തമായി തിരിച്ചറിയുന്നതിന് ഓരോ വിദ്യാഭ്യാസ ജില്ലയ്ക്കും സ്‌കൂളുകള്‍ക്കും മൈതാനത്ത് പ്രത്യേക സ്ഥലം നേരത്തേ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരിപാടി വിജയിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. അരലക്ഷത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന വലിയ മൈതാനമാണ് അമ്രൂദന്‍ കാ ബാഗ്. സാധാരണമായി രാഷ്ട്രീയപാര്‍ട്ടികളുടെ വന്‍ റാലികള്‍ മാത്രമാണ് ഇവിടെ നടത്താറുള്ളത്. 8.5 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പരിപാടിക്കായി നീക്കിവച്ചിട്ടുള്ളത്.
ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പരിപാടി നടത്തുന്നതെന്നും ബിജെപി അധികാരത്തിലെത്തിയ ശേഷം നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് അവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിനാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്.

Related News