ഫ്ളാറ്റ് പൊളിക്കലിൽ സംസ്ഥാന ഭരണ സംവിധാനത്തെ പ്രതികൂട്ടിൽ ആക്കാനുള്ള മരട് മുൻസിപ്പാലിറ്റി ഭരണക്കാരുൾപ്പടെയുള്ളവരുടെ തന്ത്രം പാളി . ഫ്ളാറ്റ്പൊളിക്കൽ സമീപത്തുള്ള കെട്ടിടങ്ങൾക്ക് പോറൽ പോലും ഏൽപ്പിക്കാതെ പൂർത്തിയായപ്പോൾ സ്ഫോടനം നടത്തിയ കമ്പനികൾക്ക് നന്ദി പറഞ്ഞു നാണക്കേടിൽ നിന്നൊഴിവാകാനാണ് ഇത്തരക്കാരുടെ ശ്രമം .സ്ഫോടനങ്ങൾ കഴിഞ്ഞതോടെ മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിഞ്ഞു വീണതിന് പിന്നാലെ രാഷ്ട്രീയ ‑റിയൽ എസ്റ്റേറ്റ് മാഫിയ പുതിയ അടവുമായി രംഗത്തെത്തി .പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ട്ടങ്ങൾ ഉടൻ മാറ്റി ഭൂമി കൈമാറണമെന്ന ആവശ്യം ഉന്നയിച്ചു പുതിയ സമരമുഖം തുറക്കാനാണ് പുതിയ നീക്കം. പൊളിക്കുന്ന ഫ്ളാറ്റിന്റെ ചുറ്റുപാടുമുള്ള താമസക്കാരെ ഇളക്കിവിട്ട് പൊളിക്കൽ താമസിപ്പിക്കാനും നിയമ പോരാട്ടം വഴി അഴിമതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഫോടനം നടത്തിയ കമ്പനി സ്ട്രക്ച്ചറൽ എൻജിനിയർ എന്നിവർക്ക് നന്ദി പറഞ്ഞവർ നൽകിയ സൂചന സ്ഫോടനം പാളിയെങ്കിൽ അതിന്റെ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നാണ് .
സുപ്രിം കോടതിയുടെ അന്തിമ വിധി വന്നതോടെ ‚ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാനെത്തിയ സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ പരമാവധി അപമാനിക്കാനും നടപടികൾ ഇല്ലാതാക്കാനും മുന്നിൽ നിന്ന മരട് നഗരസഭ അധ്യക്ഷ ടി എച് നദീറയ്ക്ക് ഇന്നലെ സ്നേഹിൽ കുമാർ സിങ്ങിന് നന്ദി പറയേണ്ടി വന്നു .വൻ കെട്ടിടങ്ങൾ പൊളിക്കുന്നതിന് പരാജയം സംഭവിച്ച ലോക ചരിത്രങ്ങൾ ഗൂഗിളിൽ പരതി നിരത്തിയവരും ‚നാഗമ്പടം പാലം പൊളിച്ച സ്ഫോടന പരാജയവും ചൂണ്ടി കാട്ടി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നവർക്കും ഇന്നലെ മിണ്ടാട്ടം മുട്ടി . മരടിലെ സ്ഫോടന ങ്ങളും കെട്ടിടങ്ങളുടെ തകർച്ചയും ചർച്ച ചെയ്ത് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ വിമാനം ഇടിച്ചിറങ്ങിയ സ്‌ഫോടനത്തിലല്ല തകർന്നെതെന്ന സിദ്ധാന്തവുമായി ചിലർ രംഗത്തിറങ്ങി .താഴത്തെ നിലയിൽ സ്ഫോടനം നടക്കാതെ ഒരു ബഹുനിലകെട്ടിടവും താഴത്തേയ്ക്ക് ഇരിക്കില്ലെന്ന വാദമാണ് ഇവർ മുന്നോട്ട് വെച്ചത്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും താമസിച്ചതിന്റെയും പൊളിച്ചത്തിന്റെയും നഷ്ട്ടം സർക്കാരിന് നൽകിയാൽ ബിൽഡർമാർക്ക് അവശിഷ്ട്ടം നീക്കം ചെയ്ത ഭൂമി ഏറ്റെടുക്കാം . ഫ്ളാറ്റ് വാങ്ങുന്നവർക്ക് സ്ഥലത്തിലും അവകാശമുണ്ട്. അതേസമയം, തീരദേശ പരിപാലന നിയമപ്രകാരമുള്ള പ്ളാൻ തയ്യാറാക്കിയാൽ വീണ്ടും ഇവിടെ കെട്ടിട നിർമ്മാണ അനുമതി ലഭിക്കുമെന്ന് നിയമരംഗത്തുള്ളവർ പറയുന്നു. ഫ്ളാറ്റുടമകൾക്ക് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിലുമുണ്ട്. ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നൽകിക്കഴിഞ്ഞു. ഇതിനായി നിർമ്മാതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. അതുപോലെ ഫ്ലാറ്റ് പൊളിക്കലിനെ തുടർന്ന് ആശങ്കയിലായ സമീപവാസികൾക്ക് ആശ്വാസമേകാനാണ് ചെന്നൈ ഐ.ഐ.ടിയിലെ ആറംഗ സംഘം മരടിലെത്തിയത്.ചെറിയ നഷ്ട്ടങ്ങൾക്ക് പോലും പ്രതിവിധി കണ്ടെത്തിവരും . പക്ഷേ മരട് ഞങ്ങൾക്ക് ഒരു പാഠമാണെന്ന് അവർ പറയുന്നു. ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലുണ്ടാകുന്ന പ്രകമ്പനം അളക്കാൻ അവസരം കിട്ടുന്നത് ‚.സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനൊപ്പം, ലഭിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് മരടിന്റെഒരു മാതൃകയും തയ്യാറാക്കും. രാജ്യത്തും പുറത്തും സമാന ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലെ സ്‌ഫോടനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ . സ്‌ഫോടനമുണ്ടാകുമ്പോൾ സമീപത്തെ വീടുകൾക്ക് നാശമുണ്ടാകുമോ എന്ന് അറിയാനാണ് ചെന്നൈ ഐ.ഐ.ടിയുടെ സഹായം സർക്കാർ തേടിയത്. ഇവരുടെ റിപ്പോർട്ടനുസരിച്ചാണ് വീട്ടുകാർക്ക് ഇൻഷ്വറൻസ് തുക ലഭിക്കുക. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനം അളന്ന് നാശത്തിന്റെ തോത് കണ്ടെത്തുകയാണ് സംഘം ആദ്യം ചെയ്തത്.
ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയാണ്ഇന്നലെ നിലംപതിച്ചത്. ഹോളിഫെയ്ത്തിന്റെയും ആൽഫയുടെയും കൃത്യമായ പതനം നൽകുന്ന ആത്മവിശ്വാസമാണ് ഇവർക്ക് മുതൽക്കൂട്ടായത്. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാമതായി ആൽഫ സെറിനും നിലംപൊത്തി.ഇതെല്ലാം കഴിയുമ്പോളും ഹൈക്കോടതിയിൽ നിന്നുണ്ടായ ഇടക്കാലവിധിയിൽ വിശ്വസിച്ചാണ് ഫ്ലാറ്റു കൾ വാങ്ങിയതെന്ന് ചിലർ പരിഭവം പറയുന്നു .പൊളിച്ച കെട്ടിടങ്ങളിലെ പൊടി ചെറുകാറ്റിൽപോലും ചെടികളിൽ നിന്നടക്കം പാറി പറക്കുന്നു .ഈ തകർക്കലിന്റെ പിന്നാലെയുള്ള വിവാദ കാറ്റുകൾ ഉടനെങ്ങും ശമിക്കുമെന്ന് കരുതാൻ വയ്യ .
English summary: Strategy to Counter Flat Demolition Government; Critics with praise
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.