അജ്ഞാതസംഘങ്ങളുടെ മോഷണം അടുക്കളയിലേക്കും; ഇടുക്കിയിലെ ഒരു ഗ്രാമം മുഴുവന്‍ ഭീതിയില്‍

Web Desk
Posted on August 01, 2019, 6:53 pm

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ തടത്തിപ്പടി നിവാസികളുടെ ഭീതി അകലുന്നില്ല. ജനവാസ മേഖലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അജ്ഞാതരായ ചിലര്‍ ചുറ്റിതിരിഞ്ഞിരുന്നതാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്തിവരുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരനായ മണലേല്‍ സലി പറയുന്നു. തടത്തിപ്പടിയിലെ വീടുകളില്‍ നിന്നും വസ്ത്രങ്ങളും ചക്കയും മാങ്ങയുമടക്കമുള്ള വസ്തുക്കള്‍ മോഷണം പോയതോടെ അജ്ഞാതരായ ആളുകളെ സംബന്ധിച്ച് പരാതി ഉയര്‍ന്നു. നാട്ടുകാര്‍ വിവരം വനംവകുപ്പിനും പോലീസിനും ഇന്റലിജന്‍സിനും കൈമാറി.

വനംവകുപ്പുദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കൈതച്ചാല്‍ വനമേഖലയില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച രണ്ട് തവണ അജ്ഞാതര്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കീഴടക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. അതേ സമയം പ്രദേശവാസികളുടെ ആശങ്ക സംബന്ധിച്ച് പൊലീസിനെ വിവരമറിയിച്ചിട്ടും വേണ്ടരീതിയിലുള്ള ഇടപെടല്‍ ഉണ്ടായില്ലെന്ന പരാതി
നാട്ടുകാര്‍ക്കിടയിലുണ്ട്.

ജനവാസ മേഖലയില്‍ നിന്നും ഓടി രക്ഷപ്പെട്ട അജ്ഞാതരെ പോലീസിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ എളുപ്പത്തില്‍ പിടികൂടാമായിരുന്നുവെന്ന് പഞ്ചായത്തംഗം ടി പി വര്‍ഗ്ഗീസ് പറഞ്ഞു.ആളില്ലാത്ത സമയങ്ങളില്‍ വീടുകളില്‍ നിന്നും മോഷ്ടിച്ചിരുന്ന ചക്കയും മാങ്ങയുമുള്‍പ്പെടെയുള്ള വസ്തുക്കളായിരുന്നു അജ്ഞാതരുടെ പ്രധാന ഭക്ഷണവസ്തുക്കളെന്നാണ് നിഗമനം.തിരച്ചില്‍ വ്യാപകമായതോടെ അജ്ഞാതര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടിമാലി പോലീസിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച തടത്തിപ്പടിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.അജ്ഞാതരായ ആളുകളെ കണ്ട് രണ്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രദേശവാസികളുടെ ആശങ്ക അകന്നട്ടില്ല.

YOU MAY LIKE THIS VIDEO