Thursday
18 Jul 2019

ലാസ്യം… മോഹനം… ചിലങ്കയണിയുന്ന സ്വപ്‌നങ്ങള്‍…

By: Web Desk | Wednesday 14 November 2018 4:48 PM IST


പി എസ് രശ്മി

 പി എസ് രശ്മി

ചിലങ്കയണിഞ്ഞെത്തുന്ന സ്വപ്‌നങ്ങള്‍ക്ക് ചുവട് വെയ്ക്കുക… പഠിച്ചും പഠിപ്പിച്ചും നൃത്തത്തെ ജീവിതത്തോട് ചേര്‍ത്തു വെയ്ക്കുക.. ഗുരുവായും ശിഷ്യയായും നൃത്തത്തെ ഉപാസിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ എല്ലാ തിരക്കുകളും നൃത്തത്തിന് മാത്രമായി മാറ്റിവെച്ചിരിക്കുകയാണ് അഞ്ജലി ഹരിയെന്ന നര്‍ത്തകി. ഒരേ സമയം പത്മാസുബ്രമണ്യത്തിന്റെ ശിഷ്യയായും കലാകളരിയിലെ അധ്യാപികയായും മാറുമ്പോഴും അവിടെ നൃത്തം മാത്രം. പരമ്പരാഗത ശൈലിയെ കാത്ത് സൂക്ഷിച്ച് പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് ഈ നര്‍ത്തകി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയും അഞ്ജലിയുടെ നൃത്തം ഏറ്റെടുത്തു കഴിഞ്ഞു.

പ്രിയപ്പെട്ട സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുവെയ്ക്കുന്ന പതിവാണ് ഇപ്പോള്‍ അഞ്ജലിയെ ശ്രദ്ധേയയാക്കിയത്. അങ്ങിനെയാണ് തീവണ്ടിയിലെ ജീവാംശമായ്..എന്ന ഗാനത്തിനും നൃത്തരൂപം നല്‍കിയത്. പ്രിയപ്പെട്ട അധ്യാപികയുടെ നൃത്തം കലാകളരിയിലെ വിദ്യാര്‍ഥികള്‍ തന്നെ ക്യാമറയിലാക്കി യുട്യൂബിലിടുകയായിരുന്നു. പിന്നെ അഞ്ജലി പോലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഓരോ ദിവസവും ലഭിച്ചത്. സ്‌കൂളിന്റെ പേജായ കലാകളരിയില്‍ പോസ്റ്റ് ചെയ്ത ആദ്യദിവസം തന്നെ ആ വീഡിയോ കണ്ടത് മൂന്നു ലക്ഷം പേരാണ്. മാത്രമല്ല തീവണ്ടിയുടെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ നൃത്തം കണ്ട് അഭിനന്ദിച്ചത് തനിക്ക് നല്‍കിയ സന്തോഷത്തിന് അതിരില്ലെന്ന് അഞ്ജലി പറയുന്നു.

കൂടൂതല്‍ ഗാനങ്ങള്‍ക്ക് നൃത്തരൂപം ചിട്ടപ്പെടുത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടതനുസരിച്ച് അടുത്തിടെ ഹിറ്റായ 96 ലെ കാതലേ ..കാതലേ എന്ന പാട്ടിനും നൃത്തമൊരുക്കിയിരുന്നു. തന്റെ നൃത്തത്തിന് ജനങ്ങളില്‍ നിന്ന് പ്രോത്സാഹനം കിട്ടുന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും അഞ്ജലി പറയുന്നു. മാത്രമല്ല സിനിമകളിലേക്കും അവസരങ്ങള്‍ തേടിയെത്തുന്നുണ്ട് ഈ നര്‍ത്തകിയെ. കോട്ടയം പുതുപ്പള്ളി സ്വദേശിനി അഞ്ജലി ഹരി മൂന്ന് വയസുമുതല്‍ നൃത്തം പഠിക്കുവാന്‍ തുടങ്ങിയതാണ് . സുരേഖാ ഹരിയുടെ കീഴില്‍ നൃത്തത്തിന്റെ ആദ്യചുവടുകള്‍ പഠിച്ച അഞ്ജലി ഇപ്പോള്‍ ഡോ. പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. ഒപ്പം എംഎഫ്എ ഭരതനാട്യം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്.

ഭരതനാട്യം, മോഹനിയാട്ടം, കഥക് എന്നിവയാണ് അഞ്ജലി ചെയ്യുന്നത്. ഭരതനാട്യത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ശാസ്ത്രീയ നൃത്തം പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സിനിമാറ്റിക്ഡാന്‍സിനെയും അഞ്ജലി പൂര്‍ണമായും തള്ളിക്കളയുന്നില്ല. 800 ലധികം വേദികളില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. കലോത്സവ വേദികളിലും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ നടത്തി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. കലാകളരിയെന്ന നൃത്തവിദ്യാലയം നടത്തുന്ന അഞ്ജലി കോട്ടയം പള്ളിക്കൂടം സ്‌കൂളില്‍ നൃത്ത അധ്യാപികയുമാണ്. കലാകളരിയില്‍ മൂന്ന് വയസു മുതല്‍ 65 വയസു വരെയുള്ള 400 ഓളം വിദ്യാര്‍ഥികളുണ്ട് . നൃത്ത പഠനത്തിനായി അഞ്ജലി തിരക്കിലാകുമ്പോള്‍ വിദ്യാര്‍ഥികളില്‍ മിടുക്കരായവര്‍ തന്നെ നൃത്ത ക്ലാസുകളുടെ മേല്‍നോട്ടം വഹിക്കും. വിദ്യാര്‍ഥികളുടെ പൂര്‍ണ പിന്തുണയും ഈ അധ്യാപികയ്ക്കുണ്ട്. ഒപ്പം കുടുംബത്തിന്റെയും . മാധ്യമപ്രവര്‍ത്തകനായ ഹരിപ്രസാദാണ് ഭര്‍ത്താവ്. നാലു വയസുകാരനായ മകന് ഒപ്പം ചെലവഴിക്കാനും അഞ്ജലി നൃത്തത്തിനൊപ്പം തന്നെ സമയം കണ്ടെത്തുന്നു. ഇനിയും നൃത്തത്തില്‍ കൂടൂതല്‍ പുതുമകള്‍ കൊണ്ടുവരാനാണ് അഞ്ജലിയുടെ ശ്രമം. വ്യത്യസ്തമായ ഒരു നൃത്ത ശില്‍പം ഒരുക്കണമെന്ന ആഗ്രഹം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. നൃത്തപഠനത്തിന്റെയും അധ്യാപനത്തിന്റെയും ഇടയില്‍ ഇതിനായി സമയം നീക്കിവെയ്ക്കുകയാണ് വെല്ലുവിളി. എങ്കിലും നൃത്തത്തിനായി കണ്ട സ്വപ്‌നങ്ങളൊന്നും പാതി വഴിയില്‍ ഉപേക്ഷിച്ച ശീലം ഇല്ലാത്തതിനാല്‍ ഈ ആഗ്രവും സഫലമാകുമെന്ന വിശ്വാസത്തിലാണ്. നൃത്തത്തിന്റെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള അഞ്ജലിയുടെ യാത്ര തുടരുകയാണ്.