ജില്ലയിലെ തെരുവ് നായകളുടെ ശല്യം രൂക്ഷമായി

Web Desk
Posted on October 15, 2017, 6:05 pm

കോഴിക്കോട്: തെരുവ് നായ്ക്കളെ പിടിച്ചുകൊണ്ട് വന്ന് വന്ധ്യം കരിക്കുന്നതിന് ബാലുശ്ശേരി വട്ടോളി ബസാര്‍ മൃഗാശുപത്രിയില്‍ ആരംഭിച്ച തെരുവ് നായ വന്ധ്യംകരണ യൂണിറ്റ് പ്രവര്‍ത്തനം ഇനിയും ആരംഭിച്ചില്ല. യൂണിറ്റിലേക്ക് ആവശ്യമായ വെള്ളം എത്തിക്കാനുള്ള സൗകര്യം ഒരുങ്ങാത്തതാണ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകാത്തതിന് കാരണം.
ജില്ലയിലെ തെരുവ് നായകളുടെ ശല്യം രൂക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. വടകരയില്‍ അടുത്തിടെ നിരവധി പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ തെരുവ് നായ്ക്കള്‍ മനുഷ്യരെ അക്രമിക്കുന്ന സംഭവങ്ങള്‍ ദിനം പ്രതി വാര്‍ത്തയാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വട്ടോളി ബസാര്‍ മൃഗാശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജില്ലാ പഞ്ചായത്ത് വന്ധ്യം കരണത്തിനുള്ള ഓപ്പറേഷന്‍ യൂണിറ്റും മറ്റ് സംവിധാനങ്ങളും വട്ടോളിയില്‍ ഒരുക്കിയത്. ഇവിടേക്ക് വെള്ളം എത്തിക്കാനുള്ള കിണറും പമ്പ് ഹൗസും നേരത്തെ തന്നെ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കാനാണ് കാലതാമസം ഉണ്ടായത്. ഇതോടെ പദ്ധതി തന്നെ പാതിവഴിയിലായി. വെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. വെളളം ലഭിച്ചുതുടങ്ങിയാല്‍ പൂര്‍ണ്ണമായ തോതില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് മൃഗാശുപത്രി അധികൃതര്‍ പറയുന്നു.